Skip to main content

ഇല ജലം എന്നിങ്ങനെ നിലത്തുവീഴൽ

ഇല പോലെ നിലത്തുവീണ മുദ്ര,
നൃത്തം വെച്ച് തിരയും
കുച്ചുപ്പുടി നർത്തകനായ ദൈവം

മണ്ണിൽ,
ജലത്തിനും നിലത്തിനും
ഇടയിൽ,
വേരിൻ്റെ മുദ്ര പോലെ മരം 
ഒരു പക്ഷേ മണ്ണിൽ പരതി
കാണിച്ചുകൊടുക്കുന്നത്

കാലിൽ, പ്രാചീനമായ ചിലമ്പുകൾ 
എഴുതി പഠിക്കും താളത്തിൽ
വാള് വളയും ഇടങ്ങളിൽ 
ദൈവം മുദ്രകൾ 
സൗകര്യപൂർവ്വം അവഗണിക്കുന്നു

ഒരുപക്ഷേ
പ്രാർത്ഥനകളും

കൂടുതൽ ഒച്ചകൾ ദൈവം
നിറങ്ങളിൽ എടുത്തണിയുന്നു
ഒരു പക്ഷേ വെളിച്ചപ്പാടിനെപ്പോലെ

ദൈവത്തിൻ്റെ കൈയ്യിലിരുന്ന് വാള്
അവഗണകളിലേക്ക് മാത്രം
വളയുന്നു
വെയിലേറ്റ് മൂർച്ച മാത്രം  തിളങ്ങുന്നു

തിളങ്ങുന്നുണ്ട് ദൈവവും
രാത്രി നക്ഷത്രമാകുവാൻ 
പോകുമോ ദൈവം എന്ന് സംശയിക്കുവാൻ വേണ്ടി മാത്രം
എനിക്കുള്ളതെല്ലാം രാത്രിയാവുന്നു

പട്ടിൻ്റെ ചോപ്പ്
ക്ഷമയുടെ മുദ്രയുള്ള കാറ്റ്
ജലമുദ്ര ധ്യാനമുദ്ര
എന്നിങ്ങനെ 
ചക്രവാളങ്ങളിൽ തൊടും കടൽ

വേദപുസ്തകങ്ങളിൽ ചെന്ന് തട്ടി
സത്യപ്രതിജ്ഞകൾ 
നിസ്സഹായരായി തിരിച്ചുവരുന്നിടത്ത്

പരമ്പരാഗതമായി ദൈവം
ആണയിടുന്ന താളം മാത്രം
കള്ളമാവുന്നതാവണം

മുരിങ്ങ മരത്തിൻ്റെ ഇല പോലെ വിശ്വാസികൾ കൊഴിയുന്നതിൻ്റെ
പ്രതിഫലനങ്ങൾ ദൈവങ്ങളിൽ

എന്നിട്ടും
എന്ത് രസമാണ് 
ദൈവം,
നൃത്തം ചെയ്യുമ്പോൾ
കാല് നിലത്തുതൊടുന്നത് കാണുവാൻ

കാല് നിലം എന്നിങ്ങന്നെ
അപരാഹ്നങ്ങൾ

വിരൽത്തുമ്പ് വട്ടം
മുരിങ്ങ മരത്തിൻ്റെ ഇല പോലെ
ഇരുട്ടിൻ്റെ വട്ടത്തിൽ രാത്രി മാത്രം 
നിലത്ത് തൊടുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!