തിരകളുടെ തടി കയറ്റിയ
ലോറി കണക്കേ
ഒന്ന് മുന്നോട്ടെടുത്തു
കടൽ
മുറുക്കങ്ങൾക്ക് പിറകിൽ
തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും
പക്ഷിയാവും ഭാഷ
അതിൻ്റെ ചിറക് വൃത്തിയാക്കും
പക്ഷി കണക്കേ
തൻ്റെ ഓരോ തിരകളും
ജലകൊക്ക് കയറ്റി,
വൃത്തിയാക്കി കിടക്കും കടൽ
തൻ്റെ ഓരോ ചലനത്തിനും
മുകളിൽ കയറിനിന്ന്
കടൽ അതിൻ്റെ ചിനപ്പ്
ചികയുന്നു
നനപ്പ് കുടയുന്നു
അരികിൽ,
സുതാര്യത നോക്കി
പിന്നിലേക്കെടുക്കും ജലം
ലീപ്പ് ഈയറിൻ്റെ ചാലിലൂടെ
ഒഴുകിപ്പോകും ഫെബ്രുവരി
നോക്കിനിൽക്കേ
കലയായി
ചന്ദ്രനെ കയറ്റിയ ആകാശം,
ഒന്ന് പിന്നിലേക്കെടുക്കുന്നു
ഒന്ന് പിന്നിലേക്കെടുക്കും,
പെരുന്നാളും
അവയുടെ
പിന്നിലേക്കെടുക്കുന്നുണ്ടാവുമോ
വഴിയരികിൽ വീടുകൾ
അതിലെ ഏതെങ്കിലും
പ്രിയപ്പെട്ട ജനാലകൾ
പിന്നിലെ രാത്രി
ധ്യാനത്തിൻ്റെ സൈഡ് വ്യൂ
മിററിൽ നോക്കി
അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും
ഓരോ ബുദ്ധശിൽപ്പവും
ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക്
തീർച്ചയായും ഉണ്ട്,
പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ
കുയിലുകൾ കൃത്യമായി
അവയുടെ പുള്ളികൾക്കരികിൽ,
കൂവും മുമ്പ്
ചെയ്ത് വെയ്ക്കുന്നത്
ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു
ഒരു പക്ഷേ ചെയ്ത
എല്ലാ ആദിമരതികളും
അതിൽ പങ്കെടുത്ത്
പിന്നിലേക്കെടുക്കും വണ്ണം
ഒരു നിമിഷം,
സൈഡ് പറയുന്നുണ്ടാവണം
എഴുതിക്കൊണ്ടിരിക്കും കവിതയും
ഒന്ന് നിർത്തുന്നു,
എൻ്റെ ഭാഷ മാത്രം ഒന്ന് പിന്നിലേക്കെടുക്കുന്നു.
ഒരു ദശാബ്ദത്തിനു ശേഷം യാദൃച്ഛികമായി ബ്ലോഗിൽ കയറിയപ്പോഴാണ് താങ്കൾ പിന്നിലേക്കെടുത്തത്. ശരിയ്ക്കും പിന്നിലേക്കെത്തിയപോലെ. ഈ നിമിഷത്തേക്കു മാത്രം ഈയുള്ളവനും സൈഡ് പറയുന്നു. പോരട്ടെ... പോരട്ടെ എന്ന്... വാക്കുകൾ തീരുവോളം അതിവിടെ നില്ക്കട്ടെ....
ReplyDeleteസുഖാംശംസകൾ💕🙏
ശരിക്കും ഗൃഹാതുരത്തത്തിൻ്റെ ഓർമ്മകൾ ബ്ലോഗ് കാലത്തിൻ്റെ അതേ ഭംഗി സന്തോഷം സ്നേഹം
Delete