Skip to main content

പഞ്ഞിക്കായകൾ ശ്മശാനങ്ങൾ

കാതുകളുടെ കാട്
മുഖങ്ങളെല്ലാം മൃഗങ്ങൾ
നഗ്നത,
മനുഷ്യരെ മാത്രം ആക്രമിക്കുന്നു

തുറന്നയിടങ്ങൾ നഷ്ടപ്പെടും മനുഷ്യർ എന്ന ലേഖനത്തിൽ
അപകർഷതാ ബോധത്തിനും പിന്നിൽ 
മൃഗങ്ങളെ പിന്തുടരുകയായിരുന്നു

ലജ്ജ പെറ്റുകിടക്കും
ഉടലിന്റെ മടയിൽ
പിന്തുടരുന്നതിന്റെ സടവെച്ച് കളിക്കും
നഗ്നതയുടെ കുഞ്ഞുങ്ങൾ 

പൂക്കളും നഗ്നതയും
അവയുടെ 
ആറുമണി ശ്മശാനങ്ങളും

നഗ്നതയുടെ 
കൊത്തുപണികളുള്ള ശിൽപ്പശാല 
പതിയേ ശ്മശാനമാകുന്നു
പൂക്കളുടെ വർഗ്ഗീയത സംസാരവിഷയമാവുന്നു

പങ്കെടുക്കുന്നവരെല്ലാം
പൂക്കളുടെ നഗ്നതക്കരികിലിരിക്കുന്നു
പൊടുന്നനെ നഗ്നതയില്ലാത്ത ഒരാൾ
കടന്നുവരവുകളുടെ അതിഥി

ഓരോരുത്തരും 
അവരവരുടെ
ശ്മശാനത്തിന്റെ അരികിലിരിക്കുന്നു

ഒരൊറ്റ ആശ്ചര്യചിഹ്നത്തെ മാത്രം
ഓരോരുത്തരും
താഴേക്കിറക്കുന്നു

ഓരോരുത്തരും അവരവരുടെ ആശ്ചര്യചിഹ്നത്തിന്റെ
അതിഥി

ഒരാശ്ചര്യചിഹ്നത്തേ മാത്രം ഉൾക്കൊള്ളും വിധം
അതിശയം മാത്രമാവും മനുഷ്യൻ

കടന്നുവരവിൽ നീല പുരട്ടി
ആകാശം ഇന്നൊരിത്തിരി സാവകാശം

ഒരു പൂർണ്ണവിരാമത്തെ കണ്ട്
മൃഗത്തെപ്പോലെ മുരളും
ആരുടേതുമല്ലാത്ത ഒരാശ്ചര്യചിഹ്നം

അതിഥികൾക്ക് സമാന്തരമായി
രൂപപ്പെടുന്നതെന്തും
പൂവാകുന്നതിൽ നിന്നും നഗ്നതയെ
ശലഭങ്ങൾ മാത്രം തടയുന്നു

അടക്കുവാനാകാതെ നഗ്നത മാത്രം
ബാക്കിയാവും വിധം
ശ്മശാനങ്ങൾ മാഞ്ഞുപോകുന്നു

മജ്ജകളുടെ ലൈബ്രറിയിൽ
എല്ലുകൾ എടുക്കുന്നതെന്തും
ഉടലുകൾ വായന എന്നിവയുടെ അടുക്ക്

ലജ്ജകളുടെ ബുദ്ധൻ
ശംഖുപുഷ്പഭാഷയുടെ ഉടമ

ഉന്മാദശിൽപ്പങ്ങൾ മറിച്ചുനോക്കിയിരിക്കും
ആകാശത്തിന്റെ അർദ്ധനഗ്നത

നിന്നെയൊന്നു മറിച്ചുനോക്കുന്നുണ്ട്
നീന്തലിന്റെ പുസ്തകം എടുക്കുവാൻ
വരും മീനുകൾ

ദീർഘദൂരയാത്രയുടെ നിശ്വാസമുള്ള
എന്റെ കാതിന്റെ മീൻ നീന്തിച്ചെല്ലും
ശംഖ്പുഷ്പബുദ്ധനോട്

ജാലകങ്ങളിൽ നിന്നും 
നോവ് എത്തിനോക്കും അഴിയുള്ള
കടി കൊടുത്തുവിടുന്നു
ഇനിയും ഒരു ഉടലും നഗ്നതയുമറിയാത്തത്

വെള്ളാരങ്കല്ലിന്റെ ധ്യാനമുള്ള
വിരൽത്തുമ്പിലെ ശംഖുപുഷ്പബുദ്ധൻ
ആവർത്തിക്കുന്നു
ശംഖുപുഷ്പഭാഷകളുടെ ഉടമ

ഐസ്പോലെ അലിയും 
ജാലകം തുറക്കുന്നു
അലിയും മുമ്പ് അഴികളിൽ
മുറുകേ പിടിക്കുന്നു

ഓരോ വിരലുകളും അതിശയത്തിന്റെ
ലായനികൾ

ഓരോ വിരലുകൾക്കും
ഓരോ ശ്മശാനങ്ങൾ,
അതും മാഞ്ഞുപോയത്
വിരലുകൾ അത് മാത്രം തിരയുന്നു

മഞ്ഞിന്റെ ആത്മാക്കളെപ്പറ്റി
അപ്പൂപ്പന്താടിയോട്
 പ്രണയത്തിലാവുന്നതിനേപ്പറ്റി
പഞ്ഞിക്കായോട്

ചന്ദ്രന്റെ അതിഥി എന്ന നിലയിൽ
ചന്ദ്രക്കലയിൽ പങ്കെടുക്കുന്നു
മടങ്ങുന്നു

മിനുങ്ങുന്നതിന്റെ തൊട്ടിലിൽ
മിന്നാംമിനുങ്ങുകൾ മയങ്ങുവാൻ
കിടക്കുന്ന നേരത്ത്

പഞ്ഞി മരത്തിന്റെ ഇല,
ചന്ദ്രനാവുന്നതിന്റെ സാധ്യതകളേപ്പറ്റി

തുണികൊണ്ടുള്ള നിലാവ്
രാത്രി ആലോചിക്കുന്ന ശബ്ദത്തിൽ

മഞ്ഞിന്റെ മടക്കത്തിൽ
ചന്ദ്രനും പങ്കെടുക്കുന്നു
പലായന ചന്ദ്രൻ
എന്ന പേരിൽ മഞ്ഞ് തടയുന്നു

പലായനങ്ങളുടെ മാറുള്ള
അമ്മയുടെ മടിയിൽ 
കുഞ്ഞെന്ന പോലെ ചന്ദ്രൻ

ശലഭങ്ങളുടെ,
അപകർഷതാബോധത്തിൽ തൊടുന്നു
എന്റെ അപകർഷതാബോധത്തിനാണ്
കൂടുതൽ ഭംഗി എന്ന് വിചാരിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!