ശരത്ക്കാലത്തിന്റെ തുടക്കമായിരുന്നു അന്ന് ശരീരത്തിന്റെ തുടക്കം പോലെ അത് മഞ്ഞിനെ നിർവ്വചിച്ചു അവസാനം മറച്ചുവെയ്ക്കുന്ന ജീവനെപ്പോലെ വേരിനെ പൂഴ്ത്തിവെയ്ക്കുന്ന മരത്തിനെപ്പോലെ അന്തരീക്ഷത്തിൽ അത് എന്നെയും നിന്നേയും ലയിപ്പിച്ചു ഉറക്കത്തിൽ പൂഴ്ത്തിവെയ്ക്കുന്ന ശരീരം ഉറക്കത്തിന്റെ ഐസ് കട്ടകൾക്കിടയിൽ ശരീരത്തിനെ മീനിന്റെ രൂപം വരച്ച് കിടത്തി ഉണർത്തുന്നതിന്റെ പൂച്ചയെ അരികിൽ ഉരുമിയിരുത്തി അത് കാവലിനെ കാത്തിരിപ്പിന്റെ നാവുകൊണ്ട് നക്കിത്തുടച്ചു പുലരിയെ നക്കുന്ന പൂച്ച പോലെ വെളിച്ചത്തെ നക്കിത്തുടച്ചു സൂര്യൻ പകലിന്റെ കുഞ്ഞുങ്ങളെ കടിച്ചെടുത്ത് ഉച്ചകടന്നു സൂര്യൻ സമയം, നിറമുള്ള ഒരു കുഞ്ഞുവളയം നിലത്തുനിന്നും കുനിഞ്ഞെടുക്കുമ്പോൾ കളഞ്ഞുകിട്ടി ആളില്ലാത്ത ഒരു സ്പന്ദനം നിലത്തിട്ടു അവഗണിച്ചു സ്പന്ദനത്തെ മറ്റുനിറങ്ങളിൽ പരിസരങ്ങളിൽ ഇനിയും വീണുകിടക്കുന്നുണ്ടാവാം വളയങ്ങൾ എന്ന് മനസ്സ് പറഞ്ഞു പിന്നേയും തിരഞ്ഞു പിന്നേയും കിട്ടി മറ്റു നിറങ്ങളിൽ പരിസരത്തിന്റെ മനസ്സിന്റെ കുഞ്ഞുവളയങ്ങൾ കുനിഞ്ഞെടുത്തു നിവരുന്നതിന്റെ ശിൽപ്പമായി, ചരിത്രം സായാഹ്നം ഒരു സർക്കസ് കൂടാരം വിഷാദത്തിന്റെ വളയങ്ങളിൽ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...