Skip to main content

ഏത് രാജ്യത്തിൻ്റെ ഭരണഘടനയാണ് ഏകാന്തത



തൊട്ടിൽ എന്നും താരാട്ടെന്നും
അതിൻ്റെ ആന്ദോളനധർമ്മം പൂർത്തിയാക്കി 
ഓരോ വാക്കും മടങ്ങുന്നിടത്ത്
ഒരു ഇന്നലെ നീക്കിയിട്ട്
വെളിച്ചത്തിൻ്റെ അതിഥിപോലെ
ജനാലയിരിക്കുന്നു

ഒരു ശിൽപ്പം,
ബുദ്ധനെ സംശയിക്കുന്നത് പോലെ
ഞാൻ എൻ്റെ നിശ്ചലതയെ സംശയിച്ചു
തുടങ്ങുകയായിരുന്നു

പുറത്ത്,
കുലകുലയായി പിടിച്ചുകിടക്കും,
മുമ്പ് എന്ന വാക്കിൻ്റെ കണ്ണിമാങ്ങകൾ
പൂക്കുലകൾക്കിടയിൽ തോറ്റിവരും
ഗൃഹാതുരത്തങ്ങൾക്കരികിൽ
കൗമാരത്തിൻ്റെ എത്തിനോക്കിക്കുരുവി

കണ്ടിട്ടുണ്ടോ തുടക്കത്തിൻ്റെ
അഴികളുള്ള ജനാല

ജനലഴികൾക്കരികിൽ
ഉടൽ ഒരു തൂവാലയാകും വീട്
മേഘങ്ങൾ,
പലായനവിഗ്രഹങ്ങൾ
ആകാശം നിശ്ചലതയുടെ ജങ്കാർ

അയയിൽ ഇറ്റുവീഴും തുള്ളികൾക്കരികിൽ
കഴുകിയിട്ട ലുങ്കി

മടങ്ങിപ്പോക്കുകളുടെ 
കളം കളം ലുങ്കിയിൽ നിന്ന് മടങ്ങിപ്പോകുവാൻ
ഇനിയും കൂട്ടാക്കാത്ത അതിലെ ഒരു കളം

അത് ഉടുത്ത് അഴിച്ചിട്ട
പെയ്ത്ത് വണ്ണമുള്ള ഉടൽ
പുരയ്ക്ക് വെളിയിൽ
ഒരു പക്ഷേ ജനൽ ഉടുത്തിട്ട് 
അഴിച്ചിട്ട വീട് പോലെ പകൽ

മുറ്റത്ത്
മഴ നനഞ്ഞ മാവിലകൾക്കരികിൽ
ഊരിയെടുക്കാവുന്ന വിധം
ഇറ്റുവീഴും മഴത്തുള്ളികൾ

മഴയുടെ പെയ്ത്ത്ബോർഡ് കഴിഞ്ഞാൽ
മഴയിലേക്കുള്ള ദൂരം കുറിച്ചിട്ട
മഴയുടെ മൈൽക്കുറ്റിയായി

തെരുവിന് പുറത്ത് നിറയും മാവിലയും ആലിലകളും

മൈനയിൽ,
നീലപൊന്മാനിൽ പൊതിഞ്ഞ്
മാവിലയിൽ ഒഴുക്കിവിടും
മഞ്ഞയിൽ നീലകലർന്ന ഒരുവാക്ക്
ഒരു പക്ഷേ പക്ഷിയായിട്ടുണ്ടാവണം
എന്നെങ്കിലും

എല്ലാ വാക്കുകളും മുറിഞ്ഞത്
നീക്കിവെക്കുവാൻ ആരുമില്ലാത്ത വിധം
തത്തമ്മക്കുരുവുള്ള എൻ്റെ ഭാഷ

തണ്ണിമത്തൻ മുറിച്ച് 
അതിലൊരുഭാഗം
മുന്നിലേക്ക് നീക്കിവെക്കുംമ്പോലെ
വെയിൽ നാലായി മുറിക്കുന്നു
പകലിൻ്റെ കുരുവുള്ള ഒരു ഭാഗം
സൂര്യന് മുന്നിലേക്ക് നീക്കിനീക്കി വെയ്ക്കുന്നു

മാവിലയിൽ എടുത്ത ഉമിക്കരി പോലെ
കാലം മാവിലയിൽ എടുക്കും ഭാഷ 
മാവിലകളിൽ അതിൻ്റെ ഒഴുകിപ്പോക്ക്

പുറത്ത്
എപ്പോഴും സ്തുതിയുള്ള ഭാഷ
ചെറുപ്പക്കാരായ വാക്കുകളെ
ആരോ ഒരാൾ എന്നോ
കുമ്പസാരക്കൂട്ടിലേക്ക് ആനയിച്ചിട്ടുണ്ട്
ഉറപ്പ്

ഒരു മരം, 
ചില്ല അകത്തേക്ക് എടുക്കുമ്പോലെ
ഒരു പക്ഷേ സൂര്യൻ്റെ ഒരു ഗൂഡാലോചന
പകലാവുന്നത് പോലെ
ഗൂഢാലോചനകളുടെ ഒരു ചാരുകസേരയാകും പകൽ

ജാലകം നനച്ച് വിരിച്ച്
കലഹക്കല്ലുകൾ വെച്ച്
പേജ്നമ്പരുകളുടെ കൊക്കുകൾ
താളുകളിലേക്ക് ഊളിയിട്ട്
കവിത തുളുമ്പും ഒരു വാക്ക്
കൊത്തിയെടുത്ത് വിഴുങ്ങുന്നു
എൻ്റെ ഭാഷയും പക്ഷികളും

ആത്മാഭിമാനത്തിൻ്റെ ഇലകൊഴിച്ചി മരം

ഒരു കല്ലും വീഴാനിടയില്ലാത്തിടത്ത്
നോട്ടം കൊണ്ട് 
ഒരോളം സൃഷ്ടിക്കുവാനാകും നിശ്ചലതയുടെ ജലമാകും ജാലകം

നിശ്ചലതയുടെ നാലുമണിപ്പൂക്കൾ
വിരിയുന്നതിൻ്റെ അനിശ്ചിതത്ത്വത്തെ
എല്ലാ ചലനങ്ങളിലും തൊടും സമയത്തിൻ്റെ സൂചിയാക്കി
കൃത്യമെന്ന വാക്കിന് മുന്നിലും പിന്നിലും
ചാലിച്ച്, ഒരു പക്ഷേ കൂർപ്പിച്ചും

കൂർപ്പുകളുടെ സ്വയംജലം
മുറിവുകളുടെ ഘടികാരം
റിഹേഴ്സൽ കഴിഞ്ഞ തീവണ്ടികൾ,
ഷോട്ടിന് തയ്യാറായി നിൽക്കുന്ന
നടീനടൻമാരെപ്പോലെ

ഉടൽ പെൻഡുലത്തിൻ്റെ ചമയങ്ങളിടുന്നു
ആട്ടങ്ങൾക്ക് പിന്നിൽ
തിരശ്ശീലകൾ കാന്തങ്ങൾ

ദൈവത്തിൻ്റെ തീരുമാനമെടുക്കും പക്ഷി
അതിൻ്റ ചതുരകടലാസുതുണ്ടുകളിൽ
പറക്കാവുന്ന വിധവും
നനയാവുന്ന വിധവും
ഒരുപ്രക്ഷേ ചിലച്ചിട്ടുണ്ടാവണം
എന്നെങ്കിലും

സമഗ്രം എന്ന വാക്യഘടനക്കും താഴെ ആത്മീയം എന്ന 
പദത്തിനും സമാന്തരമായി,
ഒരുപക്ഷേ മേഘോൽപ്പത്തിയിൽ
തൊടുംവിധം

വീണ്ടും വീണ്ടും 
ഒരു പ്രവചനങ്ങളും ശ്രദ്ധിക്കാത്ത 
ഒരു എക്സിറ്റ്പോൾ ജീവിയാകുകയാവണം ഉടൽ

അഴികളുള്ള ജാലകം,
വെയിൽവരുമ്പോഴെല്ലാം സത്യപ്രതിജ്ഞ ചെയ്യുമ്പോലെ

വിരലോരങ്ങളിൽ 
ചേർത്ത്പിടിക്കലിൻ്റെ ഭരണഘടന
വീടിന്നപ്പുറം ഉടൽ,
ഏകാന്തതയുടെ അംബേദ്ക്കർ

ആകാശമായതാവണം
ഗ്രാമമെന്ന പക്ഷിയെടുക്കും ഇടവേള
തുറക്കുന്ന പുസ്തകത്തിൻ്റെ ആദ്യതാളിൽ നിന്നും പറന്ന് പൊങ്ങും
ഭരണഘടനപ്പക്ഷികൾ

വിശ്വസിക്കണം
നെഞ്ചോട് ചേർത്ത്
ഒരബേദ്ക്കർ ഏകാന്തത
എൻ്റെ രാജ്യത്തെ ഭരണഘടന 
കൊണ്ട് നടക്കുന്നുണ്ടാവണം
വളരെ നിശ്ശബ്ദമായി

കേട്ടിട്ടുണ്ടോ വളരുന്ന നിശ്ശബ്ദത?

കാണാം
വെയിൽകടന്നുവരും ജനാലവീട്,
ഭരണഘടന നെഞ്ചോട്ചേർത്തുപിടിച്ച
അംബേദ്ക്കറുടെ ചിത്രം
വീടിനോട് ചേർത്തുപിടിക്കുകയാവണം
ഓരോ ജനാലയും.

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ