Skip to main content

ദാഹത്തിന്റെ ഒരദൃശ്യദൃശ്യം


ദാഹിക്കുന്നുണ്ടാകണം

പെയ്യാറായ മേഘങ്ങൾ
മുകളിലുണ്ടെങ്കിലും
ചുവർമടക്കി
ഘടികാരം
താഴേയ്ക്ക് നീളുന്നു

അതിൽ നിന്നും
നിലത്തിറങ്ങി
വെള്ളം കുടിയ്ക്കുന്ന
സമയം

സമയം നീളുന്നു

ഒരരിപ്രാവിനെപ്പോലെ
കുറുകുന്ന
വെള്ളം

വെള്ളത്തിന്റെ കണ്ണുകളിൽ
സമാധാനത്തിന്റെ
ദാഹം

പ്രാവുകളിൽ
കലങ്ങി മറിയുന്ന
വെള്ളത്തിന്റെ തൂവലുകൾ

തൂവലുകൾക്ക്
പിന്നിൽ
പറന്നിറങ്ങിയത് പോലെ
എല്ലും തോലുമായി
വന്നിറങ്ങുന്ന
സമാധാനത്തിനേക്കാൾ
മെലിഞ്ഞ
ഒരു മനുഷ്യൻ

മനുഷ്യനെന്ന നിലയിൽ
ഇനിയും
അയാൾ
മെലിഞ്ഞു തീർന്നിട്ടുണ്ടാകില്ല

അയാളുടേതല്ലാത്തമാതിരി
പുറത്തിറങ്ങുന്ന
അയാളുടെ എല്ലും തോലും

അവ
പ്രാവിനെ പോലെ
ചിറകടിച്ച്
വെവ്വേറെ ഇടങ്ങളിൽ
വെവ്വേറെ നിറങ്ങളിൽ
സമാധാനപരമായി
വെള്ളം കുടിയ്ക്കുന്നു

അയാൾക്ക് കൂടിയ്ക്കുവാൻ പാകത്തിന്
ഇനിയും വെള്ളം
നേർപ്പിക്കപ്പെടേണ്ടതുണ്ടാവും

അതിനായി ഒരിടത്തരം മഴ
ഇനിയും പെയ്യേണ്ടതുണ്ടാവും
അത് വരെ കാത്തിരിക്കുന്നതെല്ലാം
വേഴാമ്പലാക്കപ്പെടുന്നതാവും

നിശബ്ദത കൊണ്ട്
തല തോർത്തുന്ന മാതിരി
തോരുന്ന മഴയുടെ ഒച്ച

വെള്ളം നനയുന്നു
വെള്ളം നേർക്കുന്നു
വെള്ളം തണുക്കുന്നു
വെള്ളത്തിന് കുളിരുന്നു
വെള്ളം ദാഹം പുതയ്ക്കുന്നു

കുടിയ്ക്കുന്തോറും
വെള്ളമാകുന്ന പ്രതിഭാസമാകണം
മനുഷ്യൻ

ഒന്ന് ചരിച്ചാൽ
വെള്ളം കിട്ടിയേക്കാവുന്ന കിണറിലേയ്ക്ക്
നടന്നിറങ്ങി പോകുന്ന
അയാളുടെ ആഴം

ദാഹം ശമിച്ച ഒരാളുടെ
ഹൃദയം
തോർന്ന മേഘങ്ങളുടെ
അരക്കെട്ടാവണം

അതാവും
അയാളുടെ
അരയിൽ കിളിർക്കുന്ന
ഒറ്റ വിത്തിന്റെ അരഞ്ഞാണം

അതിൽ പറന്നു വന്നിരിക്കുന്ന
ഒരായിരം കിളികൾ
അവ പ്രാവുകളായി പോകാതിരിയ്ക്കുവാൻ
പല നിറങ്ങളിൽ
പല തൂവലുകളിൽ
പല പറക്കലുകളിൽ
പല ആകാശങ്ങളിൽ
നടപ്പിൽ
എടുപ്പിൽ വരെ
ചിറകടിച്ച് പാടുപെടുന്നു

അനേകം കിളികളുള്ള ഒരാൾക്ക്
വാടകയ്ക്ക്
കൊടുക്കുവാനാകണം,
ഉടലിന്റെ വരൾച്ചയിൽ
ദാഹത്തിന്റെ
ഒരു നിലകൂടി
ദേഹത്തു പണിയുന്ന
ഒരുവൾ

അവളുടെ
വാരിയെല്ലുകളിൽ
കൂട് കൂട്ടുന്ന
ചുമകൾ

അതൊന്നും
ശ്രദ്ധിക്കാതെ
സമാധാനത്തിന്റെ
ഞരമ്പുകളിലേയ്ക്കുള്ള
രക്തയോട്ടം നിർത്തി
ചെടികൾ പൂവിട്ട് നിൽക്കുന്ന
സ്വന്തം ഉടലിൽ
ദാഹം ശമിച്ച ഒരാൾ
വിരലുകളുടെ വെള്ളച്ചാട്ടം
കണ്ടിരിയ്ക്കുന്നു.....

Comments

  1. വെള്ളത്തിന്റെ കണ്ണുകളിൽ
    സമാധാനത്തിന്റെ ദാഹം ...

    ReplyDelete
  2. The concretisation of thirst is superb!.Congrats

    ReplyDelete
  3. ദാഹം അതാണ് പ്രശ്നം.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.