Skip to main content

Posts

Showing posts from September, 2014

നാളെ

എന്നെ കുഴിച്ചിടാൻ പോകുന്ന ഇടം കാട്ടാൻ നിന്റെ കൈയ്യും പിടിച്ചു ഇന്നലെയിൽ നിന്ന് നാളെയിലേയ്ക്ക് നടക്കുന്നു നമ്മൾ നമ്മൾ നടക്കുന്നിടം എല്ലാം വഴി അവിടെയെല്ലാം ഭൂമി നഷ്ടപ്പെട്ട മണ്ണ് പൊടിപടലങ്ങൾ ഒഴുക്ക് മറന്ന പുഴകൾ അവയ്ക്ക് കുറുകെ പാതി കെട്ടി പൂർത്തിയാക്കാൻ മറന്ന അൽഷിമേർഴ്സ്  എന്ന ഡാം അതിൽ നീന്തലറിയാത്ത മത്സ്യകുഞ്ഞുങ്ങൾ ഒഴുക്ക് പഠിപ്പിച്ച് മീൻകുഞ്ഞുങ്ങൾക്കു തിരിച്ചു കൊടുക്കാൻ അതിലൊരു പുഴയെ നരയാക്കി തലയിൽ ചൂടുന്ന നീ   ചില്ലകൾ ഉണങ്ങിയ മറ്റൊരു മരം അതിനിടയിൽ അതിനെ ഒരിലയിൽ പൊതിഞ്ഞെടുക്കുന്ന നീ നമ്മുടെ കാല്പാടുകൾ കണ്ണീരിൽ കുഴച്ചു കുളമ്പടി യൊച്ചയാക്കുന്ന കാലം നമ്മൾ കുതിര വേഗത്തിൽ എന്നിട്ടും ഇരുട്ടുന്ന നേരം അണഞ്ഞ ദീപം കൊണ്ട് സൂര്യനെ തിരയുന്ന നമ്മൾ അസ്തമിച്ച സൂര്യന്റെ ശീതികരിച്ച വെയിൽ നിലാവിന്റെ നിറം പുരട്ടി പാതി പകൽ എന്ന് പറഞ്ഞു വെയ്ക്കുന്ന ഞാൻ അത് കേട്ട്  മിണ്ടാതിരിക്കുന്ന നീ അപ്പോൾ ഒച്ച വെയ്ക്കുന്ന എന്റെ കാതുകൾ വാക്കുകൾ കൊണ്ട് മുറിഞ്ഞ  മുറിവുകളെ  ചോര കൊണ്ട് പരസ്പരം കെട്ടുന്ന നമ്മൾ വേദന പകുക്കുന്ന നമ്...

സൂര്യനില്ലാത്ത ഒരുച്ച

സൂര്യനില്ലാത്ത ഒരുച്ചയെ ക്കുറിച്ച്  ചിന്തിച്ച്  തെരുവിൽ ഉരുകുകയാണ് മനുഷ്യർ പരിഹാരമായി തലേന്നത്തെ വെയിലെടുത്ത് വച്ച് വിയർപ്പിൽ കുഴച്ചു സൂര്യനെ ഉണ്ടാക്കാനാവുമോ എന്ന് ഒരു ചർച്ച പൂർണമായും പാകമാകാത്ത സൂര്യനെ രാത്രിയിൽ ചന്ദ്രനെന്നു തെറ്റിധരിക്കുമോ എന്ന് ചിലരുടെ ആശങ്ക കൂട്ടി വച്ച് വെയിലാക്കുവാൻ നിലാവിനെ മിന്നാമിന്നികൾ കള്ളക്കടത്ത് നടത്തുമോ എന്ന് പൊടിപൊടിക്കുന്ന മറ്റൊരു സംസാരം കിട്ടാനാവാതെ വന്നേക്കാവുന്ന ഉണക്കമീനിനെ കുറിച്ച് കടൽത്തീരങ്ങളിലെ  പുകയുന്നആകുലത കരയ്ക്ക് പിടിച്ചിട്ട ഒഴുക്കിൽ   മീനിന്റെ മണം പുരട്ടി നോക്കാമെന്ന് ചിലർ മഴയുടെ ചില്ലിട്ട ചിത്രം പതിച്ച കറുത്ത നിറം പുരട്ടാൻ മറന്ന നരച്ച തെരുവുകൾ അതിൽ സൈക്കിളിൽ സഞ്ചരിക്കുന്ന കാറുകൾ  അവയിൽ നിന്ന്  മുൻവിളക്കുകൾ തീവ്രമായി പ്രകാശിപ്പിച്ചു  സൂര്യനെ ഉണ്ടാക്കി എടുക്കാനുള്ള  തത്ര പ്പാടിലാണ്   ഒരു കൂട്ടം മുതലാളിമാർ ബാറുകൾ പൂട്ടുമ്പോൾ സൂര്യനില്ലാത്ത ഒരുച്ച ഉറക്കത്തിൽ സ്വപ്നം കണ്ടു വെളിവില്ലാതെ നിലവിളിക്കുന്നുണ്ട്‌ നട്ടപ്പാതിരയ്ക്ക് ഒരു നാട്