ഒറ്റയ്ക്ക് നിന്ന് മുഷിഞ്ഞ മുളംതണ്ട് മഴയിൽ നിന്ന് ഒരു തുള്ളി വെള്ളമെടുത്ത് ഇരുളിൽ നിന്ന് ഒരൊറ്റ നിറവും അടർത്തിയെടുത്തു മഴവില്ല് കൊഴിഞ്ഞ മുഹൂര്ത്തം നോക്കി വായു രൂപത്തിൽ ഒരു മുരളി ഉണ്ടാക്കുന്നു അതിലേക്കു ഹൃദയം എന്നോ ദൂരെ ഏതോ മരക്കൊമ്പിൽ ഒളിപ്പിച്ച അസ്തമയകിളി ആരോ മറന്ന മയിൽപീലിയുമായി ഓർമ്മ ചിറകിൽ പറന്നു വരുന്നു ഒരു രാഗം എഴുന്നേറ്റ് ഒഴിഞ്ഞു കൊടുത്ത ഉഷ്ണസുഷിരത്തിൽ കൃഷ്ണന്റെ നിറത്തിൽ അത് അനിശ്ചിതത്ത്വത്തോളം വലിയൊരു കൂടുണ്ടാക്കുന്നു എന്നിട്ട് മുട്ടയുടെ ആകൃതിയിൽ പാട്ട് പാടുന്നു കാറ്റത് കേട്ട് താളം പിടിക്കുന്നു ദൂരെയൊരു വൻമരം കോമരം തുള്ളുന്നു അത് കണ്ടും കേട്ടും നേരം വെയിലിനോടൊപ്പം കറുത്തിരുളുന്നു കറുത്ത വെയിലിനെ അന്നത്തേയ്ക്കു വായുവിൽ കുഴിച്ചു മൂടി എന്നും അടുത്ത ദിവസം മാത്രം നറുക്കെടുക്കുന്ന നാളെയെന്നൊരു ഭാഗ്യക്കുറിയും വാങ്ങി ചുവന്ന സൂര്യൻ ബന്ധങ്ങളുടെ ഭാരമില്ലാതെ കടന്നു പോകുന്നു കണ്ണ് കാണാതെ പിടി വിട്ട് താഴേക്ക് വീണു പോകുമോ എന്നൊരു പേടി ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...