Skip to main content

കള്ളക്കഥകൾ

പ്രാർത്ഥന
പാടങ്ങൾ പോലെ പകുത്ത രാജ്യങ്ങളുടെ അതിരുകൾ..
നേർത്ത വരമ്പായി  സ്നേഹ മഴയിൽ വീണ  മടപോലെ
ഒലിച്ചു പോയെങ്കിൽ....
പ്രാർത്ഥിച്ചത്‌ അതിർത്തിയിൽ നോക്ക് കുത്തിയായി പാറാവ്‌ നിന്ന് തളർന്ന തോക്ക് 

മിന്നൽ പുഴ
ഭൂമിയിലെ മിന്നലായിരുന്നു പുഴ
ഓരോ വർഷ കാലത്തും ഒന്ന് കനത്തു
മിന്നി വളഞ്ഞു പുളഞ്ഞു ഒഴുകി
കണ്ണിനു മുന്നിൽ കണ്ണീരു പോലെ ഒലിച്ചു പടർന്നു മാഞ്ഞു പോയി

കണ്ണും കാതും
കണ്ണ് മുഖത്തുനിന്നു എപ്പോഴും പുറപ്പെട്ടു പോകും
അത് കൊണ്ടാവും വെളിച്ചം കണ്ണായി അവതാരം എടുത്തപ്പോൾ വെളിച്ചം നിയന്ത്രിക്കുന്ന  ജാലക വാതിൽ ഇമയായി കൂട്ട് വന്നത് അതിൽ പ്രതിഷേധിച്ചാവും  കറുപ്പിലും വെളുപ്പിലും കണ്ണ് ഇപ്പോഴും ജീവിക്കുമ്പോൾ നിറമുള്ള കാഴ്ചകൾ കണ്ടതായി കളവു പറയുന്നത്..
കാതു ആരു വന്നാലും എന്ത് കേട്ടാലും സ്വീകരിക്കും
അതാവും എവിടെയും വിളിക്കാതെ കയറി വരുന്ന കാറ്റു
കാതായി അവതാരം എടുത്തത്‌  

മനുഷ്യന്റെ വാല് 
മനുഷ്യന് എന്തേ വാലു കിട്ടിയില്ല?
തലയിരുന്നിട്ടും ആട്ടുവാൻ വാലില്ലാതെ
തല കുത്തിയിരുന്ന് ആലോചിച്ചു
വളഞ്ഞു പുളഞ്ഞു തല ആട്ടിയും ചരിച്ചും ചിന്തിച്ചു
അപ്പോഴും നേരെ നിന്ന് ചിന്തിച്ചില്ല
അവസാനം ഒരു ഉത്തരവും നേരേ നില്ക്കുന്നില്ല
എന്ന് കണ്ടപ്പോൾ കുഴലിൽ ഇടാൻ മിനക്കെടാതെ
ഉത്തരം ഉറപ്പിച്ചു.
ഇനി എന്തിനു മറ്റൊരു വാൽ? തലയും നട്ടെല്ലും കാലും കയ്യും മുഖവും ഉണ്ടെങ്കിലും
ഒരിക്കലും നേരേ ആവാത്ത ആരുടെയെങ്കിലും വാലു തന്നെ അല്ലേ മനുഷ്യൻ

ഇസങ്ങൾ
ദൈവത്തിന്റെ പരസ്യം ഉണ്ടെന്നു കരുതി
മതം മുതലാളിത്തം നടപ്പിലാക്കിയാൽ കമ്മ്യൂണിസത്തിനും അത്
ആത്മീയം.
കറുപ്പ് പണ്ടായിരുന്നു ഇപ്പൊ സുഖശീതളിമയുടെ ബഹുരാഷ്ട്ര കളറിൽ കാണുമ്പോൾ മതം ആത്മീയം.
മനുഷ്യന്റെ പരസ്യം കൊടുത്തു മതം നടപ്പിലാക്കിയാൽ അത് കമ്മ്യൂണ'ലി'സം.

മതം ഏതായാലും കമ്മ്യൂണിസം നന്നായാൽ മതി എന്ന് ജാഥ നടത്തിയാൽ അത് സോഷ്യലിസം.

മനുഷ്യൻ ഇല്ലെങ്കിലും സമ്പത്ത് ഉണ്ടായാൽ മതി എന്ന് മേലനങ്ങാതെ പറഞ്ഞാൽ അത് മുതലാളിത്തം.

വിധിയുടെ ലിപി 
ഒന്നുമില്ലാത്ത "പൂജ്യവും" എല്ലാറ്റിലും ഉള്ള "ഒന്നും" ചേർന്ന് ബൈനറി ഭാഷയിൽ ലളിതമായി എഴുതിയിട്ടും..വെളുപ്പും കറുപ്പും നിറങ്ങൾ ആയിട്ടും നിറങ്ങൾ തേടുന്ന വിധിക്ക് മാത്രം ഇരുട്ടിൽ വായിക്കാൻ കഴിയുന്ന ബ്രൈലി ലിപി തന്നെ ജീവിതം

പുഴയുടെ വ്യാകരണം
പുഴ ആദ്യം ഒരു വല്യ അതിശയം തന്നെ ആയിരുന്നു!!!
പിന്നെ എന്തേ അത് വളഞ്ഞു പുളഞ്ഞു ഒരു  ചോദ്യ ചിഹ്നം?
പിന്നെ ഒഴുക്കിന്  ഒരു വിരാമം ആയി.
പിന്നെ ഒരു കണ്ണീർപാട് അവശേഷിപ്പിച്ചു തേങ്ങൽ പോലെ ഇല്ലാതെയായി

കാലന്റെ പാസ്റ്റ് ടെൻസ് കാമൻ
കാമൻ കാലന്റെ ഭൂതമാണ്‌
തൊഴിലുറപ്പ് പദ്ധതി പ്രകാരം കാലന്റെ പണി ഉറപ്പിക്കുന്ന വർത്തമാനം
കാമനേയും കാലനേയും ദേവനായി കണ്ടു ഒരു പോലെ വരച്ച വരയിൽ നിർത്തുന്ന ശിവനാണ് ജീവിതം 


Comments

  1. കഥ!!
    പിന്നേം വിചിത്രം

    ReplyDelete
  2. അജിത്‌ ഭായ് വളരെ വളരെ നന്ദി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വിഷാദത്തിൻ്റെ കുറുകലുകൾ ഉള്ള അസ്തമയത്തിൻ്റെ പ്രാവുകൾ

നിന്നിലൊരു പുഴയുണ്ടെന്ന് കണ്ടെത്തിയതിൽ പിന്നെ കണ്ടെത്തലുകളുടെ  മീൻകണ്ണുള്ള ജലം കണ്ടെത്തലുകളേ മീൻമിനുക്കമേ ഒറ്റൊക്കൊറ്റക്കുള്ളപ്പുഴയൊഴുക്കേ വെള്ളാരംകല്ലടുക്കേ എന്നിങ്ങനെ,  അതിൻ്റെ മറികടക്കലുകളേ കുറിച്ച് കൂടെയൊഴുകലുകളേ കുറിച്ച് മാറിൽ പറ്റിച്ചേർന്ന് കിടന്ന് മീനുകൾക്കൊപ്പം ആലോചിക്കുന്നു അരയോളം മീൻ ആലോചിക്കുന്നു അരയ്ക്ക് താഴേക്ക് ജലം എന്ന് മീനാലോചന  ആലോചന ചരിച്ച് കളഞ്ഞ ജലം. മീനിൻ്റെ നഗ്നതയിൽ  നാണത്തോടെ തൊടുമ്പോൾ കവിത ഇടപെടുന്നു വിശ്വസിക്കുമോ മീനിൻ്റെ ആലോചനയോളം മനോഹരമാണ് ഇപ്പോൾ ജലം പ്രാവുകൾ കുറുകും പോലെ മീനുകളുടെ നഗ്നതക്കരികിൽ ജലം കുറുകുന്നു അതും തുള്ളികളിൽ  പറന്ന് പറ്റിയിരുന്ന് മീനിൻ്റെ ആലോചന വന്ന ജലം എന്നെനിക്ക്  അത്രയും പ്രീയപ്പെട്ടെ ഒരാളോട് അടക്കം പറയാമെന്ന് തോന്നുന്നു പുഴ അതിൻ്റെ ഒഴുക്കിൻ്റെ അടക്കം നിന്നോട് പറയുമെങ്കിൽ നിൻ്റെ കാതൊഴുക്ക് ഇപ്പോൾ എനിക്ക് കേൾക്കാം ഒരു പക്ഷേ നിൻ്റെ അരക്കെട്ടൊഴുക്ക് നീ അടക്കിപ്പിടിക്കും വിധം പൗരാണികതകൾ മറികടക്കുമ്പോൾ പ്രതിമകൾ അതിൻ്റെ ശിൽപ്പഭംഗി അടക്കിപ്പിടിക്കുമ്പോലെ  നിന്നിൽ ഒരേ സമയം സംയമനം പിന്നെ അതിൻ്റെ  പിറന്നപടിയുള്...