Skip to main content

Posts

Showing posts from September, 2019

മൂന്നാമത്തെ മകൻ രാമൻ

തീപിടിച്ചു പടരല്ലേ വിരലുകളാണെന്ന് പറഞ്ഞു മനസ്സിലാക്കി ഉടലിനെ കവിതയായില്ലേ എന്നു തിരിച്ചുചോദിച്ചു കുഴച്ചു തിരിച്ചുവെച്ചു വിരലുകൾ. മണ്ണിൽ കൊഴിഞ്ഞു കിടന്നു കണ്ണുകൾ നുള്ളി പ്പെറുക്കിയെടുത്തു തിരിച്ചുപോയി അണ്ണാറക്കണ്ണൻമാർ. വഴികളുണ്ടായി വിരലുകൾ ഒഴുകിപ്പോയ മൂന്ന് വരകൾക്കടിയിലൂടെ ഊറിയിറങ്ങി തരിശ്ശായി കിടന്നു ഉടലുകൾ കടലുകളുണ്ടായി എന്ന്, എഴുത്ത് തുളുമ്പി അരുതരുത് വിരലുകൾ തടഞ്ഞു ഏറ്റവും പുതിയനര വളർന്ന് ആ വരി പൂർണ്ണമായും മായ്ച്ചു ആ നര കൊഴിഞ്ഞുവോ എന്ന് മാത്രം മായുന്നതിന് മുമ്പ് ഉറപ്പിച്ചൂ വരി. പത്തിടങ്ങളിൽ പത്തുടൽ കൂട്ടിവെച്ച് പത്തുതലയുള്ള അണ്ണാൻ ഓരോ തലയ്ക്കും പത്തുവാലുകൾ പത്തു നരകൾ ചിലച്ചും ചലിപ്പിച്ചും അനുവദിച്ചു. തലയാട്ടി ഞാൻ ശരിവെച്ചു. എട്ടാമത്തെ വിരൽ വന്നു നൂത്തുതൊട്ടു ദൈവം മഴയെ ഞാൻ രഹസ്യമായി അംഗീകരിച്ചു. പരസ്യമായി നനഞ്ഞു മഴ വൃദ്ധനായി. നിറമിളകിപ്പോയതിന്റെ പാട് ചിരിയായി മാഞ്ഞുകിടന്നു മുഖത്ത്. കുടഞ്ഞു കളഞ്ഞു പുലരി ചാരം വാരാൻ അമ്മയ്ക്ക് വിരലുകൾ സമ്മാനിച്ചു മൂന്നാമത്തെ മകനാവുന്നു രാമൻ.