Skip to main content

Posts

Showing posts from April, 2018

ഇത്തിരി വൈകി വന്ന ആകാശം

ചിറകിൽ തീ പിടിച്ച പക്ഷി പിടിച്ച തീയേ, ഉടലായി കൊണ്ടുനടക്കുന്നു ഇപ്പോൾ തീയും ഉടലും നീയും ഞാനുമാകുന്നു പക്ഷി, നമ്മൾ പൂരിപ്പിക്കാതെ ഒഴിച്ചിട്ട ആകാശത്തിലെ ഒരിടവും പെയ്യാൻ ഒരായിരം തുള്ളികൾ കൊണ്ട് പതിവ് പോലെ വൈകിയ മഴ നമ്മുടെ ഉടലുകൾ മേയുന്ന കാടാകുന്നു ഇന്ന് നല്ലമീനൊന്നും കിട്ടീല്ലെടിയേ ഒരിത്തിരി ഒണക്കമീൻ വാങ്ങിച്ചു എന്ന പരാതിയിൽ, കക്ഷത്ത് ചുരുട്ടി  വെച്ചിരിക്കുന്ന ഒരു കഷ്ണം കടലാസിൽ എന്നേയും നിന്നേയും തീയേയും കിളിയേയും ഒരു നെടുവീർപ്പിൽ പൊതിഞ്ഞെടുത്തിരിക്കുന്ന ഒരാളാകുന്നു; ഒരിത്തിരി വൈകി വന്ന ആകാശം.

സ്റ്റോപ്പ്

രണ്ട് ചിത്രശലഭങ്ങളുടെ സ്റ്റോപ്പുകൾ രണ്ടെന്ന അക്കം തന്നെ ഒറ്റയ്ക്കൊറ്റയ്ക്ക് ഓരോ സ്റ്റോപ്പാകുന്നു ഒന്നിച്ച് ഒരുമിച്ച് രണ്ടാകുമ്പോൾ ഒറ്റയ്ക്ക് ഒരൊറ്റ കാത്തുനിൽപ്പും 2 മുമ്പിലും പിറകിലുമായി ഇരമ്പിച്ച് കൊണ്ടുനിർത്തുന്ന രണ്ടാകാശങ്ങൾ ഓരോ ചിത്രശലഭങ്ങളും രണ്ട് ആകാശങ്ങളിലുമായി ഒറ്റയ്ക്ക് ഒറ്റയ്ക്ക് കയറിപ്പോകുന്നു അതിൽ രണ്ടാമത്തെ ആകാശം ഒന്നാമത്തെ ആകാശത്തെ ഓവർടേക്ക് ചെയ്യുന്നിടത്തുവെച്ച് സോളമൻ പ്രണയം കൊടുക്കുന്നത് പോലെ ഞാൻ അവളെ ഇറുക്കി മുറുക്കി കുലുക്കി മുത്തുന്നു ഞങ്ങൾ രണ്ട് മുന്തിരിക്കുലകൾ 3 ഇപ്പോൾ ആകാശം രണ്ട് കന്യാസ്ത്രീകൾ ഞങ്ങൾ പരസ്പരം കുരിശ് വരയ്ക്കുന്ന രണ്ടു പുതിയ ഉടലുകൾ ശലഭങ്ങൾ, ആകാശം മറിച്ചുനോക്കുന്ന രണ്ടു ബൈബിളാകുന്നു ഞങ്ങൾ ഒരൊറ്റ ഏകാന്തത മറിച്ചുനോക്കുന്ന രണ്ടാത്മാക്കൾ.