ചന്ദ്രനാകുവാൻ
തുടങ്ങുകയായിരുന്നു
മുമ്പ് എന്ന അക്കം
മുമ്പ് ഒരക്കമല്ല
തടഞ്ഞു ഞാൻ
മാനത്തിനെ ചന്ദ്രനേ
മൂന്നൊഴികേയുള്ള
അക്കങ്ങളേ
ഏത് ചുവരിനും
ഏത് കാലത്തും കലണ്ടറാകാം
അവധിയെന്ന നുണ
അതിലുണ്ടാവണമെന്ന് മാത്രം
എല്ലാ കലണ്ടറുകളേയും അവയുടെ
ഓർമ്മയേയും കാലം ബോധവൽക്കരിക്കുന്നു
എല്ലാ അവധിദിനങ്ങളും നുണകളാവുന്നു
പ്രവർത്തിദിനങ്ങൾ അക്കങ്ങൾ കൊണ്ട്
ആണയിടുന്നു അവ തീയതികളാവുന്നു
പതിനാല് വരെ കാത്തിരിക്കുവാൻ
മാനത്തിനോട്
ആവശ്യപ്പെടുകയായിരുന്നു
പതിനാലെന്ന അക്കത്തെ
പതിയേ ചന്ദ്രനാക്കുന്നു
ഏത് ചുവരിനും കലണ്ടറാവാം
നുണകൾ അതിൽ അവധിയായി
വേണമെന്ന് മാത്രം
പ്രവർത്തിദിനങ്ങൾ ആവർത്തിക്കുന്നു
ചലനങ്ങൾ കൊണ്ട് തീർത്ത അക്കം
നൃത്തമാവുന്നത് പോലെ
അക്കങ്ങളുടെ നൃത്തമാണ്
മാസമുറയുടെ കലണ്ടറേ
എന്ന് ഞാനവളെ അഭിസംബോധന ചെയ്യുവാൻ ഒരുങ്ങുകയായിരുന്നു
അവൾ എല്ലാ അഭിസംബോധനകൾക്കും
അതീത
പതീതപാവന എന്ന വാക്ക്
ഭജനിൽ നിന്നും കടം വാങ്ങുന്നു
സത്യം തടയുന്നു
ഗാന്ധിജി ഉപയോഗിച്ചിട്ടുണ്ട്
എന്ന ഒഴിവുകഴിവ് നിരത്തുന്നു
മുറിഞ്ഞ അഹിംസ മാത്രം
നോക്കിനിൽക്കുന്നു
അത് ഒന്നും തടയുന്നില്ല
ഗാന്ധിജിയിൽ നിന്ന് അകന്ന്
നേരിനോടും നേരത്തോടും
അടുത്ത്
അതിന് ഒന്നും പറയുവാനില്ല
ചെയ്യുവാനും
ഹിംസയുടേതാണ് കാലം
ഹിംസകൾ അസാധാരണമാം വിധം മഹത്വവൽക്കരിക്കപ്പെട്ടിരിക്കുന്നു
സത്യപ്രതിജ്ഞകൾ വരെ ചെയ്യുവാൻ
ഉപയോഗിക്കുന്നു
ദൈവം ഒരു നുണയാണോ?
സബ്കോ സൻമതി ദേ ഭഗവാൻ
കേട്ടുകേട്ടു
ഭഗവാൻ നുണകളുടെ കടക്കാരൻ
സൂര്യനെ തടയുന്നു
ചന്ദ്രനെ മുൻകൂർ കടമായി വാങ്ങുന്നു
നീലപ്പൊന്മാനുകളുടെ ഉന്തുവണ്ടി മാനവും
മേഘങ്ങളുടെ ഉന്തുവണ്ടി ഞാനും
തള്ളുന്നു
ഗാന്ധിജി അപ്പോഴും
എല്ലാ പ്രതിമകളിലും നിശ്ചലൻ
ദൈവം നുണകളുടെ
ഉന്തുവണ്ടിക്കാരൻ
രാത്രി മാത്രം ഇത്തിരി വെട്ടത്തിൻ്റെ തട്ടുകടക്കാരനും
അപ്പോൾ മുകളിൽ
തലക്കും മുകളിൽ
ഉന്ത് വണ്ടിക്ക് വെളിയിൽ
റാന്തൽ പോലെ ഇന്നലെയിലേക്കും
ഇന്നിലേക്കും ആടുന്ന ചന്ദ്രൻ
ഓരോ ഉന്തുകളിലും നുണ മുന്നിലേക്ക് മുന്നിലേക്ക് പോകുന്നു
ദൈവം പിന്നിലേക്ക്
പിന്നിലേക്ക് ആട്ടം തുടരുന്നു
ചില യാഥാർത്ഥ്യങ്ങൾ നൃത്തങ്ങളാണ്
അതിനാൽ ഞാൻ വെക്കാതിരിക്കുന്നു
എന്ന് ആടുന്ന ദൈവം,
പിന്നിലേക്ക് നോക്കി മൊഴിയുന്നു..
നിശ്ചലമാകുമോ ദൈവവും?
Comments
Post a Comment