ശലഭങ്ങളുടെ കവല
എൻ്റെ വിരലുകൾ ശലഭങ്ങളാകുവാൻ
പോകുന്ന ചൂണ്ടുപലക
നീലകളുടെ കവലയാവണം മാനം
ഞാൻ വിരലിന്നരികിൽ
ശൂന്യത കൊണ്ട്
നീലയിലേക്ക് മാത്രം
ഒരു ചൂണ്ടുപലക ഇറക്കിവെക്കുന്നു
ഏറ്റവും പുതിയ മഴ പെയ്യുന്ന ഇടം
ഏറ്റവും പഴയ മഴ അതിൻ്റെ ചുണ്ടുപലകകൾ
ചുംബനങ്ങളുടെ പാർക്കിലേക്ക്
ശലഭങ്ങൾ ചുണ്ടുകൾ നിറങ്ങളിൽ കൊണ്ട് പോകുന്നു
ഉടലുകളുടെ നാൽക്കവല
ഉമ്മകളുടേതും
മേഘങ്ങൾ വഴികൾ കൊണ്ട് വരുന്നു
മഴകളെ അവ പതിയേ വഴിതെറ്റിക്കുന്നു
മീൻ നീന്തി ജലം സൃഷ്ടിക്കുന്നത് പോലെ
സൃഷ്ടിയുടെ അരികിൽ
അതിൻ്റെ ശൂന്യത
ഒരു പക്ഷേ വഴിതെറ്റിച്ചേക്കാം
വഴിതെറ്റിയേക്കാം
തെറ്റിയവഴികളിൽ ഉടലുകൾ,
ഒരായിരം ചൂണ്ടുപലകകൾ!
Comments
Post a Comment