Skip to main content

ഇരുട്ടിൽ അമാവാസിയുടെ ഒരു തെന്നിനീങ്ങൽ



മുഴുമിക്കുവാനായിട്ടില്ല 
ഒരു രാത്രിയും എനിക്ക് 
എന്നിട്ടും 

അടച്ച് വെച്ച ചന്ദ്രക്കല പോലെ
വായന ഞാൻ ഉപേക്ഷിക്കുന്നു
അതും മാനത്ത്
ബാക്കി വന്ന  ഇരുട്ട് ഞാനയക്കുന്നു

ഒരു പക്ഷേ വീണ്ടെടുക്കുവാനായാൽ
നിശ്ശബ്ദതയുടെ ആഴത്തിലേക്ക് 
വീണുപോയ ഒരാൾ എന്നെങ്ങാനും

മുരടനക്കുമ്പോൾ
തൊണ്ടയിൽ 
മുന്നിലേക്കും പിന്നിലേക്കും 
തെന്നിനീങ്ങും ഒരു കല പോലെ
കൃത്യമായി പറഞ്ഞാൽ
ഏകാന്തതയുടെ തെന്നിനീങ്ങൽ
നിശ്ശബ്ദതയുടേതും

കാണാനാവുമോ
ഇരുട്ടിൽ അമാവാസിയുടെ തെന്നിനീങ്ങൽ
രാത്രിയുടെ കഴുത്തിൽ
ഇരുട്ടിൻ്റെ ഉയർന്നുതാഴ്ച്ചകൾക്കിടയിൽ

ഇരുട്ടിൻെറ തെന്നിനീങ്ങൽ ഇരുട്ടിൽ 
കേട്ടേക്കാം
ചന്ദ്രക്കല പോലൊരു ശബ്ദം
ചലനത്തേക്കാൾ നേർത്ത്
സമയത്തേക്കാൾ കൂർത്ത്

രാത്രികൾ തൊണ്ടക്കുഴിക്കുളളിൽ 
തെന്നി നീങ്ങുന്നത് പോലെ
തീയതികളുടെ ശബ്ദം നീങ്ങുന്നു
കേൾക്കുന്നു

ചന്ദ്രക്കല മാനത്തിൻ്റെ ഒരു മുഴയാണെങ്കിൽ
അതേ ആകൃതിയിൽ
എൻ്റെ പരിചരണം.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്