Skip to main content

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ
ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി

ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു

ഒഴിഞ്ഞ കാൻ പോലെ
ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ 
തട്ടിത്തെറിപ്പിച്ച് പാട്ടുകൾ 
ഒന്നൊന്നായി കടന്നുപോയി
ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ
കാനുകൾ എന്ന പോലെ

പിന്നേയും
ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന് 
അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി

കെട്ടിക്കിടക്കുന്ന വെള്ളം 
പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ
വെള്ളം തെറിപ്പിക്കുന്നത് പോലെ
ചുംബനം കഴിഞ്ഞ് മുഖം 
കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു

കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ
വാഹനങ്ങൾ
വേഗത കുറക്കുന്നത് പോലെ
ചുംബനം പെട്ടെന്ന് 
അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു

ശാന്തതയോടെ ചുണ്ടുകൾ  
ഉടലിലൂടെ കടന്നുപോകുന്നു
ഹൃദയത്തിലേക്ക് ഒരു 
മിടിപ്പിറക്കുന്നത് പോലെ 
ഒരു പക്ഷേ അതിലും പതിയേ,
സാവകാശം

ശംഖുപുഷ്പങ്ങളിൽ കാറ്റ് 
കയറി ഇറങ്ങുമ്പോലെ 
പൂക്കളേ അവിടെ നിർത്തി
വള്ളികൾ മാത്രം എന്ന്
ഒന്ന് ഉയർന്നുതാണു
ഒപ്പം നിർന്നിമേഷതയുടെ ഋതുവും

നഗരത്തിൻ്റെ എല്ലാ തിരക്കിൻ്റെയും
ഓരത്ത് വന്ന് നിന്ന്
തിരക്കുകൾ മാടിയൊതുക്കി
പ്രണയത്തിലേക്ക് വന്ന്
അതിൻ്റെ അവധാനതകളിലേക്ക്
ചേർന്ന് നിന്ന് 
മറ്റൊരു തിരക്കിലേക്ക്
തിരക്കിട്ട് ഓടിക്കയറേണ്ടവരാണ്
നമ്മൾ

നമ്മൾ ചുംബനങ്ങളിൽ പോലും
നിന്ന് യാത്ര ചെയ്യുന്നു
എന്നായി കാതുകൾ

ചുംബനങ്ങളുടെ വയലറ്റ് സെൾഫികൾ ഉടലുകൾക്കൊപ്പം പാറിപ്പോയി

തൊട്ട് തൊട്ട് നമ്മുടെ ഖേദവിരൽത്തുമ്പ്
അവയുടെ അവസാനം കെട്ടിയിട്ട സ്പർശനങ്ങളിൽ ചെന്ന് തട്ടിനിൽക്കുന്നു

ചുംബനങ്ങൾ വൈകുന്നതിനുള്ള
ക്ഷമാപണങ്ങൾ എന്നായി അവൾ
അടുത്ത ചുംബനത്തിൽ ഞാനത്
നിശ്ശബ്ദം ശരിവെച്ചു

നിങ്ങൾ ചെയ്തില്ലെങ്കിലും
തെറ്റുകൾ അവിടുണ്ട് എന്നായി
ഉടലുകൾ

നമ്മൾ തെറ്റ് ചെയ്യാത്ത രണ്ട് പേരായി
പൂക്കളിൽ പോയി വിരിയുന്നു

ഞാനും അവളും എന്ന് 
എല്ലാ ചുംബനങ്ങൾക്കും പിന്നാലെയാവുന്ന ഞങ്ങൾ

വേർപെടും മുമ്പ്
ശരദിന്ദു മലർദീപനാളം നീട്ടി
എന്ന പാട്ട് അവസാനിക്കും പോലെ
നമ്മൾ ഒരു ചുംബനത്തിൽ വീണ്ടും
ചാരി നിൽക്കുന്നു

Comments

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ