വിശുദ്ധ തുവലുള്ള പക്ഷി
അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ
ആകാശം ഒരു പുരോഹിതനാണെങ്കിൽ
തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത്
ആകാശം പുറത്തിറങ്ങുന്നു
ഒരു പക്ഷിയാവുന്നു
ആദ്യം ആകാശം വരുന്നു
പിന്നെ നീല വരുന്നു എന്ന മട്ടിൽ
ആദ്യം ഉറക്കം വരുന്നു
ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം
പിന്നെ അതിൻ്റെ അവകാശിയായ
മനുഷ്യനേ
രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു
ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ
എന്ന് ആകാശം സംശയിക്കും വിധം
എനിക്ക് പകരം ആകാശത്തിൽ
ജോലി ചെയ്യും മേഘം
അതിൻ്റെ ഭാരമില്ലായ്മയുമായി
വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു
രണ്ട് ആകാശങ്ങൾക്കിടയിൽ
അതിൻ്റെ ഇടവേളയിൽ
പുറത്തിറങ്ങും പക്ഷി
ഇടവേളകൾ പക്ഷികൾ
ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം
നീലനിറത്തിൻ്റെ പിൻകഴുത്തുള്ള
ആകാശം
ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ
വന്ന് കിടക്കുന്നത് കാണുന്നില്ലേ
ഞാൻ എൻ്റെ പിൻകഴുത്ത്
ആകാശത്തിൻ്റെ നിശ്വാസത്തിന്
കടം കൊടുക്കുന്നു
പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു
Comments
Post a Comment