ബോറഡിക്കുമ്പോൾ
ദൈവം മൊട്ട പഫ്സാകുവാൻ
പോകുന്ന ബേക്കറി
അവിടെ ചെല്ലുമ്പോൾ
ദൈവം
ഒരു മേശയുടെ അപ്പുറവും
ഇപ്പുറവും ഇരിക്കുന്ന
പ്രണയിക്കുന്ന രണ്ട് പേരാവും
വന്നത് മറക്കും
അവർ പറഞ്ഞ
ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം
പിന്നേയും പിന്നേയും ഒരുപാട് കാലം
പിന്നിലേക്ക് പോകും
ഒരു ബെയറുടെ പഴക്കത്തിലേക്ക്
അയാളുടെ ഒഴിവിലേക്ക്
അയാളുടെ മുഷിവിലേക്ക്
അയാളുടെ കഷ്ടപ്പാടുകളിലേക്ക്
അയാളുടേത് മാത്രമായ ക്ഷമയിലേക്ക്
അത്രയും വർഷങ്ങൾ
പിന്നിലേക്ക് പിന്നിലേക്ക്
നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും
ദൈവം
ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും
തിളച്ച ചായയിൽ
പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന
മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന്
ദൈവം തിരികേവരിക
അതും ഒറ്റക്ക്
മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള
വൈകുന്നേരം
അവർ പറഞ്ഞ ഓർഡർ
അന്നും
ഒന്നുമറിയാതെ ദൈവം തെറ്റിക്കും
അറിയാതെ എന്ന വാക്ക് മാറ്റി
പകരം
മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ
അവിടേ
പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട
മുറിച്ച മുട്ടയാക്കാം ദൈവത്തിന്
പക്ഷേ,
ചെയ്യില്ല ദൈവം
ശരിക്കും പറഞ്ഞാൽ ഒരു പണിയും
നേരാംവണ്ണം എടുക്കാത്ത ദൈവം
മൊട്ട പഫ്സിലെ മൊട്ട
അതിലെ വെള്ള
അതിലെ വഴറ്റിയ ഉള്ളി
അതിലെ മസാല
അതിലെ മഞ്ഞ
പകൽ കമഴ്ത്തി വെച്ച്
മുട്ടയിലെ വെള്ളയാക്കുന്ന ദൈവം
ഇനി അവിടെയെന്താ വേണ്ടതെന്ന മട്ടിൽ
പിന്നേയും തുടരുന്ന ദൈവം
അസ്തമിക്കുന്ന സൂര്യനെ
ഒരു മുട്ടയിലെ മഞ്ഞക്കരുവോളം
ചലനാത്മകമാക്കും ദൈവം
ആവശ്യത്തിന് മഞ്ഞയുടെ
കടുപ്പം ചേർത്ത ഓറഞ്ച്
കടുപ്പം ചേർത്ത ഇരുട്ട്
മുട്ട പഫ്സിലെ മസാല
അതിലെ രുചി
ഉമിനീരുകളുടെ ചൂട് നാവിൽ
പകുത്ത് വെക്കും ദൈവം
മുട്ടയിലെ നിറം മാറുന്നു
കട്ടനിൽ തേയിലയുടെ നിറം
ഒഴുകിയിറങ്ങുമ്പോലെ
ഗ്ലാസിലെ ചൂടിൽ ചുണ്ടുകൾ
മുട്ടുന്നു
ദൈവം എടുത്ത ഓർഡറുകളും
അന്നും തമ്മിൽ തെറ്റുന്നു
ഓർഡറുകളും ദൈവവും
തമ്മിൽ കൂട്ടിമുട്ടുന്നു
കൊടുത്ത ഓർഡർ
തെറ്റിച്ചതിന്
അവൾ ദൈവത്തിനോട് ചൂടാവുന്നു
അപ്പാഴും ചായക്കും കടിക്കും ഇടയിൽ
എന്നേ അവളെ നോക്കിയിരിക്കുന്നവനാക്കും
ദൈവം
ദൈവം വൈകുന്നേരിങ്ങളിൽ
പ്രണയത്തിൻ്റെ ബേയററല്ല
എന്നിട്ടും ദൈവം പ്രണയങ്ങളിൽ
വൈകുന്നേരങ്ങളിൽ ഇടപെടും വണ്ണം
ഇടപെടുവാൻ വേണ്ടി മാത്രം
ദൈവം വൈകുന്നേരം സൃഷ്ടിക്കുന്നു
ചായയിൽ പത പോലെ
ദൈവവും വൈകുന്നേരവും കൂടി
മറ്റൊരു പ്രണയം സൃഷ്ടിക്കുന്നു എന്ന തോന്നലുണ്ടാക്കുന്നു
പ്രണയിക്കുന്ന രണ്ട് പേരെ കൂടി ദൈവം പുതുതായി സൃഷ്ടിക്കുന്നു
അവരെ നമ്മൾ രണ്ട് പേരാക്കുക കൂടി ദൈവം ചെയ്യുന്നു
ബോറഡിക്കുമ്പോഴെല്ലാം
നോക്കിയിരിക്കുന്ന ഒരാളെ
ദൈവം സൃഷ്ടിക്കുന്ന വിധം
പ്രണയിക്കുമ്പോൾ ദൈവം
നമ്മുടെ പഫ്സിനുള്ളിൽ മൊട്ട വെക്കുന്നു
ദൈവത്തിനപ്പോൾ പഫ്സിൻ്റെ
മൊരിഞ്ഞ അരികുകൾ
ബോറഡിക്കുമ്പോൾ ദൈവം
പ്രണയിക്കുന്നവരുടെ വൈകുന്നേരങ്ങളിൽ
വെറുതേ കയറിനിൽക്കുന്നു
അപ്പോൾ ദൈവത്തിന് പ്രണയത്തിൻ്റെ
ബെയറർ വേഷം
എല്ലാ മല്ലിയിലകളിലും
പകൽ അടങ്ങിയിരിക്കുന്നത് പോലെ
എല്ലാ മണങ്ങളിലും ദൈവം
പകൽ ഇറുത്തിടുന്നു
അധികം വരുന്ന പകൽ വൈകുന്നേരങ്ങളിൽ ദൈവം എടുത്തുവെക്കുന്നു
തിരക്കുകൾക്കിടയിലും
ദൈവത്തിൻ്റെ ടൈംടേബിളുകളിൽ
ബോറഡിക്കുവാൻ സമയം
ദൈവം പ്രത്യേകം മാറ്റിവെയ്ക്കുന്നു
പൂജാമുറികളിൽ ദേവാലയങ്ങളിൽ
ഒളിച്ചുകയറും ദൈവം
ആ സമയം ദൈവത്തേ
അപൂർവ്വമായെങ്കിലും പ്രാർത്ഥനകൾ
കൈയ്യോടെ പിടിച്ച് പുറത്താക്കുന്നു
ദൈവത്തിന് സ്വന്തമായി നേരമില്ല
ദൈവത്തിന് സ്വന്തമായി ദേവാലയങ്ങളില്ല
ദൈവത്തിന് സ്വന്തമായി അസ്തിത്വമില്ല
ദൈവത്തിന് സ്വന്തമായി നിലനിൽപ്പുമില്ല
ദൈവത്തിന് സ്വന്തമായി നിലപാടുകൾ
ഇല്ലേയില്ല
വിശ്വസിക്കുന്നവരുടെ വിശ്വാസങ്ങളിൽ
പരാദസസ്യം പോലെ
ഭാഗികപരാദം പോലെ ദൈവം
കയറിനിൽക്കുന്നു
ചന്ദനമരങ്ങൾ പോലെ അവയിൽ
പടർന്നുപിടിക്കുന്നു വളർന്ന് പന്തലിക്കുന്നു
അപ്പോഴും ദൈവമേ നിൻ്റെ സൃഷ്ടി
എന്ന അതിശയം
ലോകമാവുന്നു
ദൈവം കയറിനിൽക്കുവാൻ വേണ്ടി മാത്രം
വൈകുന്നേരം കടം വാങ്ങിക്കുന്നു
ദൈവത്തിനപ്പോൾ കൂട്ട്
അസ്തമിക്കുവാൻ കടം മേടിച്ച സൂര്യൻ
അതും പ്രണയിക്കുന്നവരുടെ വൈകുന്നേരം
അസ്തമിക്കാറായ സൂര്യനെ
പഫ്സിനുള്ളിൽ മൊട്ടപോലെ മുറിച്ച്
പാതി വെക്കുന്നു
പ്രണയിക്കുന്നവരുടെ ദിവസങ്ങളിൽ
ദൈവം പകുതി മാത്രം പകലുകൾ,
മുറിച്ച് വെക്കുന്നു
അതും വൈകുന്നേരങ്ങളിലേക്ക് തിരിച്ച്
വെക്കുന്നു
ദൈവത്തിന് സ്വന്തമായി പ്രണയമില്ല
ദൈവത്തിന് സ്വന്തമായി സമയമില്ല
ദൈവത്തിന് സ്വന്തമായി മതങ്ങളില്ല
ദൈവത്തിന് സ്വന്തമായി മനുഷ്യരില്ല
ദൈവത്തിന് സ്വന്തമായി വൈകുന്നേരങ്ങൾ ഒട്ടുമില്ല
പിന്നെ എങ്ങനെ ബോറഡിക്കുന്നു
എന്ന ചോദ്യം ഈ കവിതയാകുന്നു.
Comments
Post a Comment