തീരുവ വർദ്ധിപ്പിച്ചുകഴിഞ്ഞതിനാൽ
ആഭ്യന്തരവിപണിയിൽ
വിലയിടിഞ്ഞു നിൽക്കുന്ന എൻ്റെ കയറ്റുമതി ഉടൽ
ഇനിയും ചുങ്കപ്പരിശോധന കഴിഞ്ഞിട്ടില്ലാത്തതിനാൽ
ഇന്നലെയിലേക്ക് ഇറക്കുമതി ചെയ്ത
കെട്ടിക്കിടക്കും എൻ്റെ മറ്റൊരു ഉടൽ
അതും അവിടെ നിൽക്കട്ടെ
ഒന്നും ഇല്ലെങ്കിലും
അതും എന്ന വാക്ക്
മറ്റൊന്ന് കൂടി ഉണ്ടെന്നുള്ള വിധത്തിൽ ധ്വനിപ്പിക്കുവാനെടുക്കാമല്ലോ
ഇവയ്ക്കിടയിലാണ് എൻ്റെ
കടൽ വെള്ളത്തോളം പഴക്കമുള്ള
ചുങ്കത്തോളം ഭാരമുള്ള കപ്പൽ
ഒപ്പം ഭാഷയും കവിതയും
പഴക്കമുള്ള നിശബ്ദത
ഒരിക്കലും നിസ്സഹായതയാവുന്നില്ല
ചരക്ക് കടന്ന വാക്ക്
ഒരിക്കലും കവിതയിൽ ചുങ്കത്തിലേക്ക്
പുതുക്കപ്പെടുന്നില്ല
കടൽ, ജലം പുതുക്കുന്നു
കപ്പൽ,
വാക്ക് കടന്ന് ചരക്ക് ചുമന്ന് കടത്തുന്നു
കടന്നുവന്നു കൊണ്ടിരിക്കുന്ന കപ്പൽ
കടലിൻ്റെ താളുകൾ മറിക്കുന്നുണ്ട്
ഒരു കപ്പലപകടം കൊണ്ട് വേനൽ
സൃഷ്ടിക്കുവാനാകില്ലെന്ന് കപ്പിത്താനറിയാം
നാവിൻ തുമ്പിലെ ഉപ്പ്
കടൽക്കാറ്റിനോട് ഇടകലരുകയും
ചുങ്കത്തിനോട് ഒത്തുതീർപ്പ് നടത്തുകയും ചെയ്യുന്നിടത്ത്
മേഘങ്ങളിൽ ചെന്ന് തട്ടിത്തകരും
ആകാശം
പഴയകാല കാറ്റുപായകൾ ഉള്ള
നൗകകളിൽ നിന്ന് ഒരുപാട് മാറി
അകലെയാണ് നമ്മൾ ഇപ്പോൾ കവിതയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കപ്പൽ
കപ്പലിൻ്റെ മുകളിൽ ഉയർത്തിയിരിക്കുന്ന
പറക്കുന്ന കൊടിയിൽ
അന്നത്തെ സൂര്യനെ കപ്പൽ
തുവർത്തിയെടുക്കുന്നു
നേരം വെളുക്കുന്നിടത്ത് നോക്കി
താൽക്കാലികമായി
വെയ്ക്കുന്നു
സമയത്തിന് സമാന്തരമായി
ചലിക്കും ആകാശം
നീലനിറത്തിൽ നടക്കും
ചരക്ക് നീക്കം
പഴയകാലത്തെ നൗകയിലെ പായ
ഇപ്പോൾ എൻ്റെ മുറിയിലെ,
ചിത്രത്തിൽ പാറുന്നു
ആ ചിത്രത്തിൽ നോക്കി നിൽക്കുന്ന
എനിക്ക്
ഉലയേണ്ടതില്ല ഇപ്പോൾ
ഉലഞ്ഞിട്ടുണ്ടാവാം പണ്ട്
ഒരു പരാതിയാവണം
രാവിലെ,
അതും ഒരു പകലും ഇനിയും
ഒരു പക്ഷേ,
ശരിയായ അർത്ഥത്തിൽ
സ്വീകരിക്കാത്തത്
കവിതവായിച്ചു കഴിഞ്ഞ
വിഷാദക്കമ്മിറ്റി മെമ്പറേ
ഒരു രസിതുകുറ്റി അല്ല അസ്തമയം
പരാതിക്കമ്മിറ്റി മെമ്പറേ
ഒരു കാലത്തും എടുക്കാച്ചരക്കല്ല
കവിത,
അത് ഒരിടത്തും കെട്ടികിടക്കുന്നില്ല
ഒരില,
മറ്റൊരിലയുടെ ആശ്വാസമാകുന്ന പോലെ
ആശ്വാസം അവിടെ നിൽക്കട്ടെ
ഉലഞ്ഞുകഴിഞ്ഞ ഇല പോലെ
കാലവും
തൽക്കാലം,
വേണ്ടാത്ത പണി വെയിലാകുന്നു
പരാതി പതിയേ, പകലും
വേണ്ടാത്തപണിക്ക് പോയ സൂര്യൻ,
എന്നൊരു തിരുത്ത്
വിരലുകളിൽ ചാരിനിൽക്കുന്നു
വിത്തിട്ട് തുറക്കാവുന്ന സൂര്യകാന്തി
അരുതെന്ന് എത്ര വിലക്കിയിട്ടും
ആദ്യമായി കവിത വായിക്കുന്ന
ഒരാളുടെ, ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖം,
കവിത വായിക്കുവാൻ എടുക്കുന്നു!
Comments
Post a Comment