Skip to main content

വാർദ്ധക്യം കാക്കകൾ

അടർന്നുവീഴുന്ന മാമ്പഴങ്ങളേ
പക്ഷികൾ സമീപിക്കും വണ്ണം
എൻ്റെ വാർദ്ധക്യത്തേ 
കാക്കകൾ സമീപിക്കുന്നു

ഞാനൊരു കറുത്തവൃദ്ധൻ
എൻ്റെ കാക്കകൾ 
പറന്നുവന്നതിന് ശേഷം
കൂടുതൽ കറുക്കുന്നു

പറക്കുന്നതിനും കറുക്കുന്നതിനും
ഇടയിൽ 
എൻ്റെ കാക്കകൾ
അവയുടെ മറവിയിൽ
ഇപ്പോൾ എൻ്റെ നര 

ഞാൻ വൃദ്ധൻ്റെ വാതിലുള്ള ബസ്
കൂടുതൽ പടവുകൾ വെച്ച്
ഞാൻ അതിലേക്കും 
വാർദ്ധക്യം എന്നിലേക്കും ചവിട്ടിക്കയറുന്നു

ഒരു പക്ഷേ വാർദ്ധക്യം തന്നെ 
ഒരു ബസ്
അതിൽ അവസാനം വരെ 
പിടിച്ചുനിൽക്കേണ്ടിവരും വണ്ണം 
വൃദ്ധൻ്റെ പല മരണങ്ങൾ 
കൈയ്യേറിയതാവണം
ഇരിപ്പിടങ്ങൾ

അത് നിർത്തുമ്പോഴെക്കെ വാർദ്ധക്യം അതിൻ്റെ വേഗതകളിലേക്കും
അവശതകളിലേക്കും കുതറുന്നു
വാർദ്ധക്യം അതിൻ്റെ ജനാലയിലേക്കെത്തി നോക്കുന്നു

ഞാൻ കൂടുതൽ ചുവടുകൾ വെച്ച് 
നൃത്തം ചെയ്യുന്നയാൾ
നടക്കുവാൻ കൂടുതൽ ചുവടുകൾ ചുമക്കുവാൻ കൂടുതൽ ചുമലുകൾ
എടുക്കുവാൻ കൂടുതൽ ഉടലുകൾ

ജീവിച്ചിരിക്കുവാൻ അതിലും കൂടുതൽ ശ്വാസങ്ങൾ വേണ്ടയാൾ
ഞാൻ ശ്വാസത്തെ പകുക്കുന്നു
കിതപ്പുകൾ പുറന്തള്ളുന്നു

ഞാൻ ശ്വാസത്തിൻ്റെ കൂടുള്ള പക്ഷി
എന്നിട്ടും പറക്കുവാൻ മടിക്കുന്നു
നരക്കുവാൻ ശ്രമിക്കുന്നു

വൃദ്ധാ നീയൊരു നൗകയാവൂ
എൻ്റെ വാർദ്ധക്യം എന്നിൽ കൂടുതൽ ആടിയുലയുവാൻ കൊതിക്കുന്നു
കൂടുതൽ ഓളങ്ങളിലേക്ക് 
കൂടുതൽ ആഴങ്ങളിലേക്ക്
കൂടുതൽ പരപ്പുകളിലേക്ക്
എൻ്റെ വാർദ്ധക്യം ആയുന്നു

വൃദ്ധന്നരികിലെ ജലം വൃദ്ധനേ
കൂടുതൽ ദാഹങ്ങളിലേക്ക് 
കൂടുതൽ വാർദ്ധകൃത്തിലേക്ക് 
തള്ളിവിടുന്നു

അപ്പോഴും
വൃദ്ധനിൽ നിന്നും 
ഊർന്നുവീഴും ജലം
യൗവ്വനം അഭിനയിക്കുന്നു

വൃദ്ധൻ്റെ വിരലുകൾ എന്നിൽ കൂടുതൽ
ആഴത്തിൽ അലിയുന്നു
ജലം എന്നിൽ തണുപ്പ് കൂട്ടി മുറുകുന്നു
എന്നിൽ വാർദ്ധക്യം കൂടുതൽ
ഉയരത്തിൽ കൂട് കൂട്ടുന്നു

വാർദ്ധക്യത്തിൻ്റെ കട്ടകൾ 
കൂടുതൽ ഇട്ട് കെട്ടിയ കെട്ടിടം പോലെ
എന്നിൽ വാർദ്ധക്യം കാട് പിടിക്കുന്നു

വാർദ്ധക്യത്തിൻ്റെ കട്ടകൾ കൂടുതൽ
ചേർത്ത ജലം 
അതിൽ മരണത്തിൻ്റെ തണുപ്പ്
ഞാൻ ആഴത്തോട് കൂടുതൽ 
ചേർന്നുകിടക്കുന്നു

മരണം മണവാട്ടിയാകും ഇടങ്ങളിൽ
വാർദ്ധക്യം അതിൻ്റെ ഒപ്പന
വൃദ്ധൻ്റെ ഉടലിൽ വാർദ്ധക്യം 
അതിൻ്റെ ശാന്തതയുടെ ടാറ്റു 
അപ്പോഴും ശാന്തത അതിൽ 
വാർദ്ധക്യം വരച്ചുചേർക്കുന്നു

വൃദ്ധൻ്റെ ഉടലിൽ ടാറ്റുകൾ
കൂടുതൽ ആടിയുലയുന്നു 
ടാറ്റു അതിൻ്റെ ഓരോ പച്ചവാർദ്ധക്യവും വൃദ്ധനിൽ കെട്ടിവെയ്ക്കുന്നു

വാർദ്ധക്യത്തിൻ്റെ കൂടുതൽ ഡിസൈനുകളിലേക്ക്
വൃദ്ധൻ്റെ ഉടൽ പടരുന്നു
ഓരോ മരണത്തിലും വൃദ്ധൻ്റെ ഉടൽ ശാന്തം പങ്കെടുക്കുന്നു
ഓരോ മരണത്തിലും 
വൃദ്ധൻ്റെ വാർദ്ധക്യം
വൃദ്ധനോളം പുതുക്കപ്പെടുന്നു  
വൃദ്ധനോടൊപ്പം വാർദ്ധക്യവും 
പുറത്തിറങ്ങി ഉലയുന്നു

വാർദ്ധക്യം ഒരു മതമാവുന്നിടത്തെ ജനത
അല്ല,
യൗവ്വനത്തിൽ നിന്ന് അത് മുറിച്ച്
വാങ്ങിയ ഒരു രാജ്യമാവുന്നിടത്തെ
വൃദ്ധൻ 

വൃദ്ധൻ വാർദ്ധക്യത്തിൻ്റെ കപ്പലുള്ള ഒരിടത്തെ ഭൂപടം
മരണത്തിൻ്റെ സഞ്ചരിക്കുന്ന കോമ്പസ്

ശാന്തമായ ജലാശയത്തിന് സമീപം
കാണപ്പെടും ബോർഡ് പോലെ
വാർദ്ധക്യം, അപ്പോഴും
പരിചയമില്ലാത്തവർ
ഇറങ്ങരുത് എന്ന മുന്നറിയിപ്പ്

പക്ഷിയനുകരണങ്ങൾ തടയപ്പെട്ട
ഒരു വൃദ്ധയുടലിൻ്റെ ചേക്കറൽ
മരം അപ്പോഴും ഒരു ചില്ലയിൽ, കെട്ടിവെക്കുന്നു

ഉടൽ വാർദ്ധക്യത്തിനെ കൂടുതൽ ഉയരങ്ങളിൽ കെട്ടിവെക്കുന്നു
വൃദ്ധനെ മായ്ക്കുന്ന മഴ,
ഞാൻ നനയുന്നു
അരികിൽ ഇലകൾ നീണ്ട മരങ്ങൾ

അതേ സമയം വാർദ്ധക്യം
ഒരു ലഹരി
കൈവിറക്കും വണ്ണം,
അതില്ലാതെ ജീവിക്കുവാനാകാത്ത അവസ്ഥയും

വാർദ്ധക്യമുള്ള കിളിയേ
ഒരു വൃദ്ധയകലം മരണം
അതിൻ്റെ ഇലകൾ
അതിൻ്റെ ചലനങ്ങൾ
ഒരു വൃദ്ധ ഏകാന്തത
അതിൻ്റെ ശാന്തത
വാർദ്ധക്യം എന്ന 
ഏറ്റവും ശാന്തമായ ധ്യാനം

അതിൻ്റെ മരച്ചില്ല കഴിഞ്ഞ്
നീണ്ട ഏകാന്തതയുള്ള ഇടനാഴി
തൂണാകണമോ
മരമാകണോ എന്ന് സംശയിക്കും കാറ്റ്

ഭാഷയുടെ മടങ്ങിപ്പോക്കിൽ
സുഗന്ധദ്രവ്യങ്ങൾ തട്ടുന്ന വണ്ണം
വാർദ്ധക്യം ഒരു സുഗന്ധദ്രവ്യം
മരണത്തിൻ്റെ മടങ്ങിപ്പോക്കിൽ
അത് തട്ടുന്നു എന്നു മാത്രം

ജീവിതം ഒരു നായകുഞ്ഞല്ല ഒരിക്കലും

എന്നാലും
ഒരു നായ്ക്കുഞ്ഞിനെപ്പോലെ 
മാനം അതിൻ്റെ നീല,
കടിച്ചുപിടിച്ച്
ഒരു മഴവില്ല് ചാടിക്കടക്കുന്നത് പോലെ
ഞാനെൻ്റെ ഏകാന്തത കടിച്ചുപിടിക്കുന്നു
മറ്റൊരു ഏകാന്തത ചാടിക്കടക്കുന്നു

ഒരു നായ്ക്കുഞ്ഞല്ല ധ്യാനം
എന്നിട്ടും ഒരു ഭിക്ഷു
അത് കടിച്ച് പിടിച്ച് ജീവിതം
ശാന്തമായി മറികടക്കുന്നിടത്താണ്

ഒരു പക്ഷേ ശാന്തതയുടെ ദേശാടനം

തൽക്കാലം കടിച്ചുപിടിക്കുവാൻ
ഒന്നുമില്ല, ജീവിതമല്ലാതെ

കെട്ടിക്കിടക്കുമ്പോഴും
ശാന്തത കൊണ്ട് മാത്രം 
ജീവിതം ഒരു ഓളപ്പരപ്പ്
ചാടിക്കടക്കുന്നതിൻ്റെ ഒരു തുള്ളി
ഓരോ പെയ്ത്തിലും മഴ കരുതുന്നത് പോലെയാവണം

എഴുതിനിർത്തുമ്പോൾ
വാർദ്ധക്യം ഒരു നായ്ക്കുഞ്ഞ്
ഞാൻ എൻ്റെ സ്വന്തം ഏകാന്തത ചാടിക്കടക്കുന്ന വൃദ്ധൻ!

Comments

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വിഷാദത്തിൻ്റെ കുറുകലുകൾ ഉള്ള അസ്തമയത്തിൻ്റെ പ്രാവുകൾ

നിന്നിലൊരു പുഴയുണ്ടെന്ന് കണ്ടെത്തിയതിൽ പിന്നെ കണ്ടെത്തലുകളുടെ  മീൻകണ്ണുള്ള ജലം കണ്ടെത്തലുകളേ മീൻമിനുക്കമേ ഒറ്റൊക്കൊറ്റക്കുള്ളപ്പുഴയൊഴുക്കേ വെള്ളാരംകല്ലടുക്കേ എന്നിങ്ങനെ,  അതിൻ്റെ മറികടക്കലുകളേ കുറിച്ച് കൂടെയൊഴുകലുകളേ കുറിച്ച് മാറിൽ പറ്റിച്ചേർന്ന് കിടന്ന് മീനുകൾക്കൊപ്പം ആലോചിക്കുന്നു അരയോളം മീൻ ആലോചിക്കുന്നു അരയ്ക്ക് താഴേക്ക് ജലം എന്ന് മീനാലോചന  ആലോചന ചരിച്ച് കളഞ്ഞ ജലം. മീനിൻ്റെ നഗ്നതയിൽ  നാണത്തോടെ തൊടുമ്പോൾ കവിത ഇടപെടുന്നു വിശ്വസിക്കുമോ മീനിൻ്റെ ആലോചനയോളം മനോഹരമാണ് ഇപ്പോൾ ജലം പ്രാവുകൾ കുറുകും പോലെ മീനുകളുടെ നഗ്നതക്കരികിൽ ജലം കുറുകുന്നു അതും തുള്ളികളിൽ  പറന്ന് പറ്റിയിരുന്ന് മീനിൻ്റെ ആലോചന വന്ന ജലം എന്നെനിക്ക്  അത്രയും പ്രീയപ്പെട്ടെ ഒരാളോട് അടക്കം പറയാമെന്ന് തോന്നുന്നു പുഴ അതിൻ്റെ ഒഴുക്കിൻ്റെ അടക്കം നിന്നോട് പറയുമെങ്കിൽ നിൻ്റെ കാതൊഴുക്ക് ഇപ്പോൾ എനിക്ക് കേൾക്കാം ഒരു പക്ഷേ നിൻ്റെ അരക്കെട്ടൊഴുക്ക് നീ അടക്കിപ്പിടിക്കും വിധം പൗരാണികതകൾ മറികടക്കുമ്പോൾ പ്രതിമകൾ അതിൻ്റെ ശിൽപ്പഭംഗി അടക്കിപ്പിടിക്കുമ്പോലെ  നിന്നിൽ ഒരേ സമയം സംയമനം പിന്നെ അതിൻ്റെ  പിറന്നപടിയുള്...

ഉടൽ കവിത എന്നിങ്ങനെ തീരുവകൾ

തീരുവ വർദ്ധിപ്പിച്ചുകഴിഞ്ഞതിനാൽ ആഭ്യന്തരവിപണിയിൽ  വിലയിടിഞ്ഞു നിൽക്കുന്ന എൻ്റെ കയറ്റുമതി ഉടൽ ഇനിയും ചുങ്കപ്പരിശോധന കഴിഞ്ഞിട്ടില്ലാത്തതിനാൽ ഇന്നലെയിലേക്ക് ഇറക്കുമതി ചെയ്ത കെട്ടിക്കിടക്കും എൻ്റെ മറ്റൊരു ഉടൽ അതും അവിടെ നിൽക്കട്ടെ ഒന്നും ഇല്ലെങ്കിലും അതും എന്ന വാക്ക്  മറ്റൊന്ന് കൂടി ഉണ്ടെന്നുള്ള വിധത്തിൽ ധ്വനിപ്പിക്കുവാനെടുക്കാമല്ലോ ഇവയ്ക്കിടയിലാണ് എൻ്റെ   കടൽ വെള്ളത്തോളം പഴക്കമുള്ള ചുങ്കത്തോളം ഭാരമുള്ള കപ്പൽ ഒപ്പം ഭാഷയും കവിതയും പഴക്കമുള്ള നിശബ്ദത ഒരിക്കലും നിസ്സഹായതയാവുന്നില്ല ചരക്ക് കടന്ന വാക്ക്  ഒരിക്കലും കവിതയിൽ ചുങ്കത്തിലേക്ക് പുതുക്കപ്പെടുന്നില്ല കടൽ, ജലം പുതുക്കുന്നു കപ്പൽ, വാക്ക് കടന്ന് ചരക്ക് ചുമന്ന് കടത്തുന്നു കടന്നുവന്നു കൊണ്ടിരിക്കുന്ന കപ്പൽ കടലിൻ്റെ താളുകൾ മറിക്കുന്നുണ്ട് ഒരു കപ്പലപകടം കൊണ്ട് വേനൽ സൃഷ്ടിക്കുവാനാകില്ലെന്ന് കപ്പിത്താനറിയാം നാവിൻ തുമ്പിലെ ഉപ്പ് കടൽക്കാറ്റിനോട് ഇടകലരുകയും ചുങ്കത്തിനോട് ഒത്തുതീർപ്പ് നടത്തുകയും ചെയ്യുന്നിടത്ത് മേഘങ്ങളിൽ ചെന്ന് തട്ടിത്തകരും ആകാശം പഴയകാല കാറ്റുപായകൾ ഉള്ള നൗകകളിൽ നിന്ന് ഒരുപാട് മാറി അകലെയാണ് നമ്മൾ ഇപ്പോൾ കവിതയി...