Skip to main content

വിഷാദങ്ങൾ അലങ്കരിക്കും വിധം


പ്രദർശിപ്പിച്ച് കൊണ്ടിരിക്കുന്ന 
ചലച്ചിത്രം തീരും മുമ്പ് 
ഇരിപ്പിടം വിട്ട് 
നടന്ന് അകന്നുപോകുന്ന 
പ്രേക്ഷകനേ പ്പോലെ
തീർന്നുപോയ വിഷാദങ്ങൾ കൊണ്ട്
ഒരിക്കലും അലങ്കരിക്കുവാനാകില്ല
ഇരിപ്പിടങ്ങൾ

കണ്ട് മടങ്ങിപ്പോകുന്ന ഒരാളിൽ നിന്നും
ഒന്നും കൈമാറാതെ
ഏറ്റവും അവസാന വിഷാദി
എന്നൊരു അഭിസംബോധന
അപ്പോഴും ഉള്ളിൽ
സൂക്ഷിക്കുന്നുണ്ടാവും കടൽ

വിഷാദത്തിൻ്റെ എല്ലാ സ്ട്രീറ്റ്ലൈറ്റുകളും
കത്തിച്ചിട്ട തെരുവ്

ഉൾക്കൊള്ളുവാനാകുന്നതിലും 
അധികം കടൽ 
ഉള്ളിൽ സൂക്ഷിക്കും വിധം
കേട്ടേക്കാം കടൽ,
ഞെരിയുന്ന ശബ്ദം

ഞെരിഞ്ഞമരുന്നുണ്ടാവണം കാൽച്ചുവട്ടിൽ
മണൽത്തരികൾ ശംഖുകളുടെ ഓരങ്ങളിൽ 
കക്കകൾക്കും ശബ്ദങ്ങൾക്കും സമാന്തരമായി
അഥവാ പല ആകൃതികളിൽ നിശ്ശബ്ദതകൾ

സമാന്തരമാവണം വിഷാദങ്ങൾ
സമാന്തരം ഉടൽ 
നടത്തം അപ്പോഴും കടലൊപ്പം

വേനൽക്കാലത്തിന് വേണ്ടി മാത്രമുള്ള
സൂര്യൻ എന്ന വിധം
എരിഞ്ഞിട്ടുണ്ടാവും
അസ്തമിച്ചിട്ടുണ്ടാവും
ഒരു പക്ഷേ സൂര്യൻ്റെ പ്രത്യേക എഡിഷനും

എഴുന്നേറ്റ് പോകുവാൻ വേണ്ടി മാത്രം
വിഷാദങ്ങളുടെ പ്രദർശനം നടക്കും
കൊട്ടകകൾ എന്നൊന്നില്ലതന്നെ

അനസ്യൂതം പ്രവർത്തിക്കും യന്ത്രങ്ങൾ
എന്ന് വിരലുകളെ മണൽപ്പരപ്പുകൾ

എത്ര നടന്നാലും ഇരുന്നാലും
കിടന്നാലും
കഴിയുന്നില്ല കടൽ

നിങ്ങളുടെ നടന്നുകന്നുപോകലുകൾ കൊണ്ട് കടലുകൾ,
കടൽക്കരകൾ
തിരകൾ  
അലങ്കരിക്കപ്പെടുമ്പോലെ
നടന്നകന്നുപോകലുകൾ
കൊണ്ട് മാത്രം  
ഇനി നിങ്ങളുടെ വിഷാദങ്ങൾ അലങ്കരിക്കുക!

Comments

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...