പകൽ എന്ന് പേരായ ഒരാൾക്ക്
അർഹമായ പകലാണ്
അയാളുടെ ഉടലെങ്കിൽ
രാത്രി,
വെള്ളം പോലെ കാല് നനക്കാവുന്ന ഒരിടത്തെ കെട്ടിക്കിടപ്പ്
ഉടൽ മുക്കും ലായനിക്കും
പകൽ എന്ന് പേരിടും മുമ്പാവണം
നാളങ്ങൾ കാറ്റിൽ
വെളിച്ചം വെക്കും വണ്ണം
ഉടൽ അണക്കുന്നു
കിടക്കുന്നു
രാത്രി എന്ന ആകൃതിയിൽ ഇറങ്ങി
എൻ്റെ ഭാഷ
ഇരുട്ടെന്ന വാക്ക് മാത്രം നനയ്ക്കുന്നു
വരൂ കാതു തരൂ
ഈ പാട്ട് എന്നിൽ കേൾക്കു എന്ന് ഗാനങ്ങൾ ആവശ്യപ്പെടും വിധം
പാട്ടിലിറങ്ങുന്നു കാതുകൾ
കാറ്റിൽ മുക്കിവെക്കുന്നു
സ്ക്രാച്ച് ആൻഡ് വിൻ മണമുള്ള
പദ്ധതിക്ക് കലണ്ടർ എന്ന പേരിട്ട
ദിനങ്ങളേ
ജീവിച്ചിരിക്കുവാനുള്ള
കൊതി മാത്രമാണ് ജീവിതം
മിഠായി പോലെ
രണ്ടിടത്ത് പൊതിയിട്ട്
ആയുസ്സ് അതിൽ
തിരിച്ചുവെക്കുന്നു
ചന്ദ്രക്കലകളെ പോലെ
മാനത്ത് വൈകി
ഉദിക്കുവാൻ പോകും ഹൃദയം
അപ്പോഴും നിൻ്റേതായിട്ടുണ്ട്
അമാവാസിയിൽ തല വെച്ച്
കിടക്കുകയായിരുന്നു എൻ്റെ ഹൃദയം
അത് അപ്പോഴും
മറ്റൊരു ഭൂഖണ്ഡത്തിൽ
പൂർണ്ണചന്ദ്രൻമാരെ തെളിക്കുന്നു
അതിനിടയിൽ
രണ്ട് കലകൾക്കിടയിൽ
തട്ടി നിൽക്കുന്ന മധുരത്തിൽ തട്ടി ജീവിതം തിരിച്ചു പോകുന്നു
നാണങ്ങളെ മുള്ളുകളാക്കും വിധം
നാളങ്ങളെ ഒളിപ്പിക്കും
മീനുകൾ
വെളിച്ചത്തിനായി ഒരു വിരൽ
കൊളുത്തിവെക്കും കവിത പോലെ
ജീവിതം ഉടലുകളിൽ
കൊളുത്തിവെക്കുന്നു
പ്രതീക്ഷകൾ എന്നെരിയുന്നു
ജൂൺ അണച്ച് ഓരോ പൂക്കളും
കത്തിച്ചിടും വാക
ചുവടുകൾ ചുവന്ന നിറത്തിൽ
എടുത്തുവെക്കുമ്പോലെ
കൊഴിഞ്ഞു വീഴുന്നതിൻ്റെയൊക്കെ കറ എടുത്തുവെപ്പ് നിറങ്ങളാക്കും വിധം
കൊഴിഞ്ഞു വീഴുന്നില്ല നടത്തങ്ങൾ
കാൽച്ചുവട്ടിൽ, ദൂരങ്ങൾ പോലെ
എന്നിട്ടും
ദൂരങ്ങളുടെ എടുത്ത് വെപ്പ്
കാൽച്ചുവട്ടിൽ
നൃത്തങ്ങൾ പോലെ
വെച്ച നൃത്തങ്ങൾ
വാകകളുടെ മുദ്രകൾ പോലെ
ചുവന്ന നിറത്തിൽ കാൽച്ചുവട്ടിൽ
വീണു കിടക്കുന്നിടത്ത്
മനുഷ്യവാകയെന്ന്
കാതുകൾക്കിടയിൽ
പതിക്കും ചുംബനങ്ങൾ
മഴത്തുള്ളികളിൽ പറന്നുപറ്റും
പച്ചത്തുള്ളൻ നിശ്വാസങ്ങൾ
റദ്ദു ചെയ്യുന്നു
വേനലിലേക്ക് നെയ്മണമുള്ള ഒരു ഉറുമ്പിനെ തുറന്നുവിടുന്നു
സൂര്യന്നരികിൽ
വെറുതേയിരിക്കുന്നു
വളരെ കാലത്തിനു ശേഷം നിങ്ങളെ കണ്ടു് ... ഇപ്പോഴും ഏഴൂത്ത് തുടരുന്നതിൽ അഭിവാദ്യങ്ങൾ.... സിപി.ദിനേശ്. cpdinesh2020@gmail
ReplyDeleteസ്നേഹം സന്തോഷം💕
Delete