യുദ്ധം ചെയ്യുന്നവരെ
കഥകൾക്കോ
കവിതകൾക്കോ പിടിച്ചുമാറ്റുവാനാകില്ല
യുദ്ധം എന്ന വാക്ക്
ഒരു ഭാഷയിലും
എഴുതി മായ്ക്കുവാനാകില്ല
മുറിവുകളും മരണവും
ചിതറലുകളും ഇല്ലാതെ
യാഥാർത്ഥ്യങ്ങളുടെ രക്തമൊഴുകുന്ന
സൈനികാ
സത്യത്തിന് മുകളിലാണ്
ഇപ്പോൾ നിൻ്റെ രക്തം
അത് ഒരു രാജ്യത്തിലും വീണ് ഉണങ്ങുന്നില്ല
ശരീരമില്ലാത്ത സൈനികാ എന്നാവണം
ശരീരമുള്ള സൈനികർ പരസ്പരം
അഭിസംബോധന ചെയ്യുക
തൂവലുകൾ കൊണ്ട് അഭിസംബോധന
ചെയ്യുന്നില്ല പക്ഷികൾ
ക്ഷമിക്കണം തെറ്റിപ്പോയി
തൂവലുകൾ കൊണ്ട് രാജ്യമുണ്ടാക്കുകയായിരുന്നു
സാധാരണക്കാരൻ എന്നതാണ് ശരി
അതാണ് ഉദ്ദേശിച്ചതും
ഒരിടത്തും ഒരഭിസംബോധനയല്ല
സാധാരണക്കാരൻ
തീവ്രവാദത്തിന് മതമില്ലാത്തത് പോലെ
മതത്തിന് രാജ്യവുമില്ല
സാധാരണക്കാരന് സമയവും
അലിഖിത നിയമങ്ങളാണ് എങ്ങും
സമാധാനം എന്ന
നുണകൾക്കൊപ്പം
ക്ഷമിക്കണം ഒപ്പരം എന്ന വാക്കാവണം ഇവിടെ ശരി
ശരികൾക്കൊന്നും ഉറപ്പില്ലാത്ത നാടാണ്
അതും പരമ്പരാഗതമായി.
വിശ്രമിക്കുന്ന പ്രാവുകൾക്ക് മുകളിലേക്ക് അവിചാരിതം യുദ്ധങ്ങൾ പൊട്ടിവീഴുന്നു.
അവിചാരിതം എന്ന വാക്ക് പോലും
ഇവിടെ ഒരു നുണയാണ്
നുണകൾ നീണ്ടുനിൽക്കുമ്പോഴും
താൽക്കാലികമാണ് എന്നെന്നും
ശരി
ഗൃഹാതുരത്തങ്ങൾക്ക് മുകളിൽ
ഭൂഗുരുത്വാകർഷണങ്ങൾ
എന്നും യുദ്ധം ചെയ്യുന്ന നാടാണ്
സമാധാനം എന്ന കള്ളം പറയുന്നു
ഗൃഹാതുരത്തങ്ങൾക്ക് മുകളിലേക്ക്
ഭൂഗുരുത്വാകർഷണങ്ങൾ
പൊട്ടിവീഴുന്നു അതാണ് സത്യം
ഭ്രമണം ഒരിടത്തും തങ്ങി നിൽക്കാത്ത
ഒന്നാണ് ഭൂമി
തൂവലുകൾക്ക് താഴെ നിന്ന്
ശൂന്യതകൾ മാത്രം ഊതിപ്പറത്തുന്നു
കിളികളെ ഭീഷണിപ്പെടുത്തുന്നു
ഭൂമി വീണിടത്ത് കിടന്നുരുളുമ്പോഴും
ഇപ്പോൾ കിളികളുടെ ഭീഷണികൾക്ക്
താഴെയാണ് മാനം
ഒപ്പം ലോകവും
സമാധാനം ഒരു കാലത്തും
ഒരു രാജ്യത്തിന് മുകളിലും ഒരിക്കലും
പ്രാവുകളുടെ രാജിക്കത്തല്ല
ദൈവം രാജിക്കത്തുകളിൽ ഒരു കാലത്തും മതത്തിൻ്റെ പേരിൽ
ഒപ്പിടുന്നില്ല
മാനം നിലത്ത് വന്ന് വീണ്
ഭൂമിയേ മതമേ എന്ന്
തൂവലിനേ
കാലത്തിനെ ഊതിപ്പറത്തുന്നിടത്താണ് സ്വപ്നം മുറിയുന്നത്
അല്ലേലും ഉണ്ട ചോറിനോട്
നന്ദിയില്ലാത്ത ഒന്നാണ് എന്നും തലച്ചോറ്
ചിതറിയാലും ഇല്ലേലും
നന്ദി ഒരു പ്രാവല്ല
തെറ്റാണെന്നറിയാം
തൽക്കാലം തീവ്രവാദത്തിൻ്റെ വിത്തുകൾക്ക്
പറക്കുന്ന പ്രാവുകളുടെ വിട
അത്രമാത്രം!
Comments
Post a Comment