ഒരു രഥമല്ല ക്ഷമ
എന്നാലും ക്ഷമ പോലെ
ഉപമയുടെ രഥത്തിൽ വന്നിറക്കുന്ന
സമയമുണ്ടാവണം
അപ്പോൾ ചക്രം പോലെ
താണുപോയേക്കാവുന്ന ഭാഷ
അത് ഉയർത്തുവാനുള്ള കവിതയുടെ
ശ്രമങ്ങൾ
ചക്രങ്ങൾ ഉപമകൾ അല്ല
അത് രൂപകങ്ങളിൽ ഉരുളുന്നില്ല
വാക്കുകളിൽ ഉറയ്ക്കുന്നില്ല
അലങ്കാരങ്ങൾ കൊടികളല്ല
കൊടിക്കൂറകൾ പോലെ അവ
കവിതക്ക് മുകളിൽ പാറുന്നില്ല
വേനൽ തീർത്ഥങ്ങൾ
അനന്തതയുടെ പദാർത്ഥവൽക്കരണം
വിഷാദത്തിൻ്റെ രഥം പുതയും
അസ്തമയം
ഓരോ വൈകുന്നേരവും ചക്രങ്ങൾ
എൻ്റെ കവിത അത് ഉയർത്തുവാൻ
ശ്രമിക്കുന്ന അനാഥത്ത്വത്തിൻ്റെ കർണ്ണനാവുന്നു
Comments
Post a Comment