Skip to main content

Posts

Showing posts from 2026

തടവറമണമുള്ള ഭാഷ കവിതയാകും വിധം

ഞാനെന്ന വാക്ക്  എല്ലാ നഗ്നതയിലും പങ്കെടുക്കുന്നത് പോലെ നിങ്ങൾ എല്ലാ കൊള്ളയിലും പങ്കെടുക്കുന്നു വിശ്വസിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ നഗ്നത ഒരു ഇലയാണ് ഇലക്ക് മുമ്പ്  കിളിക്ക് പിമ്പേ  അമ്പിനും  അമ്പിന് മുമ്പിരുന്ന കിളിക്കും  അത് കൊള്ളുന്നതിന് മുമ്പേ  കിളിർത്ത വാക്കിനും  അത് കലയായിരിക്കാം പക്ഷേ ഒരു കലക്കും ഇതുവരെ നിങ്ങളേ മനസ്സിലായിട്ടില്ല എന്നേയും നിങ്ങളേ മനസ്സിലാക്കിയ ഒരാൾ ഞാനാണ്  അതിനാൽ ഞാനെന്ന വാക്കിൽ എന്നെ വെക്കുന്നു ഇനി ഞാനെഴുതട്ടെ എന്ന് സകല ഇലയോടും സകല നഗ്നതകളോടും യാചിക്കുന്നു ലോകത്തിൻ്റെ കണ്ണിൽ  കല നഗ്നമാവുന്നു എല്ലാ കലകളും കാലത്തിന് ഒപ്പം കാമത്തിനും കാവൽ നിൽക്കുന്നു കാലം നിയതികളുടെ നീതികളുടെ തൊണ്ടിമുതലുകൾ ഉള്ള ഒരു കൊള്ളക്കാരനാവുകയാണ് അതേ, അതും ആരുമറിയാതെ അത് നിങ്ങളേ ഒരു കാലത്തും അലോസരപ്പെടുത്തുന്നില്ല കാരണം, നിങ്ങൾ തന്നെ ഒരു കൊള്ളമുതലാവണം നിങ്ങൾ പോലുമറിയാതെ ഇനി നിങ്ങളുടെ നഗ്നത ഉദ്ഘനനം ചെയ്തെടുത്ത  സംസ്കൃതിയിൽ ഒരു പക്ഷേ നദീതടം എന്ന വാക്ക് ചേർത്ത് സ്ഫുടം ചെയ്തെടുത്ത സംസ്കൃതിയിൽ എന്ന് തെളിച്ച് തന്നെ പറയേണ്ടിവരും നിങ്ങളുടെ നഗ്നതക്ക്...

ഇറുക്കാതിരുന്നതിൻ്റെ നാലായിരം നോവ് ആകാശമാവും വിധം

ഇറുക്കാതിരുന്നതിൻ്റെ നാലായിരം നോവ് ഇറുക്കാതിരിക്കുവാനാകുമോ ആകാശം അടരുന്നതിൽ കുറച്ച്നേരം തങ്ങിനിന്ന് നോവിന്നും മേലെ  പറക്കും പക്ഷികൾ നിറയേപൂത്ത കുരുക്കുത്തിമുല്ലയായി നിന്നിലേക്ക് തന്നെ എന്നും  ചാഞ്ഞുനിന്നു നിൻ്റെ ഏകാന്തത അടർന്നുവീഴുന്ന ഏകാന്തതയെ നീ പൂവാക്കി ചെടിയിലേക്ക് തന്നെ തിരികേ വെച്ചു നിൻ്റെ ഉടലിൽ തട്ടുമ്പോഴെക്കെ ഏകാന്തതയുടെ പൂക്കൾ കൊഴിഞ്ഞ് നിലത്ത് വീണു എന്നിട്ടും എനിക്ക് പറന്നുവന്നിരിക്കാനുള്ള ഒരു ചില്ല നീ ഞാത്തി ഇട്ടു പക്ഷിയാകാതെ വയ്യെന്നായി എനിക്ക് എന്നെ പക്ഷിയാക്കുന്ന നിൻ്റെ ചില്ല എന്ന അടക്കം പറച്ചിലായി ഋതുക്കൾ കുരുക്കുത്തിമുല്ലയിൽ നഗ്നത സൂക്ഷിക്കും ചെടി എന്ന് നിന്നെ കാലം നമ്മൾ ഒരേകാന്തതയേ പകുത്തുടുക്കുന്നു നമ്മളോട് പിണങ്ങി നമ്മുടെ നഗ്നതകൾ, ഏകാന്തതയാകുവാൻ പോകുന്നു പിണങ്ങിയ നഗ്നതയേ, ഏകാന്തത കാട്ടി നമ്മൾ തിരികേ വിളിക്കുന്നു പ്രണയത്തിൻ്റെ ആറാമത്തെ താളത്തിനോട് പിണക്കമുള്ള നഗ്നതയേ നമ്മുടെ കാതിന് ചുറ്റുമുള്ള ഋതു, അപ്പോഴും ഏകാന്തത എന്ന് പേരിട്ട് വിളിക്കുന്നു. 

സാവകാശത്തിൻ്റെ സാഷേകളിൽ ചാരിയിരിക്കുന്നു

പറക്കുന്ന പക്ഷികൾക്ക്  ചില്ലറക്ക് മുറിച്ച് വാങ്ങാവുന്ന സാഷേകളുണ്ടാവുമോ  ആകാശത്തിന് ? കുറവാണ് ചുറ്റുപാടുകളിലേക്കുള്ള അലിയൽ നടത്തത്തിൽ കൊരുത്തിട്ടിട്ടുണ്ട് എന്നേയുള്ളു തിളയെന്നും കുമിളയെന്നുമാണ് വേർതിരിവുകൾ ഉടലുകൾ സമീപനങ്ങൾ എന്നാവുകിൽ ഞാൻ തന്നെയാവണം  എൻ്റെ പഴക്കത്തിൻ്റെ സാഷേ നടത്തവും നൃത്തവും  എന്നാണ് തിള. വെച്ചിട്ടില്ലാത്ത നൃത്തങ്ങളിൽ, ചുവടുകൾ കുമിളകൾ ശേഖരങ്ങളുടേതാണ്  നിലയും വിലയും നൃത്തത്തിൻ്റെ സാഷേ നടത്തം വകഞ്ഞ്  ചുവടുകളിലേക്കും മുദ്രകളിലേക്കുമുള്ള അതിൻ്റെ കലരൽ എൻ്റേതോ നിൻ്റേതോ എന്നൊന്നുന്നില്ല ചുവടുകൾ ആരുടേതുമല്ലാത്തതുമാകാം എന്നാലും വെച്ചിട്ടുണ്ടോ എന്നാവും ഉടലുകൾ എത്തിനോക്കുക ഒരു പക്ഷേ കുറച്ച് നേരം, ചൂട് തങ്ങിനിൽക്കുമിടം ഉടലാവുന്നതുമങ്ങിനാവാം ചിറക് നൂൽക്കുന്ന പക്ഷി ആകാശം കൊണ്ട് ഒരു, പഴഞ്ചൻ ചർക്കയാണെന്ന അതിൻ്റെ തോന്നൽ ചുറ്റും ഉടയുന്ന ഗാന്ധിജിയേ ഉടുത്തുനിൽക്കും പ്രതിമകൾ അതിൻ്റെ കണ്ണടയിൽ കെട്ടിക്കിടക്കും ഇനിയും ഉടയാത്ത നാളെയുടെ നിശ്ചലത നാളെയുടെ സാഷേകളാണ് കലണ്ടർ നിറയേ ഇന്നലെയിലേക്കുള്ള അതിൻ്റെ അലിയൽ ഇനിയും പൂർണ്ണമായും ചേർത്തിട്ടില്ല ഒരു ഉടലിലേക്കും തീയതികളിലേ...

വിഷാദത്തിൻ്റെ കൊക്കുള്ള നീലപൊന്മാനും ഞാനും

ഭാവത്തിൽ സ്വരം ലയിപ്പിക്കുന്ന ജയചന്ദ്രനെ ഏറേ ഇഷ്ടമായിരുന്നു ജയചന്ദ്രൻ്റെ സ്വരത്തിനെ  ദൈവമായി കണ്ട് ആരാധിച്ചിരുന്നു എന്നെങ്കിലും ഒരിക്കൽ ജയചന്ദ്രൻ മരിച്ചുപോയാൽ ആത്മഹത്യ ചെയ്യണമെന്ന് വിചാരിച്ചിരുന്നു കഴിയില്ല എന്നറിയാമായിരുന്നിട്ടും വെറുതേ ഒരു ഫാൻറസിയായി കൊണ്ട് നടന്നിരുന്നു  അങ്ങിനെയൊരു മോഹം ജയചന്ദ്രൻ മരിച്ചു ജയചന്ദ്രൻ ഒരിക്കലും മരിക്കില്ല എന്നൊന്നും കരുതിയിരുന്നില്ല എന്നിട്ടും ജയചന്ദ്രൻ മരിച്ചു ഒരു ഗായകന്ന് ചേരുന്ന മരണം എന്നിട്ടും ഞാനാത്മഹത്യ ചെയ്തില്ല ജയചന്ദ്രൻ്റെ മരണത്തിന് ശേഷം ജയചന്ദ്രൻ്റെ ഒരു പാട്ട് പോലും  വെച്ച് കേട്ടില്ല കാരണം ഒന്നും ഉണ്ടായിട്ടല്ല എന്നിട്ടും എന്ന വാക്കിൽ പിടിച്ചുനിന്നു ഒരു പക്ഷേ അനാവശ്യമായി ജയചന്ദ്രൻ്റെ സ്വരത്തിനേക്കാൾ ഒരിത്തിരി ഇഷ്ടം ജീവിതത്തിനോട്  കൂടുതൽ തോന്നി പലവട്ടം കുലുക്കി എന്നിട്ടും എന്ന വാക്ക്  ആര് പാടുന്നു എന്ന് നോക്കാതെ കൂടുതൽ പാട്ടുകൾ കേട്ടു മരണത്തിനേക്കാൾ ആത്മഹത്യയോട് ഒരിത്തിരി ഇഷ്ടം കൂടുതൽ തോന്നിയ കാലത്തൊക്കെ ഞാൻ ജീവിച്ചിരുന്നു അതും ജീവിച്ചിരിക്കുന്നതിൻ്റെ കാരണങ്ങൾ ആരോടും ബോധ്യപ്പെടുത്താതെ തന്നെ നിൻ്റെ ജീവിതത്തേക്കാൾ എൻ്റെ ജീവ...

നമുക്ക് നടത്തം കുരുവികൾ

എനിക്ക് ഹാ എന്ന വാക്ക് തൂക്കി എനിക്കില്ലാത്ത ജനൽ തുറന്നിടാൻ തോന്നുന്നു. എനിക്കില്ലാത്ത എന്ന വാക്കാണ് ആ ജനൽപ്പാളിയുടെ കണ്ണാടിയായി എന്നേ കൂടുതൽ സുതാര്യമാക്കുന്നത് കടന്ന് വരുന്ന വെളിച്ചത്തിൽ  കാണപ്പെടും കൂടുതൽ കൂടുതൽ വീടുകൾ അതിലേതാണ് എൻ്റെ വീട് എന്ന തിരച്ചിൽ എന്നിൽ  കൂടുതൽ കൂടുതൽ കണ്ണുകളെ നിർമ്മിക്കുന്നു നമ്മൾ കുരുവികളാവും സന്ദേഹങ്ങളിൽ ഇരിക്കുന്നു ഏറ്റവും പുതിയ കുരുവികൾ എന്ന് പകലുകൾ 2 തുറന്നിട്ട വീടുകൾ പരിസരങ്ങളിൽ, ജനാലകളേക്കാൾ കൂടുതൽ കൂടുതൽ നമ്മളേ നിർമ്മിക്കുന്നു ഏറ്റവും പുതിയ പകലുകളിൽ ഏറ്റവും പഴയ പകലുകൾ വിരുന്നുകാർ ഏറ്റവും പഴക്കമുള്ള പ്രകാശം അപ്പോഴും നമ്മൾ ജനാലകളിലൂടെ വിളമ്പുന്നില്ല നമ്മൾ പഴകിയ പകലുകളാകും വരും കാലങ്ങളിൽ തുറന്നിടാൻ  ഇന്നിലേക്ക് വീണുകിടക്കും  അന്നിൻ്റെ ഒരു നിഴൽ കരുതുന്നു ബുദ്ധനിലെ ഏറ്റവും പഴയ മൃദുവായ പ്രതിമ മാത്രം മുറിയിൽ ബുദ്ധപ്രതിമകളുടെ നിഴലുകൾ ധ്യാനിക്കുന്നില്ല ബുദ്ധനിലേക്ക് അവ തുറക്കപ്പെടുന്നില്ല ധ്യാനിച്ച് പ്രതിമകൾക്കും ബുദ്ധനും ഒരേ സമയം മടുത്തിരിക്കുന്നു ബുദ്ധനിടുന്ന കോട്ടുവായകൾ പ്രതിമകളിൽ തട്ടി ധ്യാനങ്ങളിൽ തങ്ങിനിൽക്കുന്നു കോട്ടുവായിടുന്ന ബുദ്ധൻ ...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

പെയ്ത്തുബുദ്ധൻ

യാത്രയേ വാക്ക്  ഒരു മേഘത്തിൽ എടുത്ത് വെക്കുമ്പോലെ കൂടെ വരുന്ന മേഘം എന്ന്  ചെയ്ത യാത്രയേ ലഘൂകരിക്കുന്നു അമ്പിളിക്കല ഇട്ടുവെക്കും മാനത്തിൻ്റെ ജാർ ഇടക്ക് അകലം ഇട്ട് കൂടേ നക്ഷത്രങ്ങൾ  അടുപ്പം  ജലസ്പർശനം വിരൽത്തുമ്പ് കൊരുക്കുന്നു മുല്ലകൾക്ക് മാത്രമായി വെളുക്കുന്ന നേരം യാത്രയുടെ ഒരു തണുത്ത ഐസ് ക്യൂബ് യാത്രയേക്കാൾ തണുത്ത ജലത്തിൽ ചലനത്തിനേക്കാൾ നേർപ്പിച്ച് യാത്രയിലേക്ക് യാത്രക്കാരൻ അലിഞ്ഞുചേരുന്നു യാത്രയുടെ ഐസ് ക്യൂബുകൾ, അലിയുന്ന രണ്ട് പേരിലേക്ക് ബുദ്ധൻ ശ്വസിച്ചുവെച്ച നിശ്വാസങ്ങളിൽ, ഏറ്റവും ധ്യാനാത്മകമായ ഒന്ന് തിരഞ്ഞെടുക്കുന്നു ശ്വാസത്തിൽ നിന്നിറുക്കാതെ ഏറ്റവും ശാന്തമായ അന്തരീക്ഷത്തിൽ ഷോക്കേസിൽ സൂക്ഷിക്കുന്നു എന്നെങ്കിലും ബുദ്ധൻ ഒരു നൃത്തം വെച്ചിട്ടുണ്ടെങ്കിൽ  അതിലേ അത്യന്തം ഐശ്ചികമായ മുദ്ര പിന്നീട് എന്നെങ്കിലും അത്രയും വിശദമായി പ്രതിപാദിക്കപ്പെട്ട  രണ്ട് ചുവടുകൾ എന്ന വണ്ണം ഉടൽ, ചെയ്ത യാത്രയുടെ ഐസ്ക്യൂബുകൾ പൂർവ്വമാതൃകകൾ ഉള്ളതിനാൽ വേനൽക്കാലങ്ങൾ പൂർവ്വസൂര്യനെ തിരഞ്ഞ് അന്നന്നത്തെ സൂര്യനും ഒരു മേഘം ബുദ്ധനിൽ ചെന്ന് തട്ടി തിരിച്ചു പോകും മാനം അത് പെയ്യാതെ എടുത്തുവെക്കും ക...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

കാട്ടുതീ കഴിഞ്ഞ് കാട്

കാട്ടുതീ കഴിഞ്ഞ് കാട് കനലുകൾ എടുത്ത് വെച്ച് മൃഗങ്ങളാക്കുന്നത് പോലെ കഴിയാത്ത, കെടാത്ത കാട്ടുതീകളുടെ ആരവം ഭാഷ എടുത്തുവെച്ച് കവിതകളാക്കും വിധം കാലിലെ കെടുത്തുവിത്തുകൾ അതിലെ കെടാത്ത നടത്തങ്ങൾ ഓരോ ചുവടുകളിലേക്കും ആളിക്കത്തും നൃത്തങ്ങൾ ഒരു നായാടിയുടെ കാലടികളും നാടോടിയുടെ പഴയ ഉടലുമുള്ള പുനരുജ്ജീവിപ്പിക്കുവാൻ  കഴിയാത്ത വിധം  ഏതുനിമിഷവും വംശനാശം വന്നുപോയേക്കാവുന്ന മനുഷ്യനാവുന്നു പ്രണയിച്ചു തീരാത്ത ഭാഷക്കരികിൽ ഞാനും എൻ്റെ വാക്കും വാക്കിന്നരികിലെ കെടുത്തുജലം അതിനെ ഓമനയെന്നോണ്ണം നക്കിതുടച്ച് അതിൽ ഒഴുകിനടക്കും മൃഗനാവുകൾ കെട്ടിക്കിടക്കും ഭാഷയിൽ നിന്നും ഒഴുക്ക് ജലത്തിൽ നിന്നും ദാഹത്തെ എടുത്തു വളർത്തും വാക്കിൻ്റെ ഓമനമൃഗങ്ങൾ നാലായിരം നാവുകൾക്കും നിലാവുകൾക്കും ഒറ്റക്കാട് പൗർണ്ണമി ഒരു മൃഗമാവുന്ന രാത്രിയിൽ വേട്ടയ്ക്കരികിൽ വായിലെ നാവുമൃഗങ്ങൾ അവ വേട്ടയാടും വാക്കുകൾ അതിനെ  അതേ കാടിനെ ചന്ദ്രനെന്ന് വിളി ചന്ദ്രനെന്ന് വിളി എന്ന് കാതിൻ്റെ കാട് കടന്ന് പോകും എൻ്റെ പാട്ടുമൃഗങ്ങൾ ഈയത്തിൻ്റെ ശബ്ദവും വേദത്തിൻ്റെ നിശ്ശബ്ദതയും കടന്നുപോയ കാതാണ് അഹിംസ ഒരിടമാവുകയായിരുന്നു ബുദ്ധനെന്നും ഗാന്ധിയെന്നും ഒഴുകാത്ത ച...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

എനിക്ക്

ഇലകളേ നിർദ്ദേശിക്കുന്നു ശലഭങ്ങൾക്ക് മുൻഗണന എന്നൊരു ആശയം നൽകുന്നു  പിന്നെയത് ആകാശമായതാവണം ഒരു ഔദാര്യമെന്ന നിലയിൽ ഒരാൾക്ക് പാകമായ ശൈത്യം മറ്റൊരാൾക്ക് പാകമായ ഏകാന്തത എന്നൊക്കെയുണ്ടാവണം എൻ്റെ അപകർഷതാബോധമാണ് ഏറ്റവും ഉദാത്തം എന്ന് കരുതിയിരുന്നു ഗൗനിക്കുന്നതേയില്ല മേഘങ്ങളെ ആരും മിണ്ടുന്നേയില്ല പക്ഷികളേ ക്കുറിച്ച്  പക്ഷികൾ മിണ്ടുന്നു എന്ന  ആഖ്യാനം ചമച്ച് അതും പക്ഷികൾ  പുരാതന കാലം മുതൽ മിണ്ടിയിരുന്നു, എന്ന് കണ്ടുപിടിച്ച മാതിരി നുണപ്രചരണങ്ങൾ നടത്തുന്നു വന്ന് വന്ന് ഒന്ന് മിണ്ടിയാൽ നുണയായിട്ടുണ്ട് പക്ഷികൾ എൻ്റെ പക്ഷികൾ അവയുടെ നിശ്ശബ്ദതകൾക്ക് നിർദ്ദേശങ്ങൾ നൽകുന്നു ഒരാൾ വൈകുമ്പോൾ വീടിൻ്റെ ചവിട്ടുപടികൾ ചെയ്യുന്നതെല്ലാം ഇനി ഉണ്ടാവുമോ ചവിട്ടുപടികൾ ഉടച്ച് കളഞ്ഞ വീടുകൾ ഇനി ഉണ്ടാകുമോ ആർക്കും പാകമാകാത്ത വിഷാദം എന്ന ഒന്ന് ഒരു പക്ഷിക്കും പാകമാകാത്ത കൂട് നീല നിറമാണ് ചുറ്റും ആകാശത്തെ വകഞ്ഞുമാറ്റുന്നു ഇളംനീല നിറത്തേ അഭിമുഖം ചെയ്യുന്നു ഇനി തുമ്പികളുമായി മാത്രം അനുവദിക്കപ്പെടും അഭിമുഖങ്ങളിൽ ദൈവം വലിച്ചിടുന്ന  കസേരകളാവുമോ വിഷാദം? ഇനിയുള്ളത് ദൈവമില്ലാത്ത ഒരാൾ  എന്ന സത്യവാങ് മൂലം എനിക്ക്...