Skip to main content

വിഷാദത്തിൻ്റെ കൊക്കുള്ള നീലപൊന്മാനും ഞാനും

ഭാവത്തിൽ സ്വരം ലയിപ്പിക്കുന്ന
ജയചന്ദ്രനെ ഏറേ ഇഷ്ടമായിരുന്നു

ജയചന്ദ്രൻ്റെ സ്വരത്തിനെ 
ദൈവമായി കണ്ട്
ആരാധിച്ചിരുന്നു
എന്നെങ്കിലും ഒരിക്കൽ ജയചന്ദ്രൻ മരിച്ചുപോയാൽ
ആത്മഹത്യ ചെയ്യണമെന്ന്
വിചാരിച്ചിരുന്നു
കഴിയില്ല എന്നറിയാമായിരുന്നിട്ടും
വെറുതേ ഒരു ഫാൻറസിയായി
കൊണ്ട് നടന്നിരുന്നു 
അങ്ങിനെയൊരു മോഹം

ജയചന്ദ്രൻ മരിച്ചു
ജയചന്ദ്രൻ ഒരിക്കലും മരിക്കില്ല
എന്നൊന്നും കരുതിയിരുന്നില്ല
എന്നിട്ടും ജയചന്ദ്രൻ മരിച്ചു
ഒരു ഗായകന്ന് ചേരുന്ന മരണം

എന്നിട്ടും ഞാനാത്മഹത്യ ചെയ്തില്ല
ജയചന്ദ്രൻ്റെ മരണത്തിന് ശേഷം
ജയചന്ദ്രൻ്റെ ഒരു പാട്ട് പോലും 
വെച്ച് കേട്ടില്ല

കാരണം ഒന്നും ഉണ്ടായിട്ടല്ല

എന്നിട്ടും എന്ന വാക്കിൽ പിടിച്ചുനിന്നു
ഒരു പക്ഷേ അനാവശ്യമായി

ജയചന്ദ്രൻ്റെ സ്വരത്തിനേക്കാൾ
ഒരിത്തിരി ഇഷ്ടം ജീവിതത്തിനോട് 
കൂടുതൽ തോന്നി

പലവട്ടം കുലുക്കി
എന്നിട്ടും എന്ന വാക്ക് 
ആര് പാടുന്നു എന്ന് നോക്കാതെ
കൂടുതൽ പാട്ടുകൾ കേട്ടു

മരണത്തിനേക്കാൾ ആത്മഹത്യയോട്
ഒരിത്തിരി ഇഷ്ടം കൂടുതൽ തോന്നിയ
കാലത്തൊക്കെ ഞാൻ ജീവിച്ചിരുന്നു
അതും ജീവിച്ചിരിക്കുന്നതിൻ്റെ കാരണങ്ങൾ ആരോടും ബോധ്യപ്പെടുത്താതെ തന്നെ

നിൻ്റെ ജീവിതത്തേക്കാൾ
എൻ്റെ ജീവിതത്തോട് ഒരിത്തിരി ഇഷ്ടം കൂടുതൽ തോന്നിയത് കൊണ്ട് 
നീ ജീവിച്ചിരുന്നു എന്ന് 
എന്നോട് എന്നോ
വെളിപ്പെടുത്തിയത് പോലെ
വെളിപാടുകളുടെ പകലുകൾ ഉണ്ടായി വന്നു
സന്ധ്യകഴിഞ്ഞ് വന്നത് കൊണ്ട് മാത്രം
രാത്രികളേ അവഗണിച്ചു

ജീവിച്ചിരിക്കുവാൻ എനിക്കും
എന്നും ഒരു
ഒരു ഫാൻ്റസി വേണമായിരുന്നു

വിഷാദമറുകുള്ളവൾ
കേൾക്കുവാൻ എന്നും ഒരു ഗസൽ തികച്ച് വേണ്ടവൾ
എന്ന് ഞാനും അവളേ
ആശ്വസിപ്പിക്കുവാൻ എന്നോണ്ണം
അവൾക്കിഷ്ടമുള്ള പാട്ടുകൾ
കൂടുതൽ കേട്ടു

ജീവിച്ചിരിക്കുവാൻ ഒരു കാരണം എന്നോണ്ണം
ആത്മഹത്യയേക്കാൾ
വിഷാദത്തിനോട് 
അവളുടെ വിഷാദവസന്തത്തിനോട് ഒരിത്തിരി ഇഷ്ടം കൂടുതൽ തോന്നിത്തുടങ്ങിയിട്ടുണ്ട്

കൊക്കിൽ പാട്ടൊന്നും ഇല്ലാത്ത
നീലപ്പൊന്മാൻ
നീല കൂടുതൽ പുരണ്ട അതിൻ്റെ
കൊക്കോളം എത്തിനിൽക്കും വിഷാദം

വിഷാദികളോട് എന്നും
ക്ഷമിക്കുന്ന ഋതുവിന്
പാട്ടൊന്നും കേൾക്കാതെ
കാതുകൾ തരിശ്ശിട്ട്
കൂട്ടിരിക്കുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

നെടുവീർപ്പിൻ്റെ വിത്ത്

ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം കിളിർത്ത് വരുന്നത് നോക്കിയിരിക്കുകയായിരുന്നു  പക്ഷിയും അതിൻ്റെ കൊത്തലും ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക് ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു പക്ഷി ശ്വാസം കൊത്തി തിന്ന് ആയുസ്സ് നീട്ടുന്നു കണ്ണ് കൊണ്ട് നോക്കുന്നു മണ്ണ് മണ്ണ് എന്ന് അത് വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു കൊത്തുകളുടെ വീണ്ടെടുപ്പാണ് എൻ്റെ പക്ഷി അത് തൂവലിൽ ഇട്ടുവെക്കുന്നു വെന്നേയുള്ള ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു ഗൃഹാതുരത്തം തട്ടിമറിച്ചിടും പോലെ ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും തകരപ്പാട്ട മറിയുന്നു നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു പർപ്പിൾ പൂവ് ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ നിന്നും ശാന്തമായി  കണ്ടെടുക്കുന്നു ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ നിലത്ത് ഋതുക്കൾ യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല അത് വിരിയുക മാത്രം ചെയ്യുന്നു എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്  ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു മിടിപ്പുകളുടെ കാടിൽ നിന്നും ഇനിയും പുറത്ത് കടക്കാത്ത ഹൃദയം ഉടലിൽ മൃഗം പോലെ പതുങ്ങുന്നു നെടുവീർപ്പുകൾക്ക് എതിരേ ചാട...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...