ചുവടുകൾ മാത്രം ചാരി
നിശ്ചലതയുടെ ശുചിമുറിയിൽ
നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല
അത്
ചാരിയിട്ടുണ്ടാവണം വസന്തം
ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ
ശുചിമുറി നോക്കി
വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു
ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ
ഒരു ഋതുചാരൽ
അതിൻ്റെ കുന്തിച്ചിരിപ്പ്
നെടുവീർപ്പിൻ്റെ സാക്ഷ
ഒന്നും ഉണ്ടാവില്ല
ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ
ചുണ്ടും കാതും ചാരി
അവ ഞൊറിഞ്ഞുടുക്കും
മൂളിപ്പാട്ടുകൾ
വീടിന് ചുറ്റും
ജലം ഒഴുകുന്ന പോലെ ഉണ്ടാവും
ജാലകങ്ങൾ
രണ്ട് ഉപമകൾക്കിടയിൽ
വലിച്ച് കെട്ടിയ പകൽ
സമനില വഴങ്ങിയ
പശപശപ്പുള്ള സൂര്യൻ
ഇതളുകളിലായാലും
ഉടുത്തിരിക്കുന്നതിലേക്കുള്ള
നടപ്പാണ്
നഗ്നതകളാവും കാലടികൾ
ഇന്നലെ ഒരു മൂളലായി
കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും
മൂളിപ്പാട്ടുള്ള സൂര്യൻ
വായന കഴിഞ്ഞും വിരിയും
വാക്കിൻ്റെ അവസാന മൊട്ട്,
കവിതയിൽ
അടങ്ങിയിരിക്കുന്നത് പോലെ
മണമുള്ള ഒരു താരാട്ട്
മുല്ലപ്പൂക്കളിൽ
അപ്പോഴും തങ്ങിനിൽക്കുന്നു
ചാരിയിട്ടുണ്ടാവുമോ ആകാശം
തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല,
മേഘങ്ങൾ
പ്രാവുകൾക്കില്ല
എവിടെയും നീലനിറങ്ങളിൽ
ചാരനിറങ്ങൾക്കുള്ളയത്രയും
ശുചിമുറികൾ.
ഇരുട്ടിൻ്റെ മൊട്ടുള്ള,
ഒരിത്തിരി ഇറുകിയ സന്ധ്യ
ഉടലിനെ ഉണർത്താതെ ഉറങ്ങും
നഗ്നതകൾ
അസ്തമയത്തിൻ്റെ ഷോക്കേയ്സാവും
വിഷാദം
ഇത്തിരി കുറുകിയ പകൽ മാത്രം
പ്രാവിൻ്റെ കണ്ണിൽ ഇറുത്തുവെക്കുന്നു!
Comments
Post a Comment