അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!
പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത
കാട്ടുമൃഗത്തിൻ്റെ
ശരാശരി നോട്ടമാവും
മനുഷ്യന് മുന്നിൽപ്പെട്ടാൽ
കവിത എടുത്തുവെക്കുക
മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും
കവിതയാവുന്ന കാലമാണ്
ഏത് മൃഗത്തിനും അതറിയാം
മനുഷ്യനറിയാമോ?
കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം
എന്നാലും
മുന്നിൽ പെട്ടുപോയ
ഇരയുടെ അനുയോജ്യമായ നോട്ടം
കവിതയും മനുഷ്യനും
പരസ്പരം വെച്ചുമാറും
മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും
കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന
കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട്
ഏത് മനുഷന് നേരെയും
കവിത അത് തിരഞ്ഞെടുക്കാം
എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം
അതിൻ്റെ കാട്ടുമൃഗപ്പരതൽ
മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത
വായിച്ചെടുക്കും
അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ
ഉടൽ താഴ്ത്തിയാലും
ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും
പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും
മറഞ്ഞിരിക്കുന്നതിൻ്റെയും
സഹജമായ കടുത്തപാടുകൾ
മൃഗം അതിൻ്റെ ഉടലിൽ
എടുത്തണിയുമ്പോലെ
എഴുതികഴിഞ്ഞ കറുത്ത പാട്
കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും
ഇനിയും കറുക്കാത്ത പാടുകളായി
വാക്കുകൾ, കവിയുടലിൽ
അലസനോട്ടം നഷ്ടപ്പെട്ട
ഒരാളുടെ ശരീരഭാഷ
ഏതുനിമിഷം വേണമെങ്കിലും
കവിതക്ക് എടുത്തണിയാം
പക്ഷേ കവിത അത് ചെയ്യില്ല
പകരം,
എതിരെ വരുന്ന എന്തിനേയും
വേട്ടക്കാരനായി പരിഗണിക്കുവാനുള്ള കവിതയുടെ അസാമാന്യകഴിവ്
വേട്ടക്കുള്ള ക്ഷണക്കത്ത്
എന്ന വിധം
കവിതയുടെ അപരവായന
അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം
റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നും
എന്നോ പുറത്ത് ചാടിയ
മൃഗം കണക്കേ കവിത!
Comments
Post a Comment