Skip to main content

തടവറമണമുള്ള ഭാഷ കവിതയാകും വിധം

ഞാനെന്ന വാക്ക് 
എല്ലാ നഗ്നതയിലും
പങ്കെടുക്കുന്നത് പോലെ
നിങ്ങൾ എല്ലാ കൊള്ളയിലും പങ്കെടുക്കുന്നു

വിശ്വസിച്ചാലും ഇല്ലെങ്കിലും
നിങ്ങളുടെ നഗ്നത ഒരു ഇലയാണ്
ഇലക്ക് മുമ്പ് 
കിളിക്ക് പിമ്പേ 
അമ്പിനും 
അമ്പിന് മുമ്പിരുന്ന കിളിക്കും 
അത് കൊള്ളുന്നതിന് മുമ്പേ 
കിളിർത്ത വാക്കിനും 
അത് കലയായിരിക്കാം
പക്ഷേ ഒരു കലക്കും ഇതുവരെ
നിങ്ങളേ മനസ്സിലായിട്ടില്ല
എന്നേയും

നിങ്ങളേ മനസ്സിലാക്കിയ ഒരാൾ
ഞാനാണ് 
അതിനാൽ ഞാനെന്ന വാക്കിൽ
എന്നെ വെക്കുന്നു
ഇനി ഞാനെഴുതട്ടെ എന്ന്
സകല ഇലയോടും സകല നഗ്നതകളോടും യാചിക്കുന്നു

ലോകത്തിൻ്റെ കണ്ണിൽ 
കല നഗ്നമാവുന്നു
എല്ലാ കലകളും കാലത്തിന്
ഒപ്പം കാമത്തിനും
കാവൽ നിൽക്കുന്നു

കാലം നിയതികളുടെ
നീതികളുടെ തൊണ്ടിമുതലുകൾ ഉള്ള ഒരു കൊള്ളക്കാരനാവുകയാണ്
അതേ, അതും ആരുമറിയാതെ

അത് നിങ്ങളേ
ഒരു കാലത്തും അലോസരപ്പെടുത്തുന്നില്ല
കാരണം,
നിങ്ങൾ തന്നെ ഒരു കൊള്ളമുതലാവണം
നിങ്ങൾ പോലുമറിയാതെ

ഇനി
നിങ്ങളുടെ നഗ്നത
ഉദ്ഘനനം ചെയ്തെടുത്ത 
സംസ്കൃതിയിൽ
ഒരു പക്ഷേ
നദീതടം എന്ന വാക്ക് ചേർത്ത്
സ്ഫുടം ചെയ്തെടുത്ത സംസ്കൃതിയിൽ
എന്ന് തെളിച്ച് തന്നെ പറയേണ്ടിവരും

നിങ്ങളുടെ നഗ്നതക്ക് 
പരമ്പരാഗതമായി സൂര്യൻ
പാറാവ് നിൽക്കുന്നു
അതും എന്തിനെന്നറിയാതേ
എന്നാവും നിങ്ങൾക്കിനി പറയുവാനുള്ളത്

ശരി സമ്മതിച്ചു
സമ്മതിക്കാതെ തരമില്ല

സമ്മതങ്ങൾ  
മാപിനികൾ ഇല്ലാത്ത ചതികളാണ്
മൺതരികൾ ഇല്ലാത്ത ഒഴുക്ക് പോലെ
അത്രയും ശാന്തമായത്

ഒരു വാക്കും അക്ഷരങ്ങൾ 
കുത്തിതുറക്കുന്നില്ല
ഒരു വാദത്തിന് വേണ്ടി പറയുന്നതല്ല
സ്വതന്ത്രരായവരുടെ നഗ്നതയ്ക്ക്
ഉടലുകൾ ഒരു കാലത്തും ജാമ്യം നിൽക്കുന്നില്ല
ഒരു ഭംഗിക്ക് വേണ്ടി പറഞ്ഞാൽ 
രാജ്യവും

തെളിവുണ്ട്
കാരണം മരിച്ചുപോയവരുടെ കണ്ണുകൾ
തുറന്നിരിക്കുന്നു
അതും അന്നുമുതൽ
ഇന്ന് വരെ

കൊല്ലപ്പെട്ടവരുടെ കണ്ണുകൾ
നിങ്ങൾ കൊന്ന് തള്ളിയവരോ
എന്ന് ചോദിക്കാതെ ചോദിക്കും വണ്ണം
ഒന്ന് തുറന്നടഞ്ഞിട്ടുണ്ടാവണം
അത്രമാത്രം

മരിച്ചുപോയവരുടെ കണ്ണുകൾ സാവകാശം എരിയുന്നു
അതിലും സാവകാശം അടയുന്നു
അതിലും സാവകാശം അടക്കപ്പെടുന്നു
മരിച്ചുപോയവരുടെ കണ്ണുകൾ
കണ്ടാലും കണ്ടില്ലെങ്കിലും
അവ മൃതദേഹങ്ങളിൽ തുടരുന്നില്ല

താഴുകളുടെ ആഴം മനസ്സിൽ
സൂക്ഷിച്ച്
വിരലിൻ്റെ അഴി പിടിച്ച് കവിതയും
നിൽക്കുന്നു

അനാഥമാണ് എന്നും കണ്ണുകളുടെ
ആഴം

കെട്ടകാലം എന്ന വാക്ക്
ഏറേക്കാലമായി തങ്ങിനിൽക്കുന്ന
ഇടമല്ല, നാട് തന്നെയാണ്

പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത
പക്ഷി ആകാശമാവുമ്പോലെ
ഇലകൾ മരമാവുന്നുണ്ടാവണം
ചെടികളിൽ തുടരുന്നുണ്ടാവണം
വേരുകളുടെ പരിമിതിയിൽ ജലം
ലവണങ്ങൾ എന്ന് കേട്ടെഴുതുന്നുണ്ടാവണം

ഇനി അതെഴുതി കഴിഞ്ഞ ഭാഷ
ശരിക്കും ഉപമയേ നോക്കിയിരിക്കുന്ന പക്ഷിയാവണം

തൂവലുകൾ ആരുടെ നിഷ്ക്കളങ്കത
എന്ന് പക്ഷികൾ, തമ്മിൽ തമ്മിൽ ചോദിക്കുന്നത് പോലെയാവുമോ 
ഇനിയത്

കൈയ്യിൽ നിന്ന് പോയാൽ
ഉടൽ ഒരു തൂവലാണ്
അത് പഠിപ്പിച്ചത് വീഴ്ച്ചകളാണ്
വീഴ്ച്ചകൾ ഇട്ടുവെച്ചിരുന്ന കുപ്പി
എന്ന വിധം ഉടൽ വീഴുമ്പോഴൊക്കെ നിലത്ത് വീണു പൊട്ടി
നിലത്ത് വീഴാതെ പൊട്ടുന്നതെല്ലാം
മനസ്സായി
തൊട്ടുപുരട്ടാൻ വെച്ചിരുന്ന
നോവുകൾ ചുറ്റും ചിതറി
പരിക്ക് പറ്റിയ മിന്നാംമിന്നിയേ പോലെ
നോവുകൾ ചുറ്റിലും പറന്നു
അത് ഒരു മിനുക്കത്തേ വെളുക്കുവോളം
പരിചരിച്ചു

ഏതായാലും നോക്കുമ്പോഴൊക്കെ
മുഖത്തോട് മുഖം നോക്കുന്നുണ്ട്
ആകാശം

മഴ പെയ്യുവാൻ മാത്രം സ്വകാര്യമായി കരുതിവെച്ച ആകാശത്തിൽ
മറുപുറം പക്ഷികൾ പറന്നിരിക്കുന്നു

ആരേയും അറിയിക്കാതെ 
പറന്ന പക്ഷികൾ എൻ്റെ മറവിയിലൂടെ ഒലിച്ചിറങ്ങുന്നു

അടിഞ്ഞുകൂടിയ നീലകൾ 
വകഞ്ഞ് മാറ്റി പക്ഷികൾ 
ആകാശങ്ങൾ കുത്തിവിടുന്നു.
മേഘങ്ങൾക്കൊപ്പം

എയ്ത പക്ഷിയേ
മാനിഷാദ പുരട്ടി മാറ്റിവെക്കുന്നു
പെയ്ത പക്ഷി പതിയേ മഴയാവുകയാണ്
ശരി,
ഇനി ചെയ്ത പക്ഷിയേക്കുറിച്ച്
എന്തെങ്കിലും?

പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത
പക്ഷി 
ചെയ്തതെല്ലാം ഉപേക്ഷിച്ച് 
രൂപകത്തിൻ്റെ കണ്ണുള്ള ഭാഷയാവുകയാണ്

കവിതപ്പിടച്ചിലുകൾ
കവിതയിടച്ചിലുകൾ
മദപ്പാടുള്ള ഭാഷ

കവിത കൊത്തി നിർത്തിയ ഭാഷ
പക്ഷി കഴിഞ്ഞ് ആകാശമാകുമ്പോലെ
പക്ഷി ആകാശം മറികടന്നിരിക്കുന്നു
പറക്കാതെ തന്നെ

പക്ഷിമറവികൾ എന്ന വിധം ആകാശം

പക്ഷികളുടെ നാഗരീകതയിൽ
ഉയരും ഉത്ഘനനങ്ങളുടെ കെട്ടിടം

ശരി ഭൂതകാലങ്ങളുടെ ആകാശമേ

വരു നമുക്ക് ഉടലിൽ ചുവടുകളിൽ ഉത്ഘനന നൃത്തങ്ങൾ പങ്കുവെക്കാം
നർത്തകർ അറിയാതെ
പ്രചീനമുദ്രകൾ കുഴിച്ചെടുക്കാം

ശൂന്യതയുടെ അളവ് കോൽ എന്നൊന്നും
ഇനി തെറ്റിദ്ധരിക്കരുത്

ഒരു തുടം തെറ്റിദ്ധാരണ
എത്ര കാലം കഴിഞ്ഞാലും
മനുഷ്യനാവുന്നില്ല

ഒരു തുടം നന കൊണ്ട്
ചെടി പുതുക്കുന്ന ഇല
ഒരിടത്തും തണൽ മണമുള്ള വായനകൾ
കരുതിവെക്കുന്നില്ല

എന്നിട്ടും ഒരു തുടം നീല മാത്രം 
എൻ്റെ ആകാശം കരുതിവെക്കുന്നു

അധികമൊന്നുമില്ല
ഒരു ശരാശരി മനുഷ്യന് അനുഭവപ്പെടും
ഒരു തുടം ശൂന്യത

ഭാഷ നിയന്ത്രിക്കുന്ന ആകാശമേ
നീ മൗനത്തെ കുഴിച്ചിടുന്ന 
ഇടങ്ങളിൽ, മേഘങ്ങളിൽ,
ഇടികൾ കുമിഞ്ഞുകൂടുന്നു

ഉടഞ്ഞ മിന്നലുകളിൽ ഉരഞ്ഞവിധം
മിന്നാംമിനുങ്ങുകൾ കൗതുകങ്ങൾ,
മിനുങ്ങുന്ന അരക്കെട്ടുകൾ എന്നിവ
ഇട്ടുവയ്ക്കുന്നു

വിശ്വസിക്കണം
എല്ലാ തടവറകൾക്കുമുള്ള 
പൊതുമണം
ഭാഷയും സൂക്ഷിക്കുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

നെടുവീർപ്പിൻ്റെ വിത്ത്

ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം കിളിർത്ത് വരുന്നത് നോക്കിയിരിക്കുകയായിരുന്നു  പക്ഷിയും അതിൻ്റെ കൊത്തലും ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക് ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു പക്ഷി ശ്വാസം കൊത്തി തിന്ന് ആയുസ്സ് നീട്ടുന്നു കണ്ണ് കൊണ്ട് നോക്കുന്നു മണ്ണ് മണ്ണ് എന്ന് അത് വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു കൊത്തുകളുടെ വീണ്ടെടുപ്പാണ് എൻ്റെ പക്ഷി അത് തൂവലിൽ ഇട്ടുവെക്കുന്നു വെന്നേയുള്ള ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു ഗൃഹാതുരത്തം തട്ടിമറിച്ചിടും പോലെ ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും തകരപ്പാട്ട മറിയുന്നു നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു പർപ്പിൾ പൂവ് ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ നിന്നും ശാന്തമായി  കണ്ടെടുക്കുന്നു ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ നിലത്ത് ഋതുക്കൾ യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല അത് വിരിയുക മാത്രം ചെയ്യുന്നു എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്  ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു മിടിപ്പുകളുടെ കാടിൽ നിന്നും ഇനിയും പുറത്ത് കടക്കാത്ത ഹൃദയം ഉടലിൽ മൃഗം പോലെ പതുങ്ങുന്നു നെടുവീർപ്പുകൾക്ക് എതിരേ ചാട...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...