വിഷാദത്തിന് പഠിക്കുന്നു
വിഷാദത്തിൻ്റെ ടെക്സ്റ്റ്ബുക്കാവും
പാട്ടുകൾ
കാതുകൾ വിഷാദികൾ
കാതുകൾ നാടകവണ്ടികളിൽ
സഞ്ചരിക്കുന്നു
ഓരോ കാതിനും ഓരോ ജാലകങ്ങൾ
പാട്ടുകൾക്ക് നാടകവണ്ടിയുടെ
ചമയങ്ങൾ ഇട്ടുകൊടുക്കുന്നു
വൈകുന്നേരത്തിന്
അസ്തമയത്തിൻ്റെ ചമയങ്ങൾ
ഒരു പക്ഷേ അനാവശ്യമായത്
വിഷാദകാലങ്ങളുടെ ജപമാലയാവും
മഞ്ഞ്
വണ്ടികൾ നാടകങ്ങളെ കൊണ്ട് പണിയെടുപ്പിക്കുന്നു
ഒരു കാതിൻ്റെ പാതിയിൽ
ഈണത്തിൻ്റെ നൂലിട്ട് കെട്ടിയ
തെറുത്ത പാട്ട് വീണ്ടും തിരുകിവെക്കുന്നു
കാതുകളെ മാറ്റിയിരുത്തുന്നു
നീലക്കാത്
അതിന് നീലനിറമുള്ള തുണികൊണ്ട് ഒരു തൊട്ടിൽ വേണമെന്ന് തോന്നുന്നു
നീലപ്പൊന്മാനുകളെ ഉണർത്തി
കാതിൻ്റെ കാടുകളിലേക്ക് പറഞ്ഞുവിടുന്നു
പൊന്മാനിൻ്റെ ഓർമ്മയിൽ
ഉണർന്നിരിക്കുന്നു
ദുഃഖം പൊന്നാണെന്ന്
അതിൽ കമ്മലുകൾ
എത്രവേണമെങ്കിലും ഡിസൈൻ
ചെയ്യാമെന്ന്
അപ്പോഴും വിഷാദം കാതുകളുടെയും
ഭൂതകാലത്തിൻ്റേയും തട്ടാൻ
എന്നാലും
എത്ര കൂട്ടി വെച്ചാലും
ഒരു മൂക്കുത്തിക്കുള്ള പൊന്ന്
ദുഃഖത്തിൽ തികയില്ലെന്ന്
വിഷാദകാലങ്ങളുടെ തട്ടാൻ
ഒരു ജീവിതത്തിനും തികയാത്ത പൊന്നാവണം പ്രണയം
വിഷാദകാലത്തിലെ യുഗ്മഗാനങ്ങൾ
അപ്പോഴും വരികൾ
ഊതി കത്തിക്കുന്നു
കാതുകൾ ഈണങ്ങൾ എടുത്തണിയുന്നു
ഒപ്പനപ്പാട്ടിലെ മണവാട്ടിയേപ്പോലെ
കാതുകളും വിഷാദവും
അതിൻ്റെ ഇടങ്ങളിൽ
കുണുങ്ങിയിരിക്കുന്നു
അഭിനയത്തിൻ്റെ ടെക്സ്റ്റ്ബുക്ക് പോലെ
മുഖങ്ങൾ വിഷാദങ്ങൾ മറിച്ചുനോക്കുന്നു
കറുത്തതോണിക്കാരാ എന്ന പാട്ടിൽ
വിഷാദം പ്രണയപൂർവ്വം മുഖം തുടക്കുന്നു
നാടകങ്ങൾ തുടങ്ങും മുമ്പ് ഇടും
പാട്ടിൽ വിഷാദം തല വെച്ച് കിടക്കുന്നു
താൻ ജീവിച്ചിരുന്ന കാലങ്ങൾക്ക് ശേഷം
നാടകനടനാവും ബുദ്ധൻ
ധ്യാനത്തിൻ്റെ ചമയങ്ങൾക്ക്
വീണ്ടും തലവെക്കുമോ എന്ന് ഭയക്കുന്നു
പ്ലാറ്റ് ഫോമുകളിൽ തീവണ്ടികൾ പോലെ
നാടകങ്ങൾ അരങ്ങുകളിൽ വൈകുന്നു
തലകൾ വിരിച്ച് നിരനിരയായി അരങ്ങിനും വീടുകൾക്കുമിടയിൽ
കാണികൾ ഇരിക്കുന്നു
അവരുടെ കാലുകൾ അരങ്ങിൽ
നടീനടൻമാൻ ഉപയോഗിക്കുന്നു
ചില്ലിട്ടുവെച്ച നിലയിൽ വിഷാദം
തുടരുന്നു
അരങ്ങിന് പിന്നിലേക്കുള്ള
മാനത്തിലേക്ക് തിരശ്ശീലകൾ അതിൻ്റെ
മൗനത്തിലേക്ക്
മൂടികെട്ടുന്നു
നനയുന്ന കാണിയേ മാത്രം നാടകം
ആദ്യാവസാനം
ചേർത്തുപിടിക്കുന്നു
അവസാന നടനേയും നനച്ച്
നാടകങ്ങൾ പെയ്ത് തോരുന്നു
ഒരിക്കലും ഉയരാത്ത തിരശ്ശീല വിരിച്ച്
ഇനിയും കളിച്ചിട്ടില്ലാത്ത
നാടകം കിടക്കുന്നു
പക്ഷികൾക്കും കുരുവികൾക്കും
ഓരോ ജാലകങ്ങൾ ഉള്ള
നാടകവണ്ടി ഡിസൈൻ ചെയ്യുന്നു
കുരുവികൾ പക്ഷികളല്ലേ എന്ന ചോദ്യത്തിന് ചമയം ചെയ്യുന്നു
കുരുവികളുടെ വസ്ത്രാലങ്കാരത്തിൽ
മന:പ്പൂർവ്വമല്ലാതെ പങ്കെടുക്കുന്നു
തൂവലുകൾ വാരിക്കെട്ടിവെച്ച പക്ഷി
ആകാശം ഉയരത്തിൽ നിന്നും തൂക്കിയിട്ട ഒരു മൈക്രേഫോണാണെന്ന ധാരണയിൽ പറക്കുന്നതിൻ്റെ ഡയലോഗ് നാടകീയമായി പറയുവാൻ
ആരംഭിച്ചു
എൻ്റെ ഉള്ളിലെ പറക്കമുറ്റാത്ത
സംവിധായകൻ
എല്ലാ പക്ഷികളുടേയും കാണിയായി
ആകാശത്തെ അണിയിച്ചൊരുക്കുന്നു
പക്ഷികൾക്ക് മുന്നിൽ കൊണ്ടിരുത്തുന്നു
റിഹേഴ്സൽ മണമുള്ള കുരുവികൾ
എന്ന് പക്ഷികൾ
വിഷാദം എന്ന നാടക ക്യാമ്പിൽ
ശബ്ദത്തിൻ്റെ ചമയങ്ങൾ അഴിച്ച്
എൻ്റെ കാതുകൾ
അപ്പോഴും
വിഷാദം ആരുടെ കാണി എന്ന്
എൻ്റെ കാതുകൾ മാത്രം
ചോദിക്കുന്നു.
Comments
Post a Comment