Skip to main content

അതിഥി എന്ന വിധം ദൈവം

ഒരു അതിഥിക്ക്
ഒരു മുറി കൊടുക്കുന്നത് പോലെ
ദൈവത്തിന് ഒരു ഉറപ്പ് കൊടുക്കുന്നു

(അപ്രതീക്ഷിതമായി വന്നത് എന്നത് അതിഥിയിൽ നിന്നും 
കവിത ഇവിടെ മറച്ച് വെക്കുന്നുണ്ട്)
എന്നിട്ടും ദൈവം
അപ്രതീക്ഷിതം എന്ന വാക്ക് മാറ്റി വെച്ച് മുറി ഉപയോഗിക്കുന്നു
ഉറപ്പ് എങ്ങിനെ ഒരു മുറിയായെന്ന്
കവിതക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല
കവിതക്ക് പുറത്ത് നിൽക്കും വീടിനും

പൂജാമുറി എന്ന ഉറപ്പിൽ
ഒരതിഥി എങ്ങനെ ദൈവമായി എന്ന് ഞാനും ചോദിക്കുന്നില്ല

ചോദ്യങ്ങൾ അതിഥികളല്ല 
ഉത്തരങ്ങൾ ആതിഥേയരും
എല്ലാ ചോദ്യങ്ങൾക്കും ഉറപ്പുകൾക്കും
പുറത്ത് നിൽക്കും ദൈവം
എന്നിട്ടും ദൈവം 
ചോദ്യം ചെയ്യുവാൻ പാടില്ലാത്ത അടച്ചുറപ്പുള്ള മുറിയിൽ തുടരുന്നു

(എല്ലാ ഉറപ്പുകളും മറച്ച് വെക്കേണ്ടതാണെന്ന് എനിക്കിപ്പോൾ
മനസ്സിലാവുന്നുണ്ട്)
എനിക്കൊപ്പം മുറിയും ഇപ്പോൾ
വീടിനുള്ളിൽ പരുങ്ങുന്നു

ജനലിലൂടെ നോക്കുമ്പോൾ
പിൻവശം മാത്രം കാണാവുന്ന മീൻകാരിയുടെ കൊട്ടയിലെ മീനുകളായിരിയ്ക്കുന്നു ഉറപ്പ്
എന്നിട്ടും ജെൻ്റർന്യൂട്രാലിറ്റി എവിടെ എന്ന് ദൈവം ചോദിക്കുന്നില്ല

ഉടുക്കാവുന്ന ഒരു സാംസ്കാരിക
ദ്രാവകമാവും കൈലി
ദൈവം അതിൽ ചിത്രകാരൻ്റെ ബ്രഷിനാൽ കളങ്ങളുടെ സ്ട്രോക്കിടുന്നു
മീൻകാരിയുടെ തലയിൽ നിന്നും 
വരച്ചുതീരാത്ത അയാളുടെ തലയിലേക്ക്
മീൻകൊട്ട പിടിച്ചുവെക്കുന്നു

എവിടെ അതിലെ ഭാരം എന്ന് എൻ്റെ
ഉറപ്പ് മാത്രം എത്തിനോക്കുന്നു

വരച്ച് തീരാത്ത ചിത്രത്തിലേക്ക്
ഒരാളുടെ കാത്തുനിൽപ്പ്
അതും ഭാരമെടുക്കുവാൻ വേണ്ടിമാത്രം
തമിഴ്ച്ചുവയുള്ള കൊതിപ്പിക്കുന്ന കറുപ്പ്
ചിത്രത്തിൽ ഉദാരമാക്കും ദൈവം
അയാളെ കൂടുതൽ
നിറം കൊണ്ട് കരുത്തനാക്കും ദൈവം

അപ്പോഴും ദൈവം തൻ്റെ ജെൻറ്റർ ന്യൂട്രാലിറ്റി സേഫ്സൈഡിൽ സൂക്ഷിക്കുന്നു
എന്തിനാണ് ഒരു മലയാള കവിതയിൽ
ഇത്രയും അധികം ആംഗലേയ വാക്കുകൾ എന്ന് അതിശയിക്കുവാൻ ദൈവം അപ്പോഴും മറക്കുന്നില്ല

കവിതയിലെ ദൈവമേ
അങ്ങയുടെ മറവി എന്നതിശയം
വായനക്കാർ കൂറുമായിരിക്കും

അപ്പോഴും ദൈവത്തിൻ്റ മറവി
മനുഷ്യനെന്ന നിലയിൽ
എൻ്റെ തലയിൽ പിടിച്ചുവെക്കുവാൻ
കാലം മറക്കുന്നുമില്ല

കവിതയിലെ പ്രാവേ അങ്ങയുടെ
കുറുകൽ എന്നപ്പോഴും അതിശയം
തുടരുന്നു

നോക്കി നിൽക്കുമ്പോൾ ദൈവം ചിറകടിക്കുന്ന പ്രാവുകളിൽ നിന്നും ചിറകടിക്കാത്ത പ്രാവുകളിലേക്ക്
പ്രാവുകളുടെ കുറുകലുകൾ
ഇറക്കിവെക്കുന്നു

കറങ്ങുന്ന പ്രാവിൻ്റെ കണ്ണ് 
മറ്റൊരു പ്രാവിലേക്ക് പിടിച്ചിറക്കി വെക്കുമോ എന്ന് എൻ്റെ നോട്ടം
അപ്പോഴും സംശയിക്കുന്നു

തന്നിലേക്ക് കാക്കനോട്ടങ്ങൾ
എടുത്തണിയും ദൈവം
കാക്കയിലേക്കും അതിൻ്റെ കറുപ്പിലേക്കും ചരിയും ദൈവം
കാക്കയുടെ കറുപ്പിൽ ദുഃഖം, 
ചരിച്ച് വെക്കും ദൈവം
സ്വയം ചരിയും ദൈവം
കറുപ്പിൻ്റെ ഗ്യാലറിൽ സന്ദർശകനായി
നിത്യവും പങ്കെടുക്കും ദൈവം

കറുപ്പ് ഒരു വയലിനാണെങ്കിൽ
ദൈവം മീട്ടുമോ എന്ന് ഞാൻ നോക്കി നിൽക്കുന്നു

ദൈവത്തിൻ്റെ വിരലുകൾ കറുക്കുന്നു

2

ദുഃഖം ആനന്ദങ്ങളെ ഹരിക്കും ഒരു
യുഗ്മഗാനമെന്ന് ദൈവം
ദുഃഖങ്ങൾ എന്നെ മോഹിപ്പിക്കുന്നില്ല
ഞാൻ വിഷാദഗ്രാമത്തിൻ്റെ അതിഥി
എന്ന് ഞാൻ

ദൈവം ദീർഘനിശ്വാസത്തിൻ്റെ
പാഴ്സൽ കൈപ്പറ്റുന്നു
തുറന്നുനോക്കുന്നു
തിരികേ വെക്കുന്നു

നൃത്തവിദ്യാലയത്തിലെ ജനൽ
തബലകളുടെ ചുമടെടുക്കും വിരലുകൾ
ഓലേഞ്ഞാലികൾ 
അവ ഇരിക്കും ഓലയിൽ 
അവയിലേക്കുള്ള തന്നെ ചുരം കയറുന്നു

ദൈവം 
സംഗീതോപകരണങ്ങൾ വകഞ്ഞ് 
ഒരു ബവൂൾ ഗായികയുടെ 
ഏകതാരയായി കുറച്ച്നേരം 
പിന്നെ തന്ത്രിയിൽ തട്ടി,
അടുത്തനിമിഷം രാജിവെക്കുന്നു

പാട്ടുകളിൽ പിടിച്ചുനിൽക്കും ദൈവം
ഈണത്തിന് തീയിടും ദൈവം

മൈനക്കടൽ താണ്ടുവാൻ
ഒരു തിര
അതിൽ മഞ്ഞ കൊണ്ട് ഒരു തിരുത്ത്
തവിട്ട് ഭൂപടങ്ങളുണ്ടായി വന്നു
പതിയേ

ദൈവത്തിൻ്റെ കണ്ണിൽ
അതിശയം വേണോ
വിസ്മയം വേണോ തീരുമാനിക്കേണ്ടത്
ഞാനാണ്

ദൈവം കൊടുങ്കാറ്റിൻ്റെ കെട്ടഴിക്കുന്നു
ഞാൻ ദൈവത്തിൻ്റെ വിരലുകളിൽ
അരുതേ എന്ന് തൊടുന്നു

നിങ്ങൾ കവികൾ അരുതേ എന്ന വാക്ക് 
ഉപയോഗിച്ചിട്ടെത്ര നാളായി 
എന്നായി ദൈവം

ഒരു വാക്കിൻ്റെ ഭ്രൂണം
ഏകാന്തത അതിൻ്റെ ഗർഭപാത്രം

ആകാശം പൊട്ടിച്ചുവായിച്ച പക്ഷികൾ
എന്നെഴുതുന്നു 
വിസ്മയിക്കുന്നു ദൈവം
പറക്കൽ മാറ്റിവെച്ച പക്ഷികൾ,
ഉള്ളടക്കമുള്ള പക്ഷികൾ എന്ന് 
ദൈവം തുടരുന്നു

മല്ലിയിലകൾ പുരോഹിതരാവും
മതമുണ്ടാവുമോ ഭൂമിയിൽ? ചോദിക്കുന്നു ഞാൻ
ദൈവം കേട്ടില്ലെന്ന് നടിക്കുന്നു

ഒന്നും കണ്ടില്ലെന്നും 
കേട്ടില്ലെന്നും നടിക്കുവാൻ ദൈവത്തേക്കാൾ
നല്ല നാടകം ഒരു കാലത്തും
ഉണ്ടായിരുന്നില്ലല്ലോ എന്നായി
ഞാൻ

ദൈവത്തിൻ്റെ കാത്
പുകയിലത്തരി പോലെ
തമ്പാക്കു എന്ന വാക്കിൽ പൊതിഞ്ഞ്
ചുണ്ണാമ്പിന്നൊപ്പം
എൻ്റെ കൈപ്പത്തിയിൽ കിടന്ന് തിരിയുന്നു
ചുണ്ടുകൾക്കടിയിൽ തിരുകും മുമ്പ്  
ഒന്ന് നീട്ടിത്തുപ്പും ദൈവം

പരിസരബോധമില്ലാത്തവൻ
എന്നായി എൻ്റെ മൈനകൾ
അവയൊരിക്കലും 
തവിട്ടുകൾക്കിടയിൽ തുടരുമ്പോഴും
മഞ്ഞ നീട്ടിത്തുപ്പുന്നില്ല

നീട്ടിത്തുപ്പുന്നുണ്ടാവും
തൻ്റെ ഇടങ്ങളിൽ ഏകാന്തത,
ദൈവം

പരിസരമില്ലാത്തവൻ എന്ന് മാത്രം
ദൈവത്തിൻ്റെ ആത്മഗതം!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!