അതിന്റെ ചന്ദ്രനേയും കൂട്ടി
തലേന്നത്തെ
നിലാവ്
വീടിന് പിറകുവശത്ത്
പവിഴമല്ലിയാകുവാൻ വരുന്നിടത്ത്
നാലിതളുള്ള ജാലകങ്ങൾ
നോട്ടം പുരട്ടി
കൊഴിഞ്ഞ് വീണ് മുല്ലയായി കിടക്കുന്നിടത്ത്
വീട് ഒരു കടവാകുന്ന ഇടത്ത്
ജാലകങ്ങൾ പിറകിൽ പുഴയാവുന്ന
ഇടത്ത്
വസന്തം ഒഴുക്കാവുന്ന പുഴയിൽ
നീലനിറത്തിൽ,
പൂക്കളുടെ കടത്തുകാരനാവുന്നു
എന്നും ഓരോ തോണി അധികം വരുന്നു
എന്റെ ഒന്നാം ഏകാന്തത എന്നും
നീയാകുന്ന ഇടത്ത്
പവിഴമല്ലിയെ രണ്ടാം ഏകാന്തതയാക്കുന്നു
ഇന്നലെയുടെ കടത്തുകാരൻ
എന്നും
ഇന്നലെയേയും അക്കരെ കടത്തുന്നു
അങ്ങനെയിരിക്കേ
അവിചാരിതമായി ഒരു ദിവസം
അധികം വരുന്ന
രണ്ടാം ഏകാന്തത
ഒന്ന് ചിന്തിച്ചുനോക്കൂ
അങ്ങനേയിരിക്കെ ഒരിക്കൽ
തലേന്ന് ഉണ്ടായില്ല
ഇന്നലെകൾ നഷ്ടപ്പെട്ടുപോയ ഒരാൾ
ഇനി അങ്ങനെയൊരാൾ
ഉണരുന്നത്
വേണ്ടാന്ന് വെയ്ക്കുകയാണെങ്കിൽ
ഏത് പൂക്കൾക്കിടയിൽ
അയാൾ കൊഴിഞ്ഞുകിടക്കും?
Comments
Post a Comment