Skip to main content

പക്ഷിത്തൂവൽ ശേഖരം കൊണ്ട് അവളെ കൊള്ളയടിയ്ക്കും വിധം

നക്ഷത്രങ്ങൾ കാൽ നനയ്ക്കും
ചന്ദ്രക്കലയിലെ കടവിനെ
അവളുടെ മാലയിലെ 
ലോക്കറ്റിന്റെ തണുപ്പിൽ നിന്നും കണ്ടെടുക്കുകയായിരുന്നു
ഞാൻ

സ്വർണ്ണം കാൽ നനയ്ക്കും ലോക്കറ്റ്
അതായിരുന്നു അവളുടെ മാറിൽ
കിടക്കുമ്പോഴെല്ലാം 
ലോക്കറ്റുമായി തലവെച്ച് മാറുമ്പോഴും
ഞങ്ങൾക്കിടയിലെ ധാരണ

അപ്പോഴെല്ലാം അവൾ സ്വർണ്ണമായി
സ്വർണ്ണത്തിനും മുകളിലേയ്ക്ക് തുളുമ്പീ അവൾ

നനവ് നനഞ്ഞ നീല
ചുണ്ടുകളും നനഞ്ഞിട്ടുണ്ട്
അതിൽ മഴനനച്ച മാവില,
ചേർത്തുവെയ്ക്കും മയക്കം
തണുപ്പിൽ അതിന്റെ 
സ്വർണ്ണമണം കുനുകുനേ.

പൊട്ടിയ്ക്കുന്നതിന് മുമ്പ്
കുയിൽ കുലുക്കിനോക്കും
മഴയിട്ടു വെയ്ക്കും 
വേഴാമ്പലിന്റെ കുടുക്ക അവളുടെ ലോക്കറ്റിൽ കൊത്തി മരംങ്കൊത്തി.

അധികം ചിലയ്ക്കാത്ത പക്ഷിവശം
ശബ്ദവും കുലുക്കങ്ങളുമായി
ഞാനെന്റെ കാത് കൊടുത്തുവിടുകയായിരുന്നു

അവൾ കൊടുത്തുവിട്ടു
മാറത്ത് വെച്ച ചുണ്ടും ചൂടും
ചന്ദ്രക്കലയും

അടുത്തടുത്ത് അടുക്കിവെച്ച 
ചെറിയചതുരങ്ങളിൽ
അവളുടെ ഉടലിൽ
പ്രാവുകളുടെ കൂടുകൾ നിർമ്മിക്കുന്ന
പക്ഷിവളർത്തുകാരനാവുന്നു ഞാൻ
ഇടയ്ക്കിടയ്ക്ക് പക്ഷിയും

കുറച്ചുകൂടി ഏകാന്തത വേണമെന്ന്
തോന്നിയാൽ
ഒരു പക്ഷേ പക്ഷിയ്ക്ക് കൂടാവുന്നതുൾപ്പടെ
മനുഷ്യൻ ചെയ്യുന്നതെല്ലാം
ഇതിനിടയിൽ ചെയ്യുന്നുണ്ട് 
ഞാൻ

അവളിലേയ്ക്ക് മാനത്തിനെ താഴ്ത്തിയിറക്കുന്നു
ഞാനെന്ന പക്ഷി
ഞാനവളിൽ ഇട്ടുവെയ്ക്കുന്നു
എന്റെ പറക്കലുകൾ
എന്നിട്ടും പലപ്പോഴും
പറക്കുവാൻ മറക്കുന്നു

മഴയുടെ പെയ്ത്തുടൽ ശേഖരമുള്ള പെണ്ണാവും അവൾ

അവളുടെ കാലിലെ
നൃത്തവിരലിലെ 
വെള്ളികൊണ്ടുണ്ടാക്കിയ മഴമിഞ്ചി
കൊത്തിയഴിയ്ക്കും പക്ഷിയാവുകയായിരുന്നു ഞാൻ

ജാലവിദ്യക്കാരന്റെ തൂവാല
വീടാകുന്നു 
ചുംബനങ്ങൾ ജാലകങ്ങളാണ്
എന്നടക്കം പറയുന്ന ഞങ്ങൾ

കാക്കക്കറുപ്പിന്നെ ചരിച്ചുപിടിയ്ക്കുന്ന
അവൾ
കാക്കയുടെ കണ്ണിൽ നിന്നും
കരിമഷി മോഷ്ടിക്കുന്ന ഞാൻ
കാക്കക്കറുപ്പിനെ തുളുമ്പുവാൻ പഠിപ്പിയ്ക്കും അവളുടെ ഉടലിന്റെ നീല

അധികം വന്ന മഷിപോലെ
വിരലിലെ വിരിയുന്നതിന്റെ താമര
അതിനിടയിൽ നൃത്തം പോലെ 
ഉടലാകെ തൊട്ടുപുരട്ടുന്ന
അവൾ

അവൾ കടൽ അതിന്റെ 
ആഴം ഇട്ടുവെയ്ക്കുന്ന കുടുക്ക
ഇടയ്ക്ക് കാട് അതിന്റെ പഴക്കം 
ഇട്ടുവെയ്ക്കുന്ന മരം
അതിന്റേതല്ലാത്ത തിരകൾ 
ഇട്ടുവെയ്ക്കുവാൻ 
കടലും ഇതിനിടയിൽ എപ്പോഴോ എടുത്തിട്ടുണ്ടാവണം അവളെ 

ഞാനിപ്പോൾ ഒരു കൊത്തിൽ
തിര മോഷ്ടിക്കുവാൻ
അവളിൽ കടന്ന പക്ഷി.

Comments

ജനപ്രിയ പോസ്റ്റുകൾ

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...

അസ്തമയത്തിൻ്റെ രഥങ്ങളിൽ കർണ്ണൻ, കവിത എന്നിങ്ങനെ

ഒരു രഥമല്ല ക്ഷമ എന്നാലും ക്ഷമ പോലെ ഉപമയുടെ രഥത്തിൽ വന്നിറക്കുന്ന സമയമുണ്ടാവണം  അപ്പോൾ ചക്രം പോലെ താണുപോയേക്കാവുന്ന ഭാഷ അത് ഉയർത്തുവാനുള്ള കവിതയുടെ  ശ്രമങ്ങൾ ചക്രങ്ങൾ ഉപമകൾ അല്ല അത് രൂപകങ്ങളിൽ ഉരുളുന്നില്ല വാക്കുകളിൽ ഉറയ്ക്കുന്നില്ല അലങ്കാരങ്ങൾ കൊടികളല്ല കൊടിക്കൂറകൾ പോലെ അവ കവിതക്ക് മുകളിൽ പാറുന്നില്ല വേനൽ തീർത്ഥങ്ങൾ അനന്തതയുടെ പദാർത്ഥവൽക്കരണം വിഷാദത്തിൻ്റെ രഥം പുതയും അസ്തമയം ഓരോ വൈകുന്നേരവും ചക്രങ്ങൾ എൻ്റെ കവിത അത് ഉയർത്തുവാൻ ശ്രമിക്കുന്ന അനാഥത്ത്വത്തിൻ്റെ കർണ്ണനാവുന്നു