ധമനികാലങ്ങളിലെ രക്തം
ഹൃദയം ചുമന്ന് കവിതയാക്കും പോലെ
ഉടമസ്ഥനെത്തിരഞ്ഞ് നടക്കും
ആകാശം ഉണ്ടാക്കും,
ശൂന്യതയുടെ യന്ത്രം കളഞ്ഞുകിട്ടിയ ഒരാൾ
തൂവലുണ്ടാക്കുന്ന മെഷീൻ
കളഞ്ഞുകിട്ടിയ പക്ഷി
ആകാശം ഉപേക്ഷിയ്ക്കുന്ന കുപ്പത്തൊട്ടി
തിരഞ്ഞുനടന്ന്
അവസാനം
നീലനിറത്തിൽ അയാളെ
കണ്ടെത്തുക തന്നെ ചെയ്യും
വിരലുകൾ കവിതയുടെ കങ്കാരു
ജീവിതം അതിന്റെ സഞ്ചിമൃഗം
ഋതുക്കൾ ചെമ്മരിയാടുകൾ
ആറിടങ്ങളിൽ അവ മേയുന്നില്ല
മേയുന്നതിന്റെ ശിൽപ്പങ്ങളിൽ
ഇടയന്മാർ ഇടപെടുന്നില്ല
അവരുടെ തോളിലെ വടി
ഭൂഖണ്ഡങ്ങൾ കടക്കുന്നില്ല
നാരങ്ങാനിറമുളള ചെമ്മരിയാടിൻ കൂട്ടങ്ങൾ.
ഉന്മേഷങ്ങൾ
എന്ന് നിറങ്ങൾ തിരുത്തും
നാരങ്ങാമണമുള്ള ഇടയൻ
എന്നെ കളഞ്ഞുകിട്ടിയ നീ
എന്നൊരുവരി അന്നും നിന്റെ കവിതയിൽ
നാരങ്ങാമണത്തിൽ അധികം വരും
ശൂന്യതയുടെ മോർച്ചറിയിൽ നിന്നും
മഴ ഏറ്റുവാങ്ങും
മിന്നലേറ്റവണ്ണം
തുന്നിക്കെട്ടിയ ആകാശത്തിന്റെ ബോഡി
തൽക്കാലം
അതിലടക്കുവാൻ തുടങ്ങുവായിരുന്നു
എല്ലാം
തിരിഞ്ഞുനടക്കുന്ന ഒരാളുടെ
പിറകുവശം പൊടുന്നനേ
മേഘമാവുന്നു.
Comments
Post a Comment