ഞാനും മറ്റൊരാളുടെ
നൃത്തവും ഒരിടത്തിരിക്കുന്നു
ഇരുന്നിരുന്ന്
നൃത്തം എൻറേതാവുന്നു
ഞാൻ മറ്റൊരാളും..
അടുത്ത്
അപ്പൂപ്പന്താടിമുഖമുള്ള
ഒരുവൾ.
അവൾക്ക്
അണിവിരലിൽ
പുഴ
മറവിയുടെ ഉടൽ..
ഞാൻ
അവൾ വെയ്ക്കുന്ന
തൊട്ടാവാടിച്ചുവടുകൾ...
എന്നിൽ ചാരിവെച്ച്
അവളുടെ ഉടലിലേയ്ക്ക്
കയറിപ്പോകുന്ന
ചിത്രശലഭങ്ങൾ
അവർക്ക്
തുള്ളികളുടെ
ഗോവണി
കയറുന്തോറും
പൂമ്പാറ്റക്കാലുകളിൽ
നിന്നും അടർന്നുവീഴുന്ന
കാലങ്ങളുടെ പൂമ്പാറ്റകൾ
ഇറ്റുന്ന ആഴങ്ങൾ
ശലഭങ്ങൾക്കും
അവയുടെ ചിറകിനും
പറക്കലിനും
വെവ്വേറെ ഭ്രാന്തുകൾ
ഉയരം
അവയുടെ ഭ്രാന്ത്
ഒരുമിച്ച്
മായ്ച്ചുകളയുന്ന മായ്പ്പ്കട്ട
അവൾ എന്റെ ഉയരം
ഞാൻ അവളുടെ ആഴത്തിന്റെ
നാലാം ചിറക്
വെറും ശബ്ദംകൊണ്ട് ഉണ്ടാക്കാവുന്ന
അനുകരണ കലയാവുന്നു
അവളുടെ
ഒറ്റപ്പെടലിന്റെ കടൽ
പെയ്യുന്നതായി
തകർത്ത് അഭിനയിക്കുകയാണ്
ഞങ്ങളുടെ
ഭ്രാന്തുകളുടെ മഴ
നുരയും പതയും വരുന്നതിനിടയിൽ
ഞാനതിന്
ഒരു തുള്ളി കൊണ്ട്
ഡബ്ബ് ചെയ്യുന്നു.
എന്ന് വെച്ചാൽ
ഒന്നുമില്ല,
പറഞ്ഞാൽ കേൾക്കാത്ത
ദിക്കുകൾ കടന്ന്
കിഴക്കുദിക്കുമായിരിയ്ക്കും
കൂടുതൽ കവിതകളടങ്ങിയ
ഒരു പുതിയ സൂര്യൻ!
ഇനിയും ദിക്കുകൾ കടന്ന്
ReplyDeleteകിഴക്കുദിക്കുമായിരിയ്ക്കും
കൂടുതൽ കവിതകളടങ്ങിയ
ഒരു പുതിയ സൂര്യൻ ...!
ആശംസകള്‍
ReplyDelete