ദൈന്യതയുടെ
തപാൽസ്റ്റാമ്പ് പോലെ
ആ മുഖം
നാളെയുടെ
ഓരോ മേൽവിലാസത്തിലും
അത്
നമ്മളെ തേടി
മറവി എന്ന
കത്തും കൊണ്ടുവരുന്നു
അന്നും
നമ്മൾ
ആഘോഷിച്ചേക്കാവുന്ന
അന്യന്റെ ദുഃഖം
എന്ന വിശേഷം
കാട്
കടൽ
തലോടൽ
അന്നും
നമ്മൾ ഓരോരുത്തരേയും
തേടിവന്നേക്കാവുന്ന
ഒരാരോരുമില്ലായ്മ..
പാട്ടിന്റെ വിധവ,
അത് കഴിഞ്ഞു വരുന്ന
നിശ്ശബ്ദത
പ്രായം ഒരു മുറിഞ്ഞ
തുമ്പിച്ചിറകാകുന്നു
പകൽ ഒരു തുമ്പിയും
തുമ്പിയാകാത്തപ്പോൾ
പകൽ
അതിന്റെ
മുറിഞ്ഞ ചിറകിന്റെ
പഴക്കമാകുന്നു
പ്രായം
പുതിയൊരാകാശവും
സാവകാശം എന്ന വാക്ക്
മെല്ലെ എന്ന നോക്ക്
പുല്ലാങ്കുഴലിനെ
മറികടന്ന കാറ്റ്
കാലം,
കുറച്ച് ദിവസം പഴക്കമുള്ള
പത്രമാകുന്നു,
അതിലെ
തീരെ പുതുമ തോന്നാത്ത
പഴക്കം ചെന്ന
മരണങ്ങൾ,
ചരമകോളങ്ങൾ
പുതുതായി ഒന്നും ചെയ്യാനില്ലാത്ത
അത്രയേറെ പഴകിതുടങ്ങിയ
മരണങ്ങൾ
കൊലപാതകങ്ങളാവുന്നു
ആത്മീയത,
ഓരോ മൗനത്തിലും
പുതുക്കപ്പെടുന്ന
നിശ്ശബ്ദത
രണ്ടാമത് മാത്രം
കാണപ്പെടാവുന്ന വിധത്തിൽ
പുതുക്കപ്പെടുന്ന
ആകാശം
കണ്ടത്
ആകാശമാണെന്ന്
ഉറപ്പുണ്ടെങ്കിൽ,
ആദ്യം കണ്ടമരണത്തിൽ
അവനെ,
ആ മുഖത്തിന്റെ മാത്രം
ഉടമസ്ഥനെ
അവിടെ,
അവന്റേതല്ലാത്ത
മരണത്തിൽ
ഒച്ചവെയ്ക്കാതെ
സാവകാശം
ഇറക്കിവിടുക...
ആ മരണത്തിന്റെ
ഏറ്റവും പഴക്കം ചെന്ന
ഉടമസ്ഥനാകുക.
മരണത്തിന്റെ
ReplyDeleteഏറ്റവും പഴക്കം ചെന്ന ഉടമസ്ഥൻ ...