അന്തർമുഖനായ ടാക്സിക്കാരൻ
അയാളുടെ അന്തർമുഖത്ത്വം തന്നെ
അയാൾ ഓടിക്കും ടാക്സിയാണെങ്കിൽ
എൻ്റെ പ്രണയിനിയുടെ ഭാഷ
അതിൽ യാത്രക്കാരിയാവും ദിവസം
കൈ കാണിച്ച് നിർത്തിയാൽ
കൂടെക്കയറും
അവളുടെ കൈയ്യക്ഷരം
അവളുടെ കുഞ്ഞ് നോവ്
ഒപ്പം ഒരു വട്ടം മാത്രം,
മുഖം തുടച്ച തൂവാലയും
ഇനിയും പൊടിയാത്ത വിയർപ്പുകണങ്ങൾ
അവളുടെ കുഞ്ഞ് വട്ടപ്പൊട്ട്
അവളോടൊത്ത് ഞെരുങ്ങിക്കയറും
ഉറപ്പ്
ഒപ്പം പ്രണയവും
അപരിചിതരോട് അധികം മിണ്ടാത്ത
അവളുടെ ഭാഷ
അവൾ ഇനിയും എഴുതിയിട്ടില്ലാത്ത
കവിത,
അവളുടെ അടുത്തിരിക്കും
അതും ഉറപ്പ്
മഞ്ഞ് ഒരു ടാക്സിയാവുമെങ്കിൽ
അതിൽ സഞ്ചരിക്കും യാത്രക്കാരൻ
അന്ന് മാത്രം ആരായിരിക്കും?
കവിത, ഒരു
ഊട് വഴിയാണെന്ന് വിശ്വസിക്കുന്ന ടാക്സിഡ്രൈവർ ഒരുപക്ഷേ
അന്ന് മാത്രം ഞാനല്ല
ഏത് യാത്രയും എടുത്ത്
അരികിൽവെക്കും
അന്തർമുഖത്ത്വമുള്ള ദൂരം
സഞ്ചരിച്ച ദൂരം ആകാശം എടുത്തുവെച്ച് ഒരു നക്ഷത്രമാക്കുമെങ്കിൽ
അല്ലല്ല, എടുത്തുവെയ്ക്കുന്നത്
ആകാശമാണെങ്കിൽ അത്
പക്ഷിയാക്കുമെന്ന്
തർക്കിക്കുമോ അവർ
ആകാശം വിളിക്കുന്ന ടാക്സി
അന്ന് മാത്രം മേഘമാവുമോ?
അതിൻ്റെ നീല മാത്രം എടുത്ത്
അരികിൽ വെക്കുമോ ആകാശം
ഒരു പക്ഷേ അന്ന് മാത്രം?
കൂലിക്കെന്ന വണ്ണം
സഞ്ചരിച്ച ദൂരത്തിന് അവളും,
അന്തർമുഖത്ത്വത്തിന്
അന്നാദ്യമെന്ന വണ്ണം അയാളും
വിലപേശുമോ?
തർക്കിക്കുമോ
അവിടെ അന്തരീക്ഷത്തിൽ
അത്തരുണത്തിൽ അധികം വരുമോ
അന്തർമുഖത്ത്വങ്ങളുടെ വിൽപ്പനക്കാരാ
എന്നൊരു അഭിസംബോധന?
ഭാഷ ഒരു ടാക്സിയാവുന്ന കാലത്ത്
ആരുടെ അന്തർമുഖത്ത്വമാണ് യാത്ര?
ഒപ്പമുള്ള കവിത
പക്ഷികളുടെ കൂവൽ യാത്രക്കാരനാകുന്നതിൻ്റെ തൊട്ടടുത്ത്
ഞാൻ പക്ഷിയുടെ ടാക്സി പണിയുന്നു
എൻ്റെ അന്തർമുഖത്തം ഒരു പക്ഷിക്കൂട്
ഞാൻ ഇപ്പോൾ അതിൻ്റെ പക്ഷിയും!
Comments
Post a Comment