Skip to main content

ശിഷ്ട ജന്മം

തൊട്ടാൽ.. തൊഴുതാൽ തിരിച്ചു കൈകൂപ്പുന്ന തൊട്ടാവാടി യാണെന്റെ ദൈവം
തൊട്ടാൽ; തൊടാതെ  കൂമ്പി വിടരുന്ന ശില അലിയും മനസ്സിന്നെന്റെ സ്വന്തം
നന്മകൾ  ചെയ്‌താൽ തെറ്റുന്ന..  മുഷ്ടി ചുരുട്ടിയ  കൈയ്യുകൾ ഇന്നെന്റെ മാത്രം
സങ്കടം മാത്രം കുടുക്കി കളിക്കുന്ന  ഉടഞ്ഞ  കുടുക്ക ഇന്നെൻ ഹൃദയം

മാരനായിട്ടും.. കലാകാരനായി; അഭിനയിക്കും ദാമ്പത്യം ഒരു ഉടഞ്ഞ ചിത്രം
ഒരു പിടി ചാരമായ് ഗംഗയിലലിഞ്ഞിട്ടും വായുവിൽ പാറുന്ന മലിന ദേഹം
നോവിന്റെ പൂത്തിരി ഉള്ളിൽ എരിയുമ്പോൾ അടയുന്ന കണ്ണുകൾ എന്റെ കാഴ്ച
കറങ്ങുന്ന ഭൂമിയിൽ ആടുന്ന തൊട്ടിലിൽ മയങ്ങുന്ന ബാല്യം എന്നുറക്കം
അടയുന്ന മൂക്കിൽ ശ്വാസം ഒതുക്കി അറിയുന്ന വികാരമിന്നെന്റെ ജന്മം

ഒരു കൂന മണ്ണിൽ എരിഞ്ഞ തിരിയുടെ അടരുന്ന ചാരമെൻ ബാക്കിപത്രം
ഗർഭപാത്രത്തിൽ ചവുട്ടി തഴമ്പിച്ച പഴകിയ തൂവലാണെന്റെ പാദം
ഇടി മിന്നി പെയ്യുന്ന മഴ മാത്രം അറിയുന്ന വരൾച്ചയാണെന്റെ പഞ്ചേന്ദ്രിയം
സ്വന്തമായൊന്നുമില്ലെങ്കിലും ഇല്ലാത്തതൊക്കെയും സ്വന്തമായി നേടുവാൻ
ഉള്ളതെല്ലാം വഴിയിലുപേക്ഷിച്ച സ്വാർത്ഥത തന്നെ  ഈ നിസ്വാർത്ഥ ജീവിതം

Comments

  1. തൊട്ടാവാടിയാം ദൈവം

    ദൈവേ...ഇവന്‍ ചെയ്യുന്നതെന്തെന്ന് ഇവന്‍ അറിയായ്കയാല്‍......!!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് ദൈവത്തിനെ തൊട്ടാൽ ഇങ്ങനെ വാടല്ലേ, തൂണിലും തുരുമ്പിലും മണ്ണിലും വിണ്ണിലും ഇരിക്കുന്ന ദൈവത്തിനു ഒരു ശിലയിൽ കാണമെങ്കിൽ ജീവനുള്ള തൊട്ടാൽ ഉടൻ അറിയുന്ന തൊട്ടാവാടിയിൽ കണ്ടാൽ തെറ്റുണ്ടോ ഈശ്വരൻ സര്വവ്യാപി അല്ലെ? മലിനമല്ലാത്ത എല്ലാം ഈശ്വരൻ തന്നെ പക്ഷെ ഈശ്വരനോ ആ വ്യതാസം പോലും ഇല്ല, ഉണ്ടായിരുന്നെങ്കിൽ ഏറ്റവും മലിനമായ മനുഷ്യനെ അല്ലെ ഈശ്വരൻ ആദ്യം വെറുക്കേണ്ടത്?
      നന്ദി അജിത്ഭായ് സംവാദത്തിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!