Skip to main content

വേനലിൻ്റെ മടിയിൽ പൂമ്പാറ്റ പോലെ സൂര്യൻ

 തിരിച്ചുകിട്ടാത്ത വിധം അവളേ

നഷ്‌ടപ്പെടുത്തിയ 

ഒരുവളുടെ പാട്ടുകേൾക്കുന്നു


പാട്ടിൽ അവളുണ്ട്

അവളേ കേൾക്കുമ്പോൾ 

അവൾ നഷ്ടപ്പെടുത്തിയ അവൾ 

അതേ പാട്ടിലുണ്ട് 


പാട്ടിൽ അവളുടേതായ ഈണമുണ്ട്

അവൾ തൊട്ട കാതുണ്ട്

അതിൽ പണ്ട് കേട്ട താരാട്ടുണ്ട്

കാതിൻ കൂർപ്പുണ്ട്


താരാട്ടുകൾ കുഞ്ഞിൻ നീക്കങ്ങൾ

കുഞ്ഞ് ഉറക്കത്തിലേക്ക് നീങ്ങുന്നു

പിന്നാലെ അവളും

ഒപ്പം അവളുടെ താരാട്ടും

പിന്നെ അതേ പാട്ടും

അവൾക്കൊപ്പം നീങ്ങുന്നു


അതിൽ താരാട്ട് മാത്രം,

കുഞ്ഞില്ലാതെ തിരികേവരുന്നു

ഒരു പക്ഷേ അമ്മയില്ലാതെയും


അവളില്ലാതെയാവും പാട്ടും

പിന്നെ അവൾ,

താരാട്ട് മാത്രമുള്ളവൾ

എന്നാവും പാട്ടും


പാട്ടിപ്പോഴുമുണ്ട്

അവളുണ്ടോ എന്ന ചിന്ത

എന്നിലുണ്ട്


ആദ്യം അവളേ കാണുമ്പോൾ

അവൾ 

കടലുമായി പിണങ്ങുകയായിരുന്നു

പിണങ്ങിത്തീരാത്ത അവൾ

എന്ന്, കടൽ കാതിൽ


കടൽ കുഞ്ഞല്ല

അവൾ അതിന്നമ്മയും

എന്നിട്ടും അവൾ അതിൻ ചിണുക്കങ്ങളേ

അവളേക്കാൾ ലോലം ജലം എന്നവണ്ണം താലോലിക്കുന്നു

മുത്തുകൾക്കും ശംഖുകൾക്കും

അമ്മയാവും എന്നവൾ


വിരിയുന്നവയിൽ കാത്തിരിപ്പടങ്ങിയിട്ടുള്ളവ എന്നാകിലും

വിശ്രമകാലത്തിൻ്റെ മൊട്ടുകൾ

എന്നൊന്നില്ല തന്നെ,

എന്നവൾ പിന്നെ കുറിക്കും

കീറിക്കളയും


സ്വന്തം ഏകാന്തത പോലും

പങ്കുവെക്കപ്പെട്ടുപോയവൾ എന്ന 

പഴയ നെടുവീർപ്പിൽ അവൾ പിന്നെയും

പിന്നേയും കുരുങ്ങും


എന്നാലും ക്ഷമ എന്ന വാക്ക് നിർമ്മിക്കുവാൻ പോലും തികയാത്ത കാത്തിരിപ്പെന്ന അസംസ്‌കൃതവസ്തു അവളിൽ അടിയും


ഏറ്റവും ശാന്തമായ മഞ്ഞ്

കുന്നിറങ്ങുമ്പോലെ

ഋതുദുഗ്ദം നുണഞ്ഞിരിക്കും

മഹനീയ വികാരം

എന്നൊരു വരി  അന്നും

അവളിൽ കവിതയിറങ്ങും


വിക്സ് തൊട്ട് നെറ്റിയിലിടുമ്പോലെ

ഭാഷ തൊട്ട് നെറ്റിയിൽ പുരട്ടിയേക്കും

അവൾ


പഴയ കാല സിനിമാപ്പെട്ടി 

വന്ന ബസ്സിൽ നിന്നും

നിലത്തിറക്കുമ്പോലെ 

കോണി ചവിട്ടി ഒരു ഗൃഹാതുരത്തം

അന്നും തലയിൽ ചുമന്ന്

ആരോ നിലത്തിറക്കും


കാണികൾ നിലത്തിരുന്നു

അന്നും കടൽ കാണും

ചിലർ മറ്റൊരാളിൻ്റെ മടിയിൽ

അന്നും മയങ്ങും ഉറങ്ങും


നിലത്തിറക്കാവുന്ന അകലം

എന്നൊന്നുണ്ടോ


ചന്ദ്രൻ ഒരു സിനിമാപ്പെട്ടിയാകുമോ

രാത്രി എന്ന ബസ്സിൽ

നിലാവ് അത് കോണി ചവിട്ടി

നിലത്തിറക്കുമോ?


അൽപ്പം വിയർപ്പുള്ള നിലാവ്

തെരുവ് നാടക ഉടൽ

വലതുകാൽസംസ്ക്കാരിക പ്രവർത്തനങ്ങൾ

എന്നൊക്കെ കാലം പിന്നേയും

മുന്നോട്ട് നീങ്ങുമോ


കുറച്ചധികം ദൂരം മുന്നിലേക്ക് 

നീക്കിനിർത്തിയ ബസ് പോലെ

മനുഷ്യനും മുന്നിലേക്ക് 

കാലം സംസ്ക്കാരം കൊണ്ട് നിർത്തുമോ


മനുഷ്യൻ ഓടിയെത്തേണ്ട ദൂരം കവിതയിൽ 

സാംസ്കാരിക ഭാഷയാകുമോ 


പിന്നെ കാണുമ്പോൾ

മേൽവിലാസമുള്ള കടൽ എന്നും

കടലിൻ തപാൽപെട്ടി പോലെ 

ഒരു നഗരം 

എന്നും അവൾ, പറഞ്ഞുനിർത്തും


അമ്മയില്ലാതെ മുത്തും പവിഴവും

ശംഖും അപ്പോഴും കടൽത്തീരത്ത്

തുടരും


അന്നും

കടലിന്നും തിരക്കിന്നും ഇടയിലവൾ

കൊറിക്കുന്നതിനും കടലക്കും

ഇടയിൽ ഉപ്പുരുചിയുള്ള ചുണ്ടുകൾ

മിണ്ടിയും പറഞ്ഞും ഇരിക്കും


ഉപ്പിട്ട് വറുത്ത നിശ്ശബ്ദത അപ്പോഴും ശ്രദ്ധയിൽ തട്ടുന്ന വിധം ശബ്ദമുണ്ടാക്കും

എന്നിട്ടും അവളിൽ 

തളം കെട്ടും വിജനതകൾ 


ഓരോ തിരകൾക്കും

തിരക്കുകൾക്കും

കൊടുക്കേണ്ട കത്തുകൾ

അവൾ എഴുതി നനക്കുന്നു

സ്വയം നന, 

കത്തിൽ മറയ്ക്കുന്നു


കത്തുകൾ കാത്തിരിപ്പുകൾ

എന്നവൾ ചുരുക്കി

ആർക്കും കത്തെഴുതാത്തവൾ

എന്നവൾ തിരുത്തി


പിന്നെ കാണുമ്പോൾ 

കിളികളോട് വെറുതേ പിണങ്ങും 

അവൾ

ഒപ്പം കല്ലുകളോടും

ചില്ലകളോടും


അപ്പോഴും ആകാശത്തോട് ഇണങ്ങാൻ

ശ്രമിക്കും അവൾ

മേഘങ്ങൾ ഇല്ലാത്തവൾ 

എന്നവളെ എപ്പോഴോ ആകാശം


അവൾ കിളികളോട് പിണങ്ങുമ്പോൾ

ആകാശവുമായി എനിക്ക് അവളേ

സമീപിക്കുവാനാകില്ല 


എന്നിൽ വന്ന് മൂടും ശൂന്യതയ്ക്കും

നീലനിറം കൊടുത്തേക്കും അവൾ


അവൾ തൂവലിന്നെ പഠിക്കുന്നു

അതും സൗമ്യമായി

ആകാശത്തിനും കിളികൾക്കുമിടയിൽ

തങ്ങി നിൽക്കും തൂവലിനെ


അതിൽ അടങ്ങിയിരിക്കും അരക്ഷിതാവസ്ഥയുടെ 

വിവക്ഷകൾ എന്നവൾ

കുഞ്ഞ് അപ്പോഴും തൂവലിൽ ഉണ്ടെന്നവൾ


തൂവലുകൾ തൊട്ടിലുകൾ

കിളികൾ അതിൻ താരാട്ടെന്നവൾ


പക്ഷികൾ ലോക്കറുകൾ

സുരക്ഷിതത്തിൻ്റെ താക്കോലുകൾ

കൊണ്ട് കളയുവാൻ

അവൾ പക്ഷികൾക്കൊപ്പം 

ക്യൂ നിൽക്കുമ്പോൾ

താലിക്കും പിന്നിൽ അവൾ

പക്ഷികൾക്കും മുന്നിലവൾ


അവൾ പക്ഷികൾക്ക് വേണ്ടി 

ആകാശം ഏച്ചുകെട്ടുന്നു

ശൂന്യത മുഴുമിക്കുന്നില്ല 

നീല മുഴക്കുന്നില്ല എന്നോക്കെ

അവൾ എപ്പോഴോ ഉറപ്പ് വരുത്തുന്നു


ആകാശം കൂട്ടം കൂടുന്ന 

ഇടങ്ങളിൽ 

ഞാൻ അപ്പോഴും 

പക്ഷികൾക്ക് 

പകരം നിൽക്കുന്നു


പിന്നെ നോക്കുമ്പോൾ

വേനലിൻ്റെ മടിയിൽ പൂമ്പാറ്റ പോലെ സൂര്യൻ

ചിറകുകൾ അനങ്ങുന്ന താളത്തിൽ

അതിൽ, 

തലവെച്ച് കിടക്കും അവൾ!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നൃത്തം ചെയ്യുന്ന രക്ഷിതാക്കളേ വിളിച്ചുവരുത്തുന്ന വിദ്യാലയങ്ങൾ

 കുട്ടികൾ വികൃതി കാണിച്ചതിൻ്റെ പേരിൽ നൃത്തം ചെയ്യുന്ന രക്ഷിതാക്കളേ വിളിച്ചുവരുത്തുന്ന വിദ്യാലയങ്ങൾ അവിടുത്തേ ഒരു അധ്യാപിക എന്നേക്കാൾ വികൃതിയാണ് എന്നാലും അത് എനിക്ക് ഉസ്‌കൂളിൽ പോകാതിരിക്കുവാനുള്ള കാരണമാകുന്നില്ല സ്കൂളിൽ പോകാതിരിക്കുവാൻ വേണ്ടി കാരണങ്ങൾ ഒരുപാട് കണ്ടുപിടിച്ച് സ്‌കൂളിൽ പോകാതിരുന്ന കുട്ടിയായിരുന്നു ഞാൻ അതിപ്പോൾ പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഞാനൊട്ടു ശാസ്‌ത്രജ്ഞനുമായിട്ടില്ല പ്രണയം പഠിപ്പിച്ചിരുന്ന കാലങ്ങളിൽ എന്നേ ഏറ്റവും കൂടുതൽ  മുട്ടേൽ നിർത്തിച്ചത് അവളായിരുന്നു എന്നിട്ടെന്താ ഇന്നിപ്പോൾ  ഉസ്‌കൂളിലേക്ക് എന്നോടൊപ്പം വരേണ്ടത് അവളാണ് അപ്പോഴും എനിക്ക് കവിതയിൽ  ഇത്രയും ഗൃഹപാഠം ഇട്ട് തരുന്ന  അധ്യാപിക ആരാണെന്ന സംശയം അവൾക്കില്ലാതില്ല അത് പക്ഷേ കവിതയെഴുതുന്ന കാലത്താണ് അന്ന് പുഴയിൽ  വെള്ളം പൊങ്ങിയിരുന്നു എന്നൊരു കളവ് എൻ്റെ കവിതയേ ആവർത്തിച്ച് നനച്ചു ഒരുമിച്ച്  ഒരു കുട ചൂടി ഞങ്ങൾ  ആ നനവ് നടന്നുതീർത്തു മഴക്കാലത്ത് തടിപ്പാലം പോലെ  കാതിലെ തുളസിക്കമ്പ് ഞങ്ങളുടെ നിശ്ശബ്ദതകൾക്കിടയിൽ അപ്പോഴും വഴുക്കി അന്നേരവും അവളുടെ കാതിലെ തുളസിക്കമ്പ് ഞങ്ങൾ ഭാഷ പോലും ...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!