അതിന് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ
തെറ്റുകളുടെ ആൽബം നീക്കിവെച്ച്
ഏറ്റവും പുതിയ തെറ്റ്
ഒട്ടിച്ചു വെച്ച്
വെറുതേയിരിക്കുമ്പോൾ പശ്ചാത്തപിക്കുക അതായിരുന്നു ഹോബി
എല്ലാ തുമ്പികളും
നിങ്ങളെ വലിച്ചിഴക്കുന്നില്ല
പക്ഷേ,
എല്ലാ മണങ്ങളും ഒരു നഗരമാവുന്നുണ്ട്
എപ്പോഴോ
നിങ്ങളുടെ ഏകാന്തത നിങ്ങളെ വലിച്ചിഴക്കുന്ന തുമ്പിയല്ല
കല്ലിനും പൂവിനും പുല്ലിനും ഇടയിൽ
തുമ്പികളുടെ മധ്യസ്ഥം
കല്ലുകളുടെ ഇടനില എന്നിവ അവ സ്വീകരിക്കുന്നില്ല
എല്ലാ പൂവുകൾക്കും തുമ്പികൾക്കും
ഇന്നിൻ്റെ പെരുക്കപ്പട്ടികയിൽ അക്കങ്ങളുടെ
തീയതികളുടെ അംഗീകാരമില്ല
അംഗീകാരമില്ലാത്ത തുമ്പികൾ
അംഗീകാരമില്ലാത്ത കല്ലുകൾ
അംഗീകാരമില്ലാത്ത കലണ്ടറുകൾ
കലണ്ടറിൽ തീയതികൾ കഴിഞ്ഞാൽ
അണഞ്ഞഅക്കങ്ങൾ,
സമയങ്ങളുടെ സംശയങ്ങളായി
പുല്ലുകൾക്കാണെങ്കിലോ പിന്നെ ഒന്നുമില്ല
നക്ഷത്രങ്ങൾ തെറ്റ് ചെയ്യുന്നു
നിങ്ങളും
ആകാശം തെറ്റുകളുടെ ആൽബം
അംഗീകാരമുള്ള തെറ്റിനേയും
അംഗീകാരമില്ലാത്ത ആകാശത്തേയും
ഒരേ വരിയിൽ
അതേ ശൂന്യതയിൽ അതേ നീലയിൽ
നിലനിർത്തി
ഞാനും നിങ്ങളും ചേർന്ന്
പ്രകൃതിയിൽ ഒട്ടിച്ചുവെക്കുന്നു
മനുഷ്യൻ ഒട്ടിച്ച് വെക്കുന്നവയിൽ പ്രകൃതിയിൽ സുഗന്ധമുള്ളവ
എന്ന് കാറ്റടിക്കുന്നു
മേഘങ്ങൾ കുറ്റാന്വേഷകരാണെന്നും
മഞ്ഞ് ഒരു പുതുക്കപ്പെണ്ണാണെന്നും
ഒപ്പനയിലെ പാട്ട് പോലും വിശ്വസിക്കുന്നില്ല
ഒരു പക്ഷേ നിങ്ങളും
ഒപ്പനയിലെ പാട്ട് കട്ടെടുത്ത്
പുതുമണവാട്ടിയാകാൻ പോകും പെണ്ണ്
പാട്ടില്ലാതെ ഒപ്പനക്കാർ എല്ലാം
പിരിഞ്ഞുപോകും നേരത്ത്
തെറ്റ് ചെയ്യാത്ത കാണികളേ വകഞ്ഞ്
എന്നേയും നിങ്ങളെയും വകഞ്ഞ്
താളത്തിൽ കടന്നുവരും
പുതുമണവാളൻ
തെറ്റ്ചെയ്യാത്തവരെ പിടിച്ചുമാറ്റുന്നതാണ്
ഏറ്റവും പുതിയ തെറ്റ്
തെറ്റ് ചെയ്യാത്തവരുടെ ക്യൂവിൽ
ഏറ്റവും അവസാനമാണ്
നിങ്ങളും ഞാനും പിന്നെ പുതുമണവാളനും
ഒരു അശ്ലീല വസ്തുവല്ല ഹൃദയമിടിപ്പ്
തെറ്റുകളുടെ കക്ക നിങ്ങളോ അയാളോ കല്യാണദിവസമെങ്കിലും പറക്കേണ്ടതില്ല
ഉടലുകളുടെ മൈക്രോസ്കോപ്പ്
ഒരു നിമിഷത്തിനേ
അതിൻ്റെ കോശത്തിനെ
എടുത്ത്വെച്ച്
അതിസൂക്ഷമമായി പരിശോധിക്കുന്നത് പോലെ
ഒരു തെറ്റ് എടുത്ത് വെച്ച്
അതിസൂക്ഷമമായി
പരിശോധിക്കുകയാണ്
ഞാനും നിങ്ങളും കാണികളും പിന്നെ പൊതുസമൂഹവും
തെറ്റ് ചെയ്യുന്നത് ഹോബിയാക്കിയവരുടെ സമൂഹത്തിൽ
കഥ എന്ന മരം
കാട്ടിൽ
അതിലെ കേൾക്കുമ്പോൾ കൊഴിയുന്ന ഇലകൾ
കഥയ്ക്കും സങ്കടങ്ങൾക്കും
ഇടയിൽ
കടങ്കഥകൾക്കും ഇലക്കും
കലയ്ക്കും
ഇലഞ്ഞിമരത്തിനും ചോട്ടിൽ
കൊത്തങ്കല്ലും
ഒഴുക്കിൻ്റെ പാലക്കാ മോതിരവും
കമ്മലും കൊണ്ട് കളഞ്ഞ ജലവും
ഒപ്പം മിനിഞ്ഞാന്നും ഇന്നലെയും
നാളെയും കൊണ്ട് കളഞ്ഞ ഇന്നും
മിനുക്കങ്ങൾ കൊണ്ട് കളഞ്ഞ
മിന്നാംമിനുങ്ങികൾക്കൊപ്പം
കഥ കേൾക്കുവാനിരിക്കുന്നു
മിനുങ്ങും കഥകൾ
നിങ്ങൾക്ക് വന്ന നാണം ഭാഷയാക്കുവാൻ
നിലവിലെ എല്ലാ നഗ്നതകളും
നിങ്ങൾക്ക് മുന്നിൽ വന്ന്
കെഞ്ചണം എന്നില്ല
നഗ്നത നിങ്ങളുടേതല്ല
എൻ്റെതല്ല മനുഷ്യരുടേതല്ല
പുതുമണവാളൻ്റെത് ഒട്ടുമല്ല
ഉണ്ടായ കാലം മുതൽ അത് സമൂഹത്തിൻ്റേ മാത്രം സ്വന്തം
സദാചാരവാദികൾ അത് അവർക്കിഷ്ടമില്ലാത്തവരിൽ
അവരുടെ ആചാരങ്ങളിൽ അനുഷ്ഠാനങ്ങളിൽ അത് എടുത്ത് കെട്ടിവെക്കുന്നു
അഴിച്ചുവിടലുകൾ എല്ലാം കഴിഞ്ഞ്
ഉടലിന്നെ
നിയന്ത്രണങ്ങളിലേക്ക്
തിരികേ കൊണ്ട് വരുമ്പോൾ
കുറച്ച് കാലങ്ങളിലേക്കുള്ള അഴിച്ചുവിടലും പിന്നെ അതിൻ്റെ നിയന്ത്രണങ്ങളുമാണ് ജീവിതം
എന്ന് തിരിച്ചറിയുന്നതാവണം
മനുഷ്യത്യമുള്ളവരാണെങ്കിൽ
നിങ്ങൾ ഒരു തെറ്റ് ചെയ്തിട്ടുണ്ട്
എന്ന് ബോധ്യപ്പെടുത്തുവാൻ
ഇതിനോടകം തന്നെ
നിയന്ത്രണം വിട്ട
പൊതുസമൂഹത്തിന്
അതിലെ ആധികാരിക ബുദ്ധിജീവികൾക്ക്
കഴിഞ്ഞിട്ടുണ്ട്
ഉത്തരവാദിത്വങ്ങളുടെ
കൊത്തങ്കല്ലാടൽ എന്നാവണമെന്നില്ല
അത്
ഇനി പശ്ചാത്തപിച്ച് നീറി നീറി
ഒടുങ്ങുക എന്നത്
ആരുടേയും പ്രത്യേകിച്ച് മനുഷ്യത്ത്വത്തിൻ്റ
നിയതി ആകാനുമില്ല
തൽക്കാലം
ഹമ്മിങ്ങിൻ്റെ ബുദ്ധവിഗ്രഹങ്ങളിൽ നിന്ന്
ചുണ്ടുകളേ വേർപെടുത്തുന്നു
ഏകാന്തതക്ക് ഈണങ്ങളിടുന്നു
വിഹായസ്സിൻ്റെ ധ്യാനങ്ങളിലേക്ക് പറക്കും കിളി എന്ന് മനസ്സിന്നേ
അവഗണനകളേ ബുദ്ധവിഗ്രഹമാക്കുന്നു
സുസ്‌മേരം എന്ന വാക്കിൻ്റെ അരികിലിരിക്കുന്നു
ചുണ്ടുകളുടെ ഓട്ടുമണി
വിൻഡ് കൈം താളത്തിൽ ഈണങ്ങളിൽ
തൂക്കുന്നു
ഇടയ്ക്കിടക്ക് വരുന്നതെല്ലാം മഞ്ഞ്
എന്ന് കാണുന്നു
അതിൻ്റെ അനുഭവങ്ങൾക്ക് കൂട്ടിരിക്കുന്നു
നാലാമത്തേയും അവസാനത്തേയും കുന്ന്
തെറ്റുകളുടെ കുന്നിമണി
എന്ന് ശംഖുപുഷ്പങ്ങൾ
ഒരു പക്ഷേ നിങ്ങളുടെ
എൻ്റെയും വിധി
ഉത്തരവാദിത്തം അതിൻ്റെ
വിരിഞ്ഞ നീലയിൽ
പശ്ചാത്താപങ്ങളേക്കുറിച്ച്
മറന്ന മട്ടാണ്
ഇപ്പോ ഇവിടെ വെച്ച് ഉദിക്കും
എന്ന ഭീഷണി അവഗണിച്ച്
ഉദിക്കുവാനുള്ള സൂര്യനേയും
എടുത്ത് വെച്ച്
ഏറ്റവും പുതിയ തെറ്റ് ചെയ്യുവാൻ
ഉരുളൻ കല്ലുകളോട്
നിറങ്ങളിൽ കലഹിക്കും
പൂക്കളുടെ ജീപ്പ് പിടിച്ച്
എൻ്റെ പുലരി
പകലിൻ്റെ മൂന്ന് കുന്നുകളും കയറുന്നു!
Comments
Post a Comment