പ്രമേയഭംഗി നോക്കിയിരിപ്പാണ് ഞാൻ
ശലഭങ്ങളുടെ
നിയമനിർമ്മാണ സഭ
ശൂന്യത ഒരു പ്രമേയമാണെന്ന്
ആകാശം ഒരു നിയമമാണ് എന്ന് തിരിച്ചറിയുന്ന ഞാൻ
ചിറകിലെ നിറങ്ങൾ മുഴുവൻ
പുറത്ത്
കുറ്റപത്രങ്ങൾ
എന്നാലും
തളരുന്ന മേഘങ്ങൾ എന്നൊന്നില്ല തന്നെ
മനുഷ്യത്വം ഇഴയുന്ന ഉറുമ്പാണെന്ന്
ഇഴച്ചിലും നിറവും കയറ്റിവെയ്ക്കുവാൻ
ഭൂമിയോളം താണ് അത് ഉറുമ്പായതെന്ന്
മനുഷ്യൻ കരുതലുകളുടെ നൗകകൾ
അവയിൽ സൗകര്യങ്ങൾ പായകൾ
ഇപ്പോൾ അവസ്ഥകൾ കാലാളുകൾ
അവരുടെ കാലുകൾ വാഹനങ്ങൾ
സൗകര്യങ്ങളിൽ കയറിയിറങ്ങുന്നു എന്ന് ഉറുമ്പുകൾ
ഉറുമ്പുകൾ
ഉറുമ്പുകൾ
ജനാധിപത്യത്തെ മലർത്തിയിട്ട ആമയാക്കുവാൻ
കമഴ്ത്തിയിട്ട, ഇഴയുന്ന ആമയാവും
നിയമത്തിന് കഴിയുന്നുണ്ടോ
പിൻവലിക്കാവുന്ന അതിൻ്റെ തല
ഭൂഗോളത്തിൻ്റെയും സാവകാശത്തിൻ്റേയും പാതി വഹിക്കും അതിൻ്റെ പുറന്തോട്
സ്പന്ദനങ്ങൾ,
മനുഷ്യർക്ക് വെളിയിൽ വന്ന്
മിടിച്ചിട്ട്
നിശ്ചലമായി തിരിച്ചുപോകുന്നു എന്നാവും
കഥകളാണ് ദൈവം
മനുഷ്യരാകുവാൻ കവിതകൾ സ്വീകരിക്കുന്നു
എന്ന് എഴുതികണ്ടു
ജിജ്ഞാസ എന്ന സ്തൂപം
രഹസ്യം വിളമ്പിവെക്കും മൺകൂന
അഥവാ
ക്യൂരിയോസിറ്റി എന്ന സ്ഫടികപാത്രം
പോപ്പ്കോൺ സമ്മർദ്ധങ്ങളാവണം
ബുദ്ധനേ,
ചോളമണികളിൽ വിരിയിച്ചെടുക്കുന്നു
പരിത്യജിക്കുക എന്ന വാക്കിൽ
കൊള്ളും,
അടങ്ങിയിരിക്കും ജീവിതം
നമ്മൾ കൊണ്ട് നടക്കുന്നു
എന്നാവുമോ
ദൂരത്തിൻ്റെ ഓർമ്മക്ക്
മേഘങ്ങൾ എടുത്തുവെക്കുന്നതെന്തും
ബുദ്ധനിൽ വിരിയും ചിരിയും
സായാഹ്നങ്ങളും
ഞാൻ,
കല്ല് ഒരു രഹസ്യമാണെന്ന്
ഭാരത്തിൽ അത് സൂക്ഷിക്കുന്നു എന്നെല്ലാം പറഞ്ഞുനോക്കി
രഹസ്യമായില്ല
രഹസ്യങ്ങളിലേക്ക് അത് ഉരുക്കി ഒഴിച്ചില്ലെങ്കിൽ
കാതുകൾ താഴ്‌വാരങ്ങൾ
എന്ന് പറഞ്ഞുനോക്കി
കല്ലുമായില്ല
മല്ലിച്ചെപ്പ് എന്ന് എഴുതുവാൻ
മൃദുലതകൾ മുറിച്ചെടുക്കുന്ന
ലാഘവത്തോടെ
മുറിച്ചെടുക്കുന്ന
അറക്കവാൾ വിഷാദം
എന്നെഴുതിനോക്കുന്നു
രക്ഷയില്ല
വിഷാദഋതു
ഓരോ പൈൻമരങ്ങളേയും
പോക്കുവെയിലിലേക്ക്
മുറിച്ചിടുമ്പോലെ തന്നെ
ഇരയിൽ വിഷാദക്കണ്ണ് സൂക്ഷിക്കും
പരുന്തുമായുള്ള മൽപ്പിടിത്തങ്ങളിൽ
ഞാൻ പരുന്തിന്നൊപ്പം നിൽക്കുന്നു
വിഷാദത്തോടൊപ്പം പാറുന്നു
ഒരു മേപ്പിളിലയ്ക്ക് പകരം
അതിൻ്റെ ആകൃതി കൂർപ്പ്
ഇരയെ വിഷാദത്തിന് വിട്ട് കൊടുക്കുന്നു
ഒരു പക്ഷേ ഇല,
നിലത്തേക്ക്
വീഴുമ്പോലെ
തന്നെ
അസ്‌തമയം നട്ട് നനയ്ക്കും
ചെടി എന്ന് സൂര്യന്നെ
അസ്‌തമയത്തിൻ്റെ ജട
ഇരുട്ടിൽ കെട്ടിവെക്കുന്നു
ഞെക്കുവിളക്കിന് പിന്നാലെ
ഒരാൾ
എന്ന് വിശ്വസിപ്പിച്ചു നോക്കി.
നടന്നില്ല
കൈയ്യിൽ, മീന്തല ടോർച്ചുകൾ
വെളിച്ചത്തിൻ്റെ പേസ്‌റ്റ് ഞെക്കി
എടുത്ത്
ടോർച്ചിൽ പുരട്ടി
നിലത്ത് തേച്ച് നടന്നുനോക്കി
പ്രാണികൾ പാറി വീഴും
വെളിച്ചം അയാളേ
പിന്നേയും നൈരന്തര്യങ്ങളിലേക്ക് വലിച്ചിഴക്കുന്നു
രഹസ്യമായി തന്നെ പറയട്ടെ
ഉറമ്പുകൾ
ശാന്തതയുടെ നിർമ്മാണ രഹസ്യങ്ങൾ കൊടിക്കൂറകളുമായി
പങ്കുവെക്കുന്നില്ല
ഇഴച്ചിലുകളിലാണ് അവയുടെ ശ്രദ്ധ
ഉറുമ്പുകൾ
ശ്രദ്ധയുടെ സുക്ഷ്മതകളുടെ
നിർമ്മാണരഹസ്യമാവണം!
തങ്ങളുടെ കൊടിക്കൂറകൾ
എവിടെയോ പാറുന്നുണ്ടെന്നുള്ള ബോധ്യത്തിൽ,
ഉറുമ്പുകൾ ഇഴയുന്നു
ബോധ്യങ്ങളുടെ കൊടിക്കൂറകളാണ്
പാറലുകൾ അതിൽ അടക്കം
ശ്വസനത്തിൻ്റെ താളുകളിൽ,
മറിക്കാവുന്ന ശ്വാസത്തിൽ
ഉടൽ വെക്കുന്നു
ഭ്രമണഷോക്കേയ്സിൽ
ഭൂമി, ഒരു ശിൽപ്പമല്ലാതെയാകുന്നു
ഉറവയില്ലാതെ പതിയേ സുഷിരസ്ഥായിയാകും ആകാശം
നെടുവീർപ്പുകൾ മാത്രം
ഉള്ളടക്കമായ വിത്തിൽ
കാതുചേർക്കുന്നു
ഒപ്പം എന്ന്
ഓലേഞ്ഞാലിക്കിളികൾ ചുറ്റിലും
ഭൂഗുരുത്വാകർഷണത്തിൻ്റെ
ഭാരം കുറഞ്ഞ പതിപ്പുകൾ
നെടുവീർപ്പിന്നൊപ്പം വിത്തുകളിൽ ഉളളടക്കങ്ങളാക്കുന്നു!
Comments
Post a Comment