മഞ്ഞ്,
പൂച്ചക്കണ്ണുള്ള ദുഃഖം എന്നവൾ
ഞാനതിൻ്റെ നാല് കാലുള്ള വീഴ്ച്ച നോക്കി നിൽക്കുന്നു
അവൾ കാണാതെ
അവൾ,
മഞ്ഞ് ഒളിച്ചിരിക്കുന്നവൾ
മഞ്ഞ് അവളെ നക്കിത്തോർത്തുന്നു
അവൾ മഞ്ഞിനേ തൊടുന്നു
അവൾ മഞ്ഞിനേ അറിയുന്നു
അതും മഞ്ഞ് നുണഞ്ഞ്
മഞ്ഞ് നനഞ്ഞ്
അവൾ മഞ്ഞിനേ കാണുന്നത് പോലും
നോക്കിനിൽക്കുവാൻ
ഒരു രസമാണ്
മഞ്ഞ് അയ
നമ്മൾ അതിൽ
ഉണങ്ങുവാൻ കൂട്ടാക്കാത്ത
രണ്ട് തുണികൾ എന്നാവും അവൾ
അവളുടെ ചൂടിനുള്ളിൽ
പൂച്ചക്കണ്ണുകൾ അവധിയെടുത്ത രാത്രിയിൽ
എന്നിൽ പൂച്ചനഖം
ഞാനത് അവളിൽ നിന്നും
മഞ്ഞിൽ നിന്നും
മറയ്ക്കുന്നു
മാറിലെ മഞ്ഞിൽ അവളുടെ മുഖം
അവൾ കാണാതെ
മഞ്ഞുപങ്കായത്തിൽ നിന്ന് തെറിക്കുവാനുള്ള
വെള്ളത്തുള്ളികൾ ഞാൻ
അവൾക്കരികിൽ
അന്തരീക്ഷത്തിൽ വരച്ച് തൂക്കുന്നു
ഫിനിഷിങ് പോയൻ്റിലേക്കുള്ള ട്രാക്ക് അവൾ മഞ്ഞിൽ വരയുന്നു
മൽസരിക്കുന്ന
മഞ്ഞിൻ്റെ ചുണ്ടൻ വള്ളങ്ങൾക്ക് അവൾ ഫിനിഷിങ് പോയൻറ്
നെടുവീർപ്പുകൾ അവൾ മഞ്ഞിൽ
വെക്കുന്നു
മഞ്ഞിൽ അവൾ ശ്വസിച്ചതിൻ്റെ രേഖകൾ
മഞ്ഞിൽ
അന്തരീക്ഷത്തിൽ
ഉടലുകൾ പതിയേ മത്സരിക്കുന്ന തോണികൾ
എന്നാവാം അവൾ
അവൾ മഞ്ഞിൻ്റെ
അണിയത്തും അമരത്തും
മഞ്ഞിൻ്റെ ഓടാമ്പൽ അവൾ
മെല്ലേ നീക്കുന്നു
മെല്ലേ എന്ന വാക്കിൽ
നീക്കത്തിൽ ഉലഞ്ഞ് മഞ്ഞ്
മഞ്ഞ് എല്ലാവാക്കുകൾക്കും
അവൾക്കും താഴ്
ഹൂക്കുള്ള മഞ്ഞ്
വിരൽത്തുമ്പിലെ മഞ്ഞിൻ്റെ കൊളുന്ത്
അവൾ നുള്ളുന്നു
ദുഃഖം ഒരു തോണിയല്ല
ഉടലിൻ്റ വള്ളം തുഴയുന്നവർക്ക്
എന്നാവും അവൾ
മഞ്ഞിൻ്റെ ഷോകേയ്‌സിൽ
ദുഃഖങ്ങൾ
ശിൽപ്പങ്ങളാകുവാൻ അവ, കൂട്ടാക്കിയേക്കില്ല എന്നവൾ കാതിൽ
തിരിച്ചറിയുവാനാകാത്ത വിധം
കാതും മഞ്ഞും
ചുണ്ടുകൾക്ക് മാത്രം തീ
പ്രതിഫലിക്കുവാൻ സമയം കൊടുക്കാത്ത വണ്ണം
രണ്ട് പേരെ മാടിവിളിക്കും
കണ്ണാടി
പിന്നിലെ രസത്തിൽ അവൾ
മഞ്ഞ് പുരട്ടുന്നു
മഞ്ഞ് താഴ്‌വാരങ്ങൾ കടക്കുന്നു
വരൂ പ്രതിഫലിക്കൂ
രണ്ട് പേരെ വകഞ്ഞ്
മഞ്ഞ്
കണ്ണാടിയിൽ
ദുഃഖം തിരഞ്ഞ് പോയ
രണ്ട് പേരുടെ പേരെഴുതുന്നു!
Comments
Post a Comment