Skip to main content

ഞാൻ കൊത്ത് കൊള്ളുന്നു

 കൂട് ഉറയൊഴിക്കും കിളി

നാരിൻ്റെ പുളി നോക്കുന്നു

ഞാനും കിളിയും കൂടും

നാരും പുളിയും

പിടിച്ച് വലിക്കുന്നു


വിരലിൽ ശാന്തത കോരിനോക്കും

ബുദ്ധൻ

ശബ്‌ദത്തിനായി കരയും

അപ്പോഴങ്ങോട്ട് പെറ്റിട്ട 

കാതിന്നറ്റം


ഏറ്റവും പുതിയ ബുദ്ധന് പഠിക്കും ആധുനിക ഗ്രാമം

ധ്യാനവും കുപ്പിപ്പാലും

നീക്കി നീക്കി വെക്കും


എന്നാലും 

നിലത്തുള്ളതെല്ലാം ജലം

ധ്യാനത്തിൻ്റെ ഡൈവിങ്ബോഡിൽ

ബുദ്ധൻ കണക്കേ നിൽക്കും

സമയം


ബുദ്ധൻ്റെ നുണക്കുഴി താഴെ

നീലനിറത്തിൽ

ആഴത്തിൽ 


ഓളങ്ങൾ നിർമ്മിച്ച്

എൻ്റെ നോട്ടത്തിൽ അത് വന്നു തെറിക്കുമോ


ഓളങ്ങൾ ഉള്ള സമയമാവണം

ഓളങ്ങൾ ഉള്ള കള്ളവും


ഒരു ചെമ്മരിയാടാവും കിഴക്ക്

അത് സൂര്യനെ ഉരുമുന്നു

അടുക്കളയിൽ വന്ന്,

തിരക്ക് ഉരുമും പോലെ തന്നെ


അടുക്കളകൾ വീട്ടിൽ,

ചെമ്മരിയാടുകൾ

അവ നേരത്തോട് 

നേരമുരുമുന്നു


ഇനി ചെമ്മരിയാടുകളേ സൂര്യൻ

ഉദിക്കുന്നതിന്നിടക്ക്

കോരിയെടുക്കുന്നു

അടുക്കള ഭിത്തിയോട് ചേർത്ത്

കോരിയൊഴിക്കുന്നു 

എന്നാവുമോ?

 

നുണക്കുഴികളുടെ ഉറയൊഴിപ്പാണ്

തൊട്ടുനോക്കുവാനാകില്ല

ധ്യാനം മാത്രം തൊട്ടുനക്കുന്നു


2


സൂര്യനെന്ന ക്വാറി പൊട്ടിച്ച 

പാറ പോലെ വെളിച്ചം


പകൽ ഒരു ലോറിയല്ല

ഞാനതിൻ്റെ ഡ്രൈവറല്ല

എന്ന് പറഞ്ഞ് കൊണ്ട് തന്നെ

ഞാൻ എൻ്റെ ഉടൽ,

ട്രാക്റ്റർ പോലെ സ്‌റ്റാർട്ട് ചെയ്തു നിർത്തുന്നു


അതിൻ്റെ ശബ്‌ദത്തിൽ 

ഞാനും എൻ്റെ പകലും 

ചാരി നിൽക്കുന്നു

പകൽ കോരിയൊഴിക്കുന്നു


ആടുകൾക്ക് ഞാത്തിയിടുവാൻ

കൊടുത്ത കാത്,

മേഞ്ഞതിൻ്റെ വിഹിതം എന്നിവ 

എൻ്റെ പകലുകൾ 

വൈകും മുമ്പ്

തിരിച്ച് ചോദിക്കുമോ?


കാറ്റ് അതിൻ്റെ ഞാത്തിയിട്ട

വീശൽ എന്നിവ സംശയിക്കുന്നു


എനിക്ക് ചോദിക്കുവാൻ 

ഒന്നുമില്ല

പറയുവാനും


എൻ്റെ പകലിൻ്റെ നെറ്റി

ആടുകൾ

ഇടിച്ച് പൊട്ടിക്കുന്നു


പടിഞ്ഞാറ് പടിഞ്ഞാറുമായി കോർക്കുന്നതാവണം


പകലിൻ്റെ നെറ്റി, ബുദ്ധൻ

ഒരു കോട്ടുവാ ഇട്ട് കഴിഞ്ഞ്

പവിഴമല്ലികളിൽ ഇട്ടുവെക്കുമായിരിക്കും


3


ഞാൻ ഒരു മരം കൊത്തിയുടെ

സുഷിരം

അതിൻ്റെ നോട്ടം തട്ടിമാറ്റി

മോഷ്ടിക്കുന്നു

വീഴുന്നതിന്നിടയിൽ

അതിൻ്റെ കൊത്ത് 

വീണ്ടെടുക്കുന്നു


മരങ്കൊത്തികൾ മുക്കുവന്മാരല്ല

ഞാൻ സുഷിരങ്ങളുടെ ചാകര,

മരങ്കൊത്തികൾക്ക് 

പരിചയപ്പെടുത്തി കൊടുക്കുന്നു


മരങ്കൊത്തികൾ,

സുഷിരങ്ങൾ മെരുക്കുന്നു

അടുത്ത് ഉടലുകളുടെ ചാകര

വിരലുകളുടേതും


ആധുനികനാണെന്ന വിശ്വാസത്തിൻ്റെ

ക്വാറിയാകണം

ഉടയ്ക്കുവാനാകില്ല എന്നാവും

ഉള്ളിലിരിപ്പ്


എന്നാലും ഉടയുന്നതാവണം


ഉള്ളിലുണ്ട്

പ്രാകൃതനാകണം എന്ന വാഞ്ഛ


കല്ലുകൾ ക്വാറിപ്പിണക്കങ്ങൾ

കടൽ കല്ലുകളിൽ വന്നടിയ്ക്കുന്നു

ആർക്കുന്നു


മരങ്ങളിലല്ലാതെ സുഷിരങ്ങൾ

മഞ്ഞുകൊള്ളുന്നു

മരങ്കൊത്തികൾ പകലുകൾ

കൊത്തിപ്പറിക്കുന്നു


സുഷിരങ്ങളേ ആരാധിക്കുന്ന ജനത!

മരങ്ങളില്ലാതെ

മരങ്കൊത്തികൾ വീണ്ടും വീണ്ടും

മഞ്ഞിലും പകലിലും

ആഞ്ഞുകൊത്തുന്നു

ഞാൻ അതിൻ്റെ കൊത്തുകൊള്ളുന്നു!


Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നൃത്തം ചെയ്യുന്ന രക്ഷിതാക്കളേ വിളിച്ചുവരുത്തുന്ന വിദ്യാലയങ്ങൾ

 കുട്ടികൾ വികൃതി കാണിച്ചതിൻ്റെ പേരിൽ നൃത്തം ചെയ്യുന്ന രക്ഷിതാക്കളേ വിളിച്ചുവരുത്തുന്ന വിദ്യാലയങ്ങൾ അവിടുത്തേ ഒരു അധ്യാപിക എന്നേക്കാൾ വികൃതിയാണ് എന്നാലും അത് എനിക്ക് ഉസ്‌കൂളിൽ പോകാതിരിക്കുവാനുള്ള കാരണമാകുന്നില്ല സ്കൂളിൽ പോകാതിരിക്കുവാൻ വേണ്ടി കാരണങ്ങൾ ഒരുപാട് കണ്ടുപിടിച്ച് സ്‌കൂളിൽ പോകാതിരുന്ന കുട്ടിയായിരുന്നു ഞാൻ അതിപ്പോൾ പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഞാനൊട്ടു ശാസ്‌ത്രജ്ഞനുമായിട്ടില്ല പ്രണയം പഠിപ്പിച്ചിരുന്ന കാലങ്ങളിൽ എന്നേ ഏറ്റവും കൂടുതൽ  മുട്ടേൽ നിർത്തിച്ചത് അവളായിരുന്നു എന്നിട്ടെന്താ ഇന്നിപ്പോൾ  ഉസ്‌കൂളിലേക്ക് എന്നോടൊപ്പം വരേണ്ടത് അവളാണ് അപ്പോഴും എനിക്ക് കവിതയിൽ  ഇത്രയും ഗൃഹപാഠം ഇട്ട് തരുന്ന  അധ്യാപിക ആരാണെന്ന സംശയം അവൾക്കില്ലാതില്ല അത് പക്ഷേ കവിതയെഴുതുന്ന കാലത്താണ് അന്ന് പുഴയിൽ  വെള്ളം പൊങ്ങിയിരുന്നു എന്നൊരു കളവ് എൻ്റെ കവിതയേ ആവർത്തിച്ച് നനച്ചു ഒരുമിച്ച്  ഒരു കുട ചൂടി ഞങ്ങൾ  ആ നനവ് നടന്നുതീർത്തു മഴക്കാലത്ത് തടിപ്പാലം പോലെ  കാതിലെ തുളസിക്കമ്പ് ഞങ്ങളുടെ നിശ്ശബ്ദതകൾക്കിടയിൽ അപ്പോഴും വഴുക്കി അന്നേരവും അവളുടെ കാതിലെ തുളസിക്കമ്പ് ഞങ്ങൾ ഭാഷ പോലും ...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...