Skip to main content

കവിത എന്ന മോചനദ്രവ്യം

 ഞാനും 

ആരോരും ഇല്ലാത്ത ഒരു മൈനയുടെ തവിട്ടും കൂടി

ഒരു ഇലയുടെ ഇന്നലെമഞ്ഞ

മോഷ്ടിക്കുന്നു


അതും മരത്തിൻ്റെ 

കൃത്രിമചലനങ്ങളും

സ്വാഭാവികനിശ്ചലതയും 

അറിയാതെ 


ഒരു പക്ഷേ നോക്കിനിൽക്കേ തന്നെ


കാതുകൾ നിധിവേട്ടക്കാരാണ്

വേരുകളും

മരവും അതിൻ്റെ രഹസ്യങ്ങളും

അതിന് കാവൽ നിൽക്കുന്നു

എന്ന് തോന്നി


ഞാൻ പറയും

മൈന തലയാട്ടും പക്ഷേ എൻ്റെ ഭ്രാന്ത് മാത്രം തർക്കിക്കും

അല്ല അല്ല അല്ല


എനിക്ക് ഭ്രാന്തില്ല ഞാൻ പറയും 

പക്ഷേ അതിന് തലയാട്ടുവാൻ

ആരുമിണ്ടാകില്ല


ഒരു മേഘവും അതിൻ്റെ മന്ദാരവും

എൻ്റെ തലക്ക് മുകളിലൂടെ 

കടന്ന് പോകും

ഒന്നുമറിയാത്ത പോലെ


എൻ്റെ തല ഭ്രാന്തിൽ നിന്നും 

ഇരുചെവിയറിയാതെ

പുറത്ത് വരും

പൗർണ്ണമിക്ക് മുമ്പും പിമ്പും ചന്ദ്രൻ 

മേഘങ്ങൾക്കിടയിൽ നിന്നും

എന്ന പോലെ


ഭ്രാന്ത്,

പൗർണ്ണമിക്ക് മുമ്പും 

പിമ്പുമുള്ള ചന്ദ്രൻ എന്ന് 

ആകാശത്തിൻ്റെ പുലയാട്ട്

പുലഭ്യം

ജന്മനക്ഷത്രങ്ങളുടെ 

അസഭ്യവർഷങ്ങൾ 

അതും തലക്ക് മുകളിൽ


എൻ്റെ നാവ് 

അത് അരുതെന്ന് പൊന്തുമ്പോഴും

ഗസലിൻ്റെ നാണയത്തുട്ടുകൾ 

ഇട്ട് വെക്കുന്ന ഭ്രാന്തിൻ്റെ കുടുക്ക,

മേഘങ്ങൾ നിലാവ് കടക്കുമ്പോൾ

നിലത്തിട്ട്  പൊട്ടിക്കുന്നു


ശ്രദ്ധിക്കണം ഒരിക്കൾ കേട്ടത്

എന്ന ജാമ്യം അവിടെ ആരും എടുക്കുന്നില്ല


ഇനി ഗസലിൽ നിന്നുമുള്ള ഒരു മോചനം സ്വാതന്ത്ര്യം

ആരും ആഗ്രഹിക്കുന്നില്ല

എന്നാകുമോ


എൻ്റെ ഭ്രാന്ത് അതിൻ്റെ കുരവനദി

ഒരു കുരവ അതിൻ്റെ കടത്ത്തോണി


ഓരോ ഗസലും കഴിയുമ്പോൾ

എൻ്റെ ഭ്രാന്ത് അസംഖ്യം കുരവകളേ 

ഇട്ട് മുക്കുന്നു


ശ്വാസംമുട്ടിക്കുന്ന വിധം 

കുരവള്ളിയിൽ നിന്നും പൊങ്ങിവരും കുമിളകൾ

ശ്വാസത്തിനും ജീവിതത്തിനും

ഇടയിൽ, പുതിയ കുരവകളാവുന്നു

ഒപ്പം ഗസലുകളും


ഹേ നദീ എന്ന വിളി മുങ്ങുന്നില്ല

പൊങ്ങിക്കിടക്കുന്നുമില്ല എങ്ങും


നദിമുനി

അതിൻ്റെ ഒഴുക്കിൻ്റെ ധ്യാനം

അതിലെ

മീൻകൊത്തിയുണ്ടാക്കും ചുഴി


ഞാൻ എന്നൊന്നില്ല എന്നും


കൊത്തങ്കല്ലാടിയതിൽ,

അതിൽ, തിരിച്ചുവരാത്ത 

ഒരു കല്ല് പോലെ ഭ്രാന്ത്

അല്ല അത് ഭ്രാന്തല്ല ബാല്യം

എന്ന് ഞാൻ എൻ്റെ ഭ്രാന്തിന്നേ പറഞ്ഞ് മനസ്സിലാക്കുന്നു


ഞാനും, 

മൈനയുള്ള ഞാനും

തമ്മിലുള്ള അന്തരം

മൈനക്ക് നടന്ന് തീർക്കുവാനാകില്ല

ഒരു പക്ഷേ പറന്നും


ഞാനും ഭ്രാന്തുള്ള ഞാനും തമ്മിൽ

അത്തരം അന്തരങ്ങൾ ഒന്നുമില്ല

ഒരു കല്ലിൻ്റെ അന്തരം ഒട്ടുമില്ല


എന്നാലും ഞങ്ങൾ,

ഉള്ളത് പറയാമല്ലോ

പിന്നെ എന്ന വാക്കിൻ്റെ അഥിതികളാവുന്നു


ശരിക്കും

ഏത് പഴക്കത്തിനും 

തട്ടിക്കൊണ്ട് വരാവുന്ന വിധം

ഞാനും

എൻ്റെ ഏറ്റവും പുതിയ മൈനയും

പിന്നെ അതിൻ്റെ മഞ്ഞയും


ഏറ്റവും പുരാതനമായ തവിട്ടിൻ്റെ

മ്യൂസിയത്തിൽ ഞങ്ങൾ

സന്ദർശകരാവുന്നു


നിധിവേട്ടക്കാരനായ ഭ്രാന്ത്

അനാഥത്ത്വത്തിൻ്റെ മ്യൂസിയങ്ങളിൽ,

ഒപ്പം മൈനക്കണ്ണും


ഇന്നലെയിലെ മഞ്ഞയാണ്

ഏറ്റവും നല്ല മഞ്ഞ എന്ന് 

ഒരിലയെ പറഞ്ഞ് വിശ്വസിപ്പിക്കുവാനായിരുന്നു പ്രയാസം


മൈനകൾക്ക് 

കണ്ടുതീർക്കുവാനായേക്കില്ല

എൻ്റെ ഭ്രാന്തിൻ്റെ മ്യൂസിയങ്ങൾ


കണ്ടുതീരാത്ത മൈനകളെ

ബലമായി പിടിച്ച് പുറത്താക്കുകയായിരുന്നു

എൻ്റെ തവിട്ട് 

അതിൻ്റെ അപൂർണ്ണഇന്നലെകൾ


വ്യക്തിത്വം അതിൻ്റെ അടിയറവ്

മൗനത്തിൻ്റെ മ്യൂസിയങ്ങളിൽ

മൂളിപ്പാട്ട്  സന്ദർശകർ 


വിശ്വാസികളായി

കണ്ട് തീർക്കാവുന്നതൊക്കെയും

മതത്തിൻ്റെ മ്യൂസിയങ്ങളിൽ


കാഴ്ച്ചക്കാരനോ പ്രദർശനവസ്തുവോ

എന്നറിയാതെ കൂടെ വരും ദൈവവും

ഒപ്പം മൈനയും


മഞ്ഞയുടേയും മതത്തിൻ്റേയും 

മുന്നിൽ വെച്ച്

എൻ്റെ തവിട്ട് അതിൻ്റെ ഭ്രാന്തിനേ

ശക്തമായി ശാസിക്കുകയായിരുന്നു

ഒപ്പം ചോദ്യവും ചെയ്യുന്നു


മതങ്ങൾ എല്ലാത്തിനും കാതോർക്കുന്നു


വിശ്വസിക്കുമോ

ക്ലോറോഫോം പോലെ 

മണപ്പിക്കുവാൻ ഭാഷയും

ഒപ്പം ഒരു ഇന്നലെയും ഉണ്ടായിരുന്നിട്ടും 

തിരിഞ്ഞുനോട്ടം മണപ്പിച്ച് 

ഒരു മൈനയെ എൻ്റെ ഭ്രാന്ത് 

തട്ടിക്കൊണ്ട് വരുന്നു!


മോചനദ്രവ്യമായി ഞാനീ കവിതയെഴുതുന്നു...



Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ