Skip to main content

ശ്വാസബുദ്ധൻ


ഗസലിലെ വിഷാദങ്ങൾ ചെന്നെത്തി നോക്കും
ദുഃഖത്തിന്റെ കിഴുക്കാംതൂക്ക്

ഗസലുകളിൽ
വിഷാദത്തിന്റെ സ്വരസ്ഥാനങ്ങൾ 
എന്നാണ് ആരോപണം
അതും ലളിതമായത്

ക്ഷമിക്കണം
എന്റെ ദുഃഖങ്ങൾക്ക് അതിനുത്തരമില്ല
എന്ന സമീപനം 
അപ്പോഴും ഗാനത്തിന്

എന്ന് കരുതി 
എന്റെ ദുഃഖങ്ങൾ വിശുദ്ധമാണെന്ന് അതിനർത്ഥമില്ല
അത് നിർത്താതെ തുടരുന്നു

കാതോർത്താൽ മാത്രം
ശ്രദ്ധയിൽപ്പെടും വിധം
ബുദ്ധശിൽപ്പങ്ങൾ 
ശ്വാസമെടുക്കും ശബ്ദം

മറ്റൊരു ശിൽപ്പത്തിലെ ശ്വാസം
ബുദ്ധനല്ലാത്ത മറ്റൊരാൾ
എടുക്കുന്നു

ഗസലുകൾക്കപ്പുറം
ഖവാലികൾ വഴിഞ്ഞൊഴുകും
രാജസ്ഥാനീഹവേലികൾക്കരികിൽ
ധ്യാനത്തിന്റെ ഗലീബോയിയായ് 
പ്രത്യക്ഷപ്പെടും
എന്റെ ശ്വാസബുദ്ധൻ

ഇങ്ങ് തെക്ക്
നീലനിറമുള്ള 
വേഴാമ്പൽ ത്തൂവാലകൾ നീട്ടി 
എന്റെ ഗ്രാമത്തിൽ
മഴ വെക്കും ഖവാലി

അങ്ങ് ദൂരെ
ബവുൾഗായകനായ ബുദ്ധനെ മുട്ടിയുരുമ്മി എന്റെ പാട്ടിരിക്കുന്നു

ധ്യാനത്തിന്റെ കുടമുല്ലപ്പൂക്കൾ
കൈക്കുഴയിൽ കെട്ടിയിട്ടും
എന്റെ പാതിമയങ്ങിയ ബുദ്ധൻ
മഴയിൽ മുത്തുന്നില്ല
ഒരു ഖവാലിയിലും പങ്കെടുക്കുന്നില്ല

താളം കൊണ്ട് പോലും
മുനിഞ്ഞ് വിരിയും
ധ്യാനത്തിന്റെ കുടമുല്ലപ്പൂക്കൾ

അതിനിടെ ബുദ്ധശിൽപ്പങ്ങളെ
അതിനിശ്ചലം
ടെറാക്കോട്ടാ നിറങ്ങളിലേക്ക്
വലിച്ചിഴക്കുകയാണ്
അതിന്റെ പ്രശാന്തത

ഇവിടെ വെയിൽത്തൂവാലയുള്ള സൂര്യൻ
വേനലിന്റെ ഖവാലിയിൽ

വീടുകളുടെ തൂവാലയാവും
ജനാലകൾ

കൈക്കുഴയിൽ
നിശ്ചലതയുടെ മൺപ്പൂക്കൾ കെട്ടിയ
ഒരായിരം ബുദ്ധശിൽപ്പങ്ങളിൽ
ഒന്നുപോലും പങ്കെടുക്കുന്നില്ല
ധ്യാനത്തിന്റെ ഖവാലിയിൽ

ധ്യാനത്തിന്റെ മൺമുദ്രകൾ 
ഖവാലിയിൽ

ഉയരത്തിൽ
ധ്യാനത്തിന്റെ കൊളുന്തുനുള്ളും
നിശ്ചലബുദ്ധൻ
ഉടലിന്റെ ചൂടുവെള്ളത്തിലേക്ക്
ധ്യാനത്തിന്റെ വെയിൽപ്പാത്തികൾ
ധ്യാനം,
ഉടലിലേക്ക് കലരുന്നു

ഇന്നലെയുടെ നിറമുളള വെയിൽ
നിന്നിലേക്ക് തുളുമ്പും
എന്റെ നിശ്വാസബുദ്ധൻ

സൗകര്യത്തിനായി
ജനലഴികളിൽ വെളിച്ചത്തിന്റെ 
ദീർഘം ചേർക്കും
വീടിന്റെ വെയിൽപ്പാത്തികൾ

മൺവിളക്ക് പോലെ തൂക്കിയിട്ടും
ദുഃഖമെന്ന വാക്കിൻ ചെരാത്
ദു:ഖത്തെ ഹൃദയത്തിന്റെ വിസർഗ്ഗമാക്കും വിഷാദശലഭങ്ങൾ

നമുക്കിടയിൽ
അങ്ങോളം ഇങ്ങോളം രാത്രിഗസൽ
ഉടലിന്റെ ഇളംതണുപ്പുള്ള ഖവാലി

ധ്യാനത്തിന്റെ തൂവാലയുള്ള
നിശ്ചലബുദ്ധൻ
ബുദ്ധഗസൽ

ഖവാലിഗാനത്തിൽ പങ്കെടുക്കുന്ന
ബുദ്ധമുഖമുള്ള ഉന്മാദഗായകാ 
നിനക്ക് 
എന്നെങ്കിലും തിരിച്ചെടുക്കുനാകുമോ
വിരഹാന്തരീക്ഷത്തിൽ നീ വെച്ച
ഇളംചൂടുള്ള നിന്റെ ശബ്ദത്തിന്റെ
കൈയ്യടികൾ.

അത്രമേൽ അവിചാരിതമാകാം
ഖവാലി, കൈയ്യടികൾക്കപ്പുറം
തൂവാലകളുടെ ഒരു നാടാകുന്നത്.

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!