സൂര്യകാന്തിയുടെ മുറ്റത്ത് നിന്നും
ഭാഷയുടെ ടാക്സി പിടിക്കുന്നു
മറ്റൊരു ഭാഷയ്ക്ക്
കൈ കാണിച്ചു,
വെറുതേ വഴി ചോദിക്കുവാൻ
ഒന്നും ചെയ്യുന്നില്ല
നീല കൂടുതൽ ചേർത്ത
പൊന്മാൻ
നിന്റെ കാതിന്റെ തുമ്പത്തെ
മന്ദാരക്കടവ് കഴിഞ്ഞ്,
ശരിയാണ് ജമന്തികൾ തോണികൾ
ഒരുപക്ഷേ, മന്ദാരത്തോണികൾ തുഴഞ്ഞ് നീങ്ങിയതിന് ശേഷം
വിരൽത്തുമ്പു വാക്കിലുരച്ച് കവിതയെഴുതുകയായിരുന്നു
പഴയ കുടയുടെ സുതാര്യതയുള്ള
ചതുരപ്പിടി, മഴയിലുരയുമ്പോലെ
ഗൃഹാതുരത്വത്തിന്റെ ഒരു
മധുരഗന്ധം പരന്നു
കാതിന്റെയറ്റം പാട്ടിലുരയുമ്പോലെ
ഒരു മഴത്തുള്ളിയിൽ, പാട്ടിന്റെ മെലഡികൾ പാർക്ക് ചെയ്യുമിടം
മെലഡികളെ ക്കുറിച്ചുള്ള
നിന്റെ കാതിന്റെ പഠനം പൂർത്തിയാക്കിയതിൽ പ്പിന്നെ,
ബുദ്ധന്റെ ചുണ്ടിൽ നിന്നും
നിശ്ശബ്ദതയുടെ ശിൽപ്പത്തിലേക്ക്
പറന്ന്, കൂടുതൽ വിടുതൽ നേടിയ പൂമ്പാറ്റ
പൂമ്പാറ്റകളുടെ അഗ്രഹാരത്തിലെ
നിന്റെ ഉടലിന്റെ കോലം
പൂർത്തിയാക്കാതെ
ഒരു ഈറൻ കെട്ടിവെച്ച്
ഒരു വെളുപ്പാൻ കാലവും മടങ്ങുന്നു
ഇറ്റുവീഴും മുമ്പ്,
ഖനീഭവിച്ച ദു:ഖം എന്ന വാക്കിനെ
ഒപ്പിയെടുത്തിട്ടുണ്ട്.
ആരുടേതെന്നറിയാതെ
ഇനി എവിടെ വെക്കും?
Comments
Post a Comment