Skip to main content

റിക്കവറീവെഹിക്കിളുകൾ

ശലഭങ്ങളുടെ റിക്കവറീവെഹിക്കിൾ
മാത്രമാവും ആകാശം

പ്രണയം 
ഒരു റിക്കവറീവാഹനമാവുകയും ഉടലുകൾ, അതും കേടാവും മുമ്പ്
വന്ന് കയറ്റിപ്പോവുകയും ചെയ്തു

വർത്തമാനകാലത്തിന്റെ 
വ്യാകരണം പോലെ
തുടർച്ചയായി ഉടലുകൾ 
കയറ്റിക്കൊണ്ട് പോകുന്നുണ്ടായിരുന്നു 
കേടായരതി

തടിലോറി പാലം കയറുമ്പോലെ
എങ്ങും കയറുകളുടെ മുറുക്കം
എങ്ങും കേടായലോറികൾ

ആകാശത്തിന്റെ ജെസിബിയായി
പണിയെടുക്കും മേഘം
ആകാശം കയറ്റുകയും
കൊണ്ടിറക്കുവാൻ ഒരിടമില്ലാതെ
മേഘങ്ങൾക്കരികിൽ 
പാർക്ക് ചെയ്യുകയും ചെയ്തു

മാന്യുവൽ ആകാശത്തിന്റെ
ഓപ്പറേറ്റിങ് ഇൻസ്ട്രക്ഷൻസ്
പരിശോധിക്കും എന്റെ ഭാഷ

ആകാശം ഒരു നിഘണ്ടുവാകുകയും
നീല അതിലെ ഒരു വാക്കാവുകയും
മേഘം അത് പരിശോധിക്കാനെടുക്കുകയും ചെയ്തു

കേടായ ഭാഷയെ അനുസരിക്കും
എന്റെ വ്യാകരണം

ഇറക്കിവെക്കുന്നില്ല ലോറികൾ എങ്ങും
പഴഞ്ചൻ തടികൾ

നിഘണ്ടുക്കൾ
വാക്കുകൾ കയറ്റിയ
പഴഞ്ചൻലോറികൾ
ഭാഷ വ്യാകരണത്തിന്റെ
റിക്കവറി വെഹിക്കിളുകൾ

ഞാൻ തുടർച്ചയായി  പാലങ്ങളുടെ ചിത്രങ്ങൾ  എടുക്കുകയും
കാക്കകളുടെ തോട്ടത്തിൽ കൊണ്ടുപോയി നാട്ടുകയും ചെയ്തു

ക്യാമറകൾ,
റിക്കവറിവെഹിക്കിളുകളാണെന്ന് കാക്കകൾ കറുത്തനിറത്തിൽ കരുതി

കറുപ്പ് നിറങ്ങളുടെ റിക്കവറിവെഹിക്കിളായി നിറങ്ങൾ,
മഴവിൽലോറിയിൽ

തൂക്കിക്കൊലകൾ നേരിട്ടുകണ്ട കാക്കകൾ
ക്യാമറക്കുള്ളിലേക്ക് 
സൂക്ഷിച്ച്നോക്കുക മാത്രം ചെയ്തു

അവക്കരികിൽ പോയി
കറുപ്പ് പുറത്തേക്കിട്ട് ഞാനും
കുറച്ച്നേരം ഇരുന്നു

ഒരു കാക്ക കൊത്ത് പിറകിലേക്ക് നീട്ടി. കറുപ്പ് കാക്കയിലേക്ക് കെട്ടിവെക്കുന്നു

കണ്ണടക്കരികിലെ കാക്ക
കാക്കയുടെ നീക്കുപോക്കുകൾ

ഒരു പാതിമടങ്ങിയ
കണ്ണടകാലിലേക്ക് കാക്ക നീങ്ങിയിരിക്കുന്നു

അതിന്റെ ലെൻസിൽ
വലുതായിക്കാണിക്കും ശൂന്യത
അതിൽ കാക്ക,
മടക്കം കുറിക്കുന്നു

കറുപ്പിനെ
കൈയ്യടിച്ച് തിരിച്ചു വിളിക്കുന്നു
വിക്കിപ്പീഡിയയിലെ ഒരു ദൃശ്യം കടന്നുവരുന്നു

ദു:ഖങ്ങളിൽ വന്ന് മറവിതിരയുന്നു
കറുപ്പിന് മാത്രം മറവിബാധിക്കും
കാക്കകൾ

ദുഃഖത്തിന്റെ റിക്കവറിവെഹിക്കിളുകൾ
എന്ന് കവിതയിൽ

ചിത്രം പിറകിലേക്കിട്ട്
ക്യാമറകൾ കാക്കകളായി

നിരന്തരം ദുർഗ്രാഹ്യതയുടെ കാക്കകൾ കവിതയിൽ 

കാക്കകൾ 
മരണത്തിന്റെ റിക്കവറിവെഹിക്കിളുകൾ
എന്ന് കവിതയിൽ എഴുതി
മിണ്ടാതെയിരുന്നു

തെറ്റിദ്ധരിക്കരുത് പുഴക്ക് മുകളിലിപ്പോഴും പാലങ്ങളുടെ ചിത്രങ്ങൾ.

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!