Skip to main content

കുറച്ചു കവിതകൾ ആറ് മുറിച്ചു കടക്കുന്നു

1. ഒരു യാത്രയുടെ പാതി
 _______________________

വാതിലുകൾ കൊട്ടിയടച്ച്
ജനാലയിൽ കൂടി ഒരു വീട്
പുറത്തേയ്ക്കിറങ്ങുന്നു..

വിശക്കുന്ന വയറിന്റെ
ഒരറ്റം, പകുതി വിലയ്ക്ക്
തൂക്കിവിറ്റ്;
അകലെ പെയ്യുന്ന
ചാറ്റൽമഴയുടെ
ഒച്ച കീറി, ഒരു പകുതി
വിലപേശി വാങ്ങുന്നു..

പതിരാവടുപ്പിച്ചു;
ഇരിക്കാൻ ഇരിപ്പിടം ഇല്ലാത്ത,
മുത്തുകൾ കളഞ്ഞു പോയ,
ഒരു കൊലുസ്സിന്റെ-
കിലുക്കത്തിൽ തൂങ്ങിനിന്ന്,
യാത്ര ചെയ്തു.
ഇല്ലാത്ത വീട്ടിലേയ്ക്കുള്ള
വഴിയിൽ
നനഞ്ഞിറങ്ങുന്നു..

*************************



2.  കവിതയെ കുറിച്ച് ഒരു നാടകം
_____________________________
കവിതയെ കുറിച്ച്
ഒരു നാടകം നടക്കുന്നു

അരങ്ങിൽ മരങ്ങൾ

കസേര എന്ന അടയാളപ്പെടുത്തിയ വേരുകളിൽ
കാണികൾ

അവ മരങ്ങൾ അല്ല എന്ന് തിരിച്ചറിയുവാൻ
മനുഷ്യരെ പോലെ ചലിക്കുന്നു

തിരശ്ശീല കരിയില കൊണ്ട് തുന്നിയതാവും

കാറ്റിനേക്കാൾ നേർത്തതാവും

അതുയർത്തുവാൻ മറന്ന;
ഉറക്കം തൂങ്ങി-
 മുഖങ്ങളുണ്ടാവും

അഴിഞ്ഞു വീണ തിരശീലക്കിപ്പുറം,
ഉറക്കത്തിനിടയിൽ;
എല്ലാം കാണുന്നതായി കാണികൾ
അതിലും ഭംഗിയായി
അഭിനയിക്കുന്നുണ്ടാവും...
***************************



3.ആന ഒളിക്കുന്നു എഴുന്നെള്ളിക്കുന്ന  ഉത്സവത്തിന്‌ ഒരു സാറ്റ് വെയ്ക്കുന്നു
------------------------------------------------------------------------------------------------

ഓരോരുത്തരും സ്വയം എഴുന്നള്ളിക്കുന്ന
ഒരുത്സവത്തിന്റെ ഇടയിൽ നിന്നും
തിരക്കിൽ പ്പെട്ട്
നെറ്റിപ്പട്ടം കെട്ടിയ ഒരാന തിടമ്പിന്റെ പാട് ഉൾപ്പടെ
കാണാതെ പോകുന്നു..
പിന്നെ ഇരുട്ട് പോലും നെറ്റിപ്പട്ടം കെട്ടി
തിരയാനിറങ്ങുമ്പോൾ,
രണ്ടു കൊമ്പിന്റെ ഇടയിൽ, നാലു കാലിന്റെ അടിയിൽ;
ഒളിച്ചിരുന്നോരാന പയ്യെ ചങ്ങല അഴിച്ചുമാറ്റി
ഇറങ്ങി വരുന്നു..
നാളെ തെളിഞ്ഞേക്കാവുന്ന-
സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിന് ഇന്ന് രാത്രി,
ഒളിച്ചേ കണ്ടേ എന്നൊരു സാറ്റ് വെയ്ക്കുന്നു

****************************

4.പശുവിനെ കറന്നാൽ കിട്ടുന്ന വഴി
______________________________
പശുവിനെ കറന്നാൽ മാത്രം;
പാലിന് പകരം വഴി കിട്ടുന്ന.
ഒരു സാധാരണ ഗ്രാമത്തിലെ-
കാലില്ലാത്ത കർഷകനാണ് ഞാൻ.
ഞാനെന്റെ കാലുകൾ,
പാലിന് വേണ്ടി,
ഗ്രാമത്തിലെ മറ്റു-
കർഷകരെ പോലെ,
ജന്മിക്കു; പണയം വച്ചിരിക്കുന്നു ..
കൃഷിഭൂമി; ജന്മിക്കു-
ജന്മാവകാശം ആണെന്നുള്ള;
അലിഖിത ഭരണഘടനയുള്ള,
ഗ്രാമത്തിൽ നിന്ന്;
കാലില്ലാതെ പുറത്തു കടക്കാൻ മാത്രം,
അറുക്കാൻ കൊണ്ട്പോകുന്ന-
മാടുകളുമായി,
ഇവിടുത്തെ ഓരോ കർഷകനും,
ഗത്യന്തരമില്ലാതെ, തലകൾ പരസ്പരം;
വെച്ച് മാറുന്നു!
*********************************

5. ഒരു ചോദ്യം
____________________
ഒരു മീനോട്;
ഒരിക്കലും ചോദിയ്ക്കാൻ പാടില്ലാത്ത-
ഒരു ചോദ്യം,
വെള്ളത്തിൽ;
വെള്ളത്തിൽ കിടന്നു ഞാൻ ചോദിക്കുന്നു,
കിലോയ്ക്ക് എന്താ വില?
മീൻ കവിത എഴുതുകയായിരുന്നു..
എനിക്കതറിയില്ലായിരുന്നു
മീൻ എഴുത്ത് നിർത്തി..
ഒന്ന് പിടച്ചു;
പിന്നെ മരിച്ചു!

ജീവിച്ചിരിക്കുന്ന മീനിനു;
വിലയില്ല; എന്ന്-
ലളിതമായി പഠിപ്പിച്ചു.

ഒരു മഴ പെയ്യുന്നു..
മുള്ള് പോലും വെള്ളമാക്കി,
മീൻ; മഴയായി-
പുനർജനിക്കുന്നു

കവിത പൂർത്തിയാക്കാതെ,
ഒരു കവിയ്ക്കും മരിക്കാനാവില്ല..
വില ചോദിച്ചാൽ;
ജീവിച്ചിരിക്കാനും..
എന്ന് പഠിക്കുന്നു!
*******************************



6.വീണ്ടും മറ്റൊരു മഴ
____________________
എത്ര വല്യ മഴ;
തിമിർത്തു പെയ്യുമ്പോഴും;
പരസ്പരം നനയാതെ,
ഉടഞ്ഞു പോകാതെ,
ഓരോ മഴത്തുള്ളിയും-
പിടിക്കുന്ന കുടയുണ്ട്..

പരസ്പരം പാലിക്കുന്ന,
അകലത്തിന്റെ;
നേർത്ത കുട..

ആ കുട പിടിച്ചാണ്;
ഓരോ വഴക്കത്തും,
ഒരു മഴക്കീഴിൽ,
നമ്മൾ ഉടൽ ഉണക്കുന്നത്!

Comments

  1. പടിയാറും കടന്നവിടെച്ചെന്നപ്പോൾ
    കവിയാം ഭായിയെ കണ്ടൂ ഞാൻ.....

    മനോഹരമായ ഭാവനാഗതികൾ ബൈജുഭായ്. ഇഷ്ടം.


    ശുഭാശംസകൾ.......

    ReplyDelete
  2. ജീവിച്ചിരിക്കുന്ന മീനിനു;
    വിലയില്ല; എന്ന്-
    ലളിതമായി പഠിപ്പിച്ചു.
    എല്ലാംതന്നെ മനോഹരമായി
    ആശംസകള്‍

    ReplyDelete
  3. ഇത്തിരി കടുപ്പമാണല്ലോ ബൈജൂ

    ReplyDelete
  4. തലക്കെട്ട്‌ കലക്കി.

    നന്നായിട്ടുണ്ട്‌.

    ReplyDelete
  5. മഴയത്ത് ആനയും പശുവും മീനും
    കൂടി നാടകം കളിക്കുവാൻ യാത്ര പോയപ്പോൾ
    ആറ് മുറിച്ച് കടന്ന ആറു കവിതകൾ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!