Skip to main content

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം


തുമ്പിക്കും ശാന്തതക്കും വേണ്ടി
ഒരേ ആകാശം
വിവിധഭാവങ്ങളിൽ
പ്രവർത്തിക്കും വിധം
ഭാഷ കൂടെ 

ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു

അനക്കാത്തതിന്
എല്ലാ ചെറുവിരലുകളുടേയും
നിശ്ചലതയോട് കലഹിക്കുന്നു

പ്രതിഷേധചന്ദ്രൻ്റെ കല
മാനത്ത്
അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം
ചരിച്ച്

പ്രതിഷേധകല എന്ന വിധം
മാനത്ത് മുകളിൽ 
കലകളിൽ തുടരുന്ന
ചന്ദ്രൻ 

ചിലപ്പോൾ മാഞ്ഞ്
ചിലപ്പോൾ മങ്ങി
എന്ന് തുടർച്ചകൾ

നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല
കലയിൽ നിന്ന് അടർന്ന് മാറി 
അതിൻ്റെ 
പുന:ചരിവുകൾ

ചരിയുന്നതിൻ്റെ കല മാനത്ത് 
എന്ന് ഉറപ്പിക്കുന്നു

ചരിയുവാനുള്ള സ്വാതന്ത്ര്യം
സ്വതന്ത്ര ചരിവ്
കലകളുടെ മാനത്ത്
ഒരു ചരിവാകും സൂര്യൻ
ഒപ്പം സ്വാതന്ത്ര്യവും

ആൽബങ്ങളിൽ
ചരിവുകളുടെ കൂട്ടിവെപ്പ്
ഒരു ഒട്ടിച്ചുവെപ്പാവും കല
ചരിവുകളുടേത് മാത്രവും

ഒരു മുറി തേങ്ങയിൽ കൊള്ളുന്ന
ജീവിതം കല ചിരകിയെടുക്കുന്നു
ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ
ചരിവ് കലർത്തുന്നു

എടുത്തുകളയാൻ തൊട്ട വിരലിൽ
അന്തരീക്ഷത്തിൻ്റെ 
ചരിവുകളുടെ നാരുകൾ

ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള
നാരകങ്ങൾ
ഉടലിൽ വ്യത്യസ്ഥമൂക്കുകൾ
പരിശീലിക്കുന്നു

ഭയക്കുവാനുള്ള സ്വാതന്ത്ര്യത്തിന്
വേണ്ടിയാവണം,
ചെയ്ത യുദ്ധങ്ങൾ
മനുഷ്യർ കൂടുതൽ മനോഹരമായ
മോഹിപ്പിക്കുന്ന ഭയങ്ങളിൽ
കയറിനിൽക്കുന്നു

കലാപചന്ദ്രൻ്റെ കല മാനത്ത്
മാനമേ വിവിധകലകളുടെ തീരുമാനമേ
ഏറ്റവും മനോഹരമായ കനൽ
വീണ് പൊള്ളിയിടം എന്ന് കാലം, പകലുകൾ മാറ്റി പണിയുന്നു
കാലം സൂര്യനേ എടുത്തുവെക്കുന്നു

സംശയങ്ങളുടെ 
പുന:സ്ഥാപനമാകണം സൂര്യൻ

നിശ്ചലതയോട് ചേർന്ന്
ചരിഞ്ഞ്
നൃത്തം വെച്ച് പ്രതിഷേധിക്കുന്നു

ശിവൻ താണ്ഡവങ്ങളുടെ ആൽബമാകുന്നിടത്ത്
നടരാജ വിഗ്രഹങ്ങളുടെ ഒഴുക്ക്
നിശ്ചലതയിൽ പൊതിഞ്ഞ് 
എടുത്ത് സൂക്ഷിക്കുന്നു.

വിഗ്രഹങ്ങൾ കൊണ്ട്
പൊതിയിട്ട ദൈവങ്ങളേ
കാലം ഉടച്ചുവാർക്കുന്നിടത്ത്

കലഹങ്ങളുടെ ആൽബമുണ്ടാക്കുന്നു
ഏറ്റവും അവസാനത്തെ കലഹം
ഉടലിനോട് ചേർത്ത് ചരിച്ച് ഒട്ടിച്ചു വെക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

മേഘത്തഴമ്പുള്ള വാങ്ക്

വാങ്കിന്റെ തൂവലിന് താഴെ പറന്നുവന്ന് തങ്ങിയിരിക്കും അമ്പളിക്കല ഭാരത്തിന് താഴെ ഒരു തൂവലാവും നിസ്ക്കാരം ഭ്രമണത്തഴമ്പുള്ള ഭൂമി മിനാരത്തൂവലുള്ള പള്ളി വിരൽമടക്കുകൾ നിസ്ക്കാരപ്പായ. മഴ വകഞ്ഞ്നിസ്ക്കരിക്കും ഒരു മഴത്തുള്ളി  ഭ്രമണനിസ്ക്കാരം മഴത്തുള്ളിത്തഴമ്പ് മഴ അതിന്റെ മിനാരങ്ങളുള്ള പളളി കല നിലത്തിട്ട്, കലയിൽ നിസ്ക്കരിക്കും ചന്ദ്രൻ കലയുടെ നിസ്ക്കാരപ്പായ വാക്ക് ഒരു ഭാഷയുടേതും എന്ന്, വാങ്ക് വരയും ചിത്രം ഒരു തുള്ളി നിസ്ക്കാരത്തഴമ്പ് മഴത്തുള്ളിപ്പായ വാങ്കിന്റെ തഴമ്പുള്ള കാറ്റ് നിശ്ശബ്ദതയുടെ തുഞ്ചത്ത് ചെന്ന്, വിരിയും വാങ്കിന്റെ പൂവ്  മിനാരത്തിന്നരികിൽ  വിസ്മയത്തിന്റെ വള്ളിച്ചെടിയാവും മിനാരത്തഴമ്പുള്ള പള്ളി മിനാരഗന്ധി പറക്കുന്നതിന്റെ അറ്റത്ത് ചെന്ന് കിളിവിരിയുമ്പോലെ വാങ്കിന്റെ അറ്റത്ത് ചെന്ന് ഒരു നിസ്ക്കാരം വിരിയുന്നു മേഘനിർവൃതി!

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...