Skip to main content

മരിച്ച മഴയുടെ അസ്ഥി

പിണങ്ങി  കഴിഞ്ഞാൽ
പുഴയിൽ  നിന്നും
ആഴം  കയറി
കരയ്ക്കിരിക്കും
ആരെങ്കിലും  മണലെന്നു ചെന്ന്
വിളിക്കുവോളം
 
വിളിച്ചില്ലെങ്കിലോ
മരിച്ച മഴയെ ആഴത്തിൽ
 അടക്കിയ
ചിതപോലെ കത്തുന്ന
 ചുവപ്പ് കുത്തിയൊലിക്കുന്ന
പുഴയിൽ നിന്നും
വെള്ളം പോലെ
എടുത്തു വെച്ച
മരിച്ച മഴയുടെ അസ്ഥി
ഒഴുക്കെന്ന കർമങ്ങൾ
 വഴിപോലെ ചെയ്ത്
കടലോളം ചെന്ന്
കഴുത്തോളം വെള്ളത്തിൽ
മുങ്ങിക്കുളിച്ചു
നിമജ്ജനം ചെയ്യും


പിന്നെ കടലിൽ നിന്ന് പിടിച്ച
പിടയ്ക്കുന്ന മീനിന്റെ അസ്ഥി
 കൊന്നു തിന്ന ശേഷം
ക്രൂരത  കൂർപ്പിച്ച്
മുള്ളെന്നു ചൊല്ലി
കരയിൽ തന്നെ
തള്ളുന്ന
മനുഷ്യന്റെ  മുഖത്തേയ്ക്കു
തിരയുടെ ഭാഷയിൽ ആട്ടി
ഒന്നു നീട്ടി തുപ്പും 

Comments

  1. അതെ മരിച്ച മഴയ്ക്കും ഒഴുക്കുവാൻ ഒരു അസ്ഥിയുണ്ട്
    പുഴയെന്ന അസ്ഥികൂടമുണ്ട്‌ നമ്മൾ ബാക്കി വയ്ക്കുന്നുണ്ട്‌ നാളത്തെ മനുഷ്യർക്ക്‌

    ReplyDelete
  2. തിരയുടെ ഭാഷയിൽ ആട്ടി
    ഒന്നു നീട്ടി തുപ്പും .......
    എന്നാലും മനുഷ്യന്‍ പഠിക്കുമോ?!!
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  3. കടലിൽ നിന്ന് പിടിച്ച
    പിടയ്ക്കുന്ന മീനിന്റെ അസ്ഥി
    കൊന്നു തിന്ന ശേഷം
    ക്രൂരത കൂർപ്പിച്ച്
    മുള്ളെന്നു ചൊല്ലി
    കരയിൽ തന്നെ
    തള്ളുന്ന
    മനുഷ്യന്റെ മുഖത്തേയ്ക്കു
    തിരയുടെ ഭാഷയിൽ ആട്ടി
    ഒന്നു നീട്ടി തുപ്പും

    ReplyDelete
  4. പുഴതന്നെ ഒരു മഴയാകുമ്പോൾ മഴയുടെ അസ്ഥി നാമെവിടെ ഒഴുക്കും ബൈജൂ ! ഗതികിട്ടാതെപോകുന്ന മഴയുടെ പരേതർ, അല്ലേ ??

    ReplyDelete
  5. കവിത വായിച്ചു കഴിയുമ്പോള്‍ .... ശെരിക്കും....ഒരു നിശ്വാസം!
    നല്ല വരികള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!