Skip to main content

ആസ്വദിക്കുവാൻ ആകും വിധം ദൈവീകത

 വന്ന് വന്ന് ലോകം 

കലാകാരന്മാരുടെ  

കലാകാരികളുടെ

പരാതിപ്പെട്ടിയായി മാറി എന്ന് 

നിരന്തരം സങ്കടപ്പെടുന്ന ദൈവത്തിനെ

പുകവലിക്ക് മുമ്പിലേക്ക് കൊളുത്തി

ഒരു പുകയിലേക്ക് പകർത്തി

കെടുത്തുന്ന വെളിച്ചത്തിൽ കണ്ടെത്തുന്ന മനുഷ്യനുണ്ടായിരുന്നു


ദൈവം ഒരു കലാകാരനാൽ

കൊല്ലപ്പെടും എന്ന് അയാൾ 

ഉറച്ച് വിശ്വസിച്ചു

അതിനാൽ അയാൾ കലാകാരനായില്ല

എന്ന് ഞാനും വിശ്വസിച്ചു


എനിക്ക് അയാളുടെ കെടുത്തുനാടകങ്ങളിൽ

എരിയുന്ന വേഷം


ഇതിനോടകം തന്നെ ദൈവം

കൊല്ലപ്പെട്ടിട്ടുണ്ടാകുമോ

എന്ന സംശയം

എനിക്കോ അയാൾക്കോ ഇടയിൽ കലയാവുന്നില്ല

കാണിയും


വിരിയുവാൻ പോയ ഒരു പൂവിനെ

ചവിട്ടിക്കെടുത്തിയ കാൽ

ദൈവം കൊണ്ട് നടക്കുന്നു എന്ന്

അയാൾ കരുതുന്നു

ഞാനും ദൈവവും 

ആ കരുതലിനൊപ്പം നടക്കുന്നു


നടക്കുവാനും കെടുത്തുവാനും

ഒരേ കാലുകൾ ഉപയോഗിക്കുന്ന

മനുഷ്യരെ ദൈവത്തിൻ്റെ കലകൾ അതിശയത്തോടെ നോക്കിനിൽക്കുന്നു


അതേ കാൽ 

അതേ കെടുത്തുകാലിൻ്റെ പകർപ്പ്

ചെരുപ്പുകൾക്കുള്ളിൽ വെച്ചടച്ച്

നടത്തങ്ങളിൽ അയാൾ കരുതിയിരുന്നു

വെറുതെ


അപ്പോൾ അയാൾ 

ഉടൽ നടത്തങ്ങളിലേക്ക് പടരും വള്ളിച്ചെടി എന്ന് കരുതും ദൈവം

കൂടെ പടരും ദൈവവും


കാലുകൾ പക്ഷികളാകുന്നില്ലെങ്കിൽ

ചെരുപ്പുകൾ പക്ഷിക്കൂടുകൾ

എന്ന് ഞാൻ അപ്പോഴും കാലുകളെ പറഞ്ഞുപഠിപ്പിച്ചു


ഞാൻ പറക്കാത്ത കിളി എന്ന് കാലുകളെ

അഭിസംബോധന ചെയ്യുമ്പോഴെല്ലാം

കാലടികൾ, നൃത്തം എഴുതിപ്പഠിക്കും

സ്ലേറ്റുകളായി


എത്രയോ കിളികൾ  

ഒരുമിച്ച് പറക്കുമ്പോൾ രൂപപ്പെടും ഓളങ്ങളിൽ

നീലനിറം കൂട്ടിവെച്ച ആകാശം

ഇളംനീലനിറങ്ങളിൽ 

ദൈവത്തിൻ്റെ കാലിൽ ചെന്ന് തട്ടുന്നു

ഓളങ്ങൾ പക്ഷിക്കൂടുകൾ എന്ന് 

ഉലയും ദൈവം


ദൈവം സമൂഹങ്ങളിലേക്ക്

കാലിട്ടിരിക്കുന്നു

മീനുകൾ പോലെ മതങ്ങൾ

ദൈവത്തിൻ്റെ കാലുകളിൽ വന്ന് കൊത്തുന്നു


ദൈവം സമൂഹങ്ങളിലേക്ക് വന്ന്  

എത്തിനോക്കുമ്പോഴെല്ലാം

ദൈവം കാലുയർത്തുന്നു

ദൈവം കൈയ്യുകൾ ഉയർത്തുന്നു

ഉടലിൻ്റെ കൈയ്യുറയിട്ട് ദൈവം

മതങ്ങൾക്ക് 

മനുഷ്യർക്ക് തീറ്റയിട്ട് കൊടുക്കുന്നു


മനുഷ്യരുടെ കാലുകൾ നടത്തങ്ങളിൽ

തുടരുമ്പോഴും 

തലകൾ മതങ്ങളിൽ പ്രത്യയശാസ്‌ത്രങ്ങളിൽ അന്ധമായി തുടരുന്നു

ഊർജ്ജശാസ്‌ത്രത്തിലെ ജഡത്വം

എന്ന് യുക്തിവാദിയാകും ദൈവം


കഥയറിയാതെ ആട്ടം കാണുന്ന

ഒരു സഹോദരൻ എല്ലാക്കാലത്തും

എല്ലാ സമൂഹങ്ങളിലും എല്ലാ മതങ്ങളിലും ഉണ്ടായിരുന്നല്ലോ


അയാൾ എന്ത് ചെയ്യുന്നു

എന്ന് ദൈവം ചോദിക്കും

എന്ന് ഞാൻ ഭയക്കുന്നു


കഥയറിയാത്തവരിൽ നിന്നും ദൈവം

ആട്ടം തട്ടിപ്പറിച്ചോടുന്നു


അടക്കങ്ങളിൽ ദൈവം

ഒരു കഥാകാരിയുടെ പരാതിയായി

മാറുന്നു

എന്തൊരു ഭ്രാന്തനാടോ താൻ

എന്നതിശയിക്കുന്ന ദൈവത്തിനേ അവൾ കൂടെ കൊണ്ട് നടക്കുന്നു


കവിതയെഴുതുന്നു എന്ന ഉത്തരം

ഞാൻ രാകിയെടുക്കുമ്പോഴും

ആദ്യകാല റിബലാകും ദൈവം

ദൈവത്തെ മെരുക്കുവാൻ പോകും

ഞാനെന്ന വാക്ക് അവളുടെ മെരുക്കുഉടലിൽ കുരുങ്ങി

മടങ്ങുന്നു


കാലങ്ങളിൽ കലകളിൽ

ദൈവത്തിൻ്റെ മെരുക്കു ഉടലാവും

മനുഷ്യൻ


തൻ്റെ മനുഷ്യത്വം,

തിരിഞ്ഞ് നിൽക്കുന്ന മനുഷ്യൻ്റെ ചുമലിലാണെന്ന്

ദൈവം കരുതുന്നു

മതങ്ങളുടെ ഏലസ്സയിൽ

ദൈവം ഇപ്പോൾ ഏറ്റിവിടുന്ന ഒരു വാക്ക്


കുരുവികളും മനുഷ്യരും 

ഒരേ ദിശയിൽ പറക്കുന്ന ഇടങ്ങളിൽ

നിറങ്ങളിൽ 

മനുഷ്യൻ്റെയും കുരുവികളുടേയും കാലുകൾ തമ്മിൽ

കുരുങ്ങുന്ന ഇടനാഴികളിൽ

ദൈവം കുരുവികളുടെ ഉടക്കറുക്കുന്നു

മനുഷ്യരെ ഇരുത്തങ്ങളിൽ ചീകിക്കെട്ടിവെക്കുന്നു


കുരുവികളേയും ആകാശത്തേയും

ആസ്വദിക്കുവാൻ വരട്ടെ,

നിഷ്‌ക്കളങ്കതയുടെ ഇന്ധനമുള്ള

വാഹനമേ

എന്ന സമൂഹത്തോടുള്ള 

എൻ്റെ പരിഹാസം

ദൈവത്തിനത്ര ഇഷ്ടപ്പെട്ടിട്ടില്ല

എന്ന് തോന്നുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ